ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കം
text_fieldsമസ്കത്ത്: ഒമാനിൽ ഇന്ത്യയുടെ വൈവിധ്യ സംസ്കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്താനായി ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി. ഫെബ്രുവരി അഞ്ചുവരെ സുൽത്താനേറ്റിലുള്ള ലുലു ഔട്ട്ലെറ്റുകളിൽ കാമ്പയിൻ നടക്കും. ഭക്ഷണം, പലചരക്ക്, ലൈഫ്സ്റ്റൈൽ, ഫാഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും മികച്ച ഇന്ത്യൻ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ഇതിലൂടെ അനുഭവിച്ചറിയാനാവും. കാമ്പയിൻ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു.
ലുലുവിലെ ‘ഇന്ത്യ ഉത്സവ്’ വാർഷിക പരിപാടിയായി മാറിയെന്നും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇത്രയധികം പ്രാധാന്യം നൽകുന്നതിൽ സന്തോഷമുണ്ടെന്നും അംബാസഡർ പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യക്കും അതിന്റെ ഉൽപന്നങ്ങൾക്കും വർധിച്ചുവരുന്ന സ്വീകാര്യത സുൽത്താനേറ്റിൽപോലും പ്രതിഫലിക്കുന്നുണ്ട്. അതാണ് ലുലുവിലെ ‘ഇന്ത്യ ഉത്സവ്’ വാർഷിക പരിപാടിയായതെന്നും അദ്ദേഹം പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി മികച്ച ഓഫറുകൾ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ളവർക്ക് ഇന്ത്യൻ കരകൗശല വസ്തുക്കൾ, പ്രാദേശിക പാചകരീതികൾ, ലഘുഭക്ഷണങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക സ്റ്റാളുകളും സ്ഥാപിച്ചിട്ടുണ്ട്. തത്സമയ പാചക പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സൗന്ദര്യവും ആത്മാവും അനുഭവിക്കാനുള്ള അവസരമാണ് ഇന്ത്യഉത്സവെന്ന് ഒമാൻ ലുലു ഹൈപ്പർമാർക്കറ്റ്സ് റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ഇന്ത്യൻ ഉൽപന്നങ്ങൾ, പാചകങ്ങൾ, സാംസ്കാരിക കാഴ്ചകൾ എന്നിവ ആസ്വാദിക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.