ഇന്ത്യൻ വലിയ ഉള്ളി വിപണിയിലെത്തുന്നു; വില കുറയും
text_fieldsമസ്കത്ത്: കഴിഞ്ഞ രണ്ട് മാസത്തിനു ശേഷം ഒമാൻ വിപണിയിൽ ഇന്ത്യൻ വലിയ ഉള്ളി വീണ്ടും സുലഭമാവുന്നു. ഇന്ത്യയിൽ നിന്നുള്ള ഉള്ളികൾ ഉടൻ മാർക്കറ്റിലെത്തും. ഇതോടെ വില കുറയുകയും ചെയ്യും. നിലവിൽ ചൈന, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഉള്ളിയാണ് വിപണിയിലുള്ളത്. എന്നാൽ, ഗുണ നിലവാരത്തിൽ ഏറ്റവും മികച്ചതാണ് ഇന്ത്യൻ ഉള്ളികൾ. അതിനാൽ ഉപഭോക്താക്കൾ പൊതുവെ ഇന്ത്യൻ ഉള്ളികളാണ് വാങ്ങുക. ഗുണനിലവാരത്തിൽ രണ്ടാം സ്ഥാനം പാകിസ്താൻ ഉള്ളിക്കാണ്. ചൈന, തുർകിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉള്ളികൾ പൊതുവെ ഉപഭോക്താക്കൾ ഇഷ്ടപ്പെടാറില്ല. ഈ ഉള്ളികളിൽ ജലാംശം കൂടുതലായതിനാൽ ചില ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിൽ പ്രയാസം ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് ഉപഭോക്താക്കൾ ഇവക്ക് മുൻഗണന നൽകാത്തത്.
ഇന്ത്യയിലെ കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം ഇന്ത്യൻ വിപണിയിൽ ഉള്ളിക്ക് ക്ഷാമം അനുഭവപ്പെട്ടിരുന്നതായും അത് ഇന്ത്യയിൽ ഉള്ളി വില വർധിക്കാൻ കാരണമായതായും നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ ‘ഗൾഫ് മാധ്യമ’ ത്തോടെ പറഞ്ഞു. ഉള്ളി വില പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി കയറ്റു മതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 40 ശതമാനം കയറ്റു മതി നികുതി ചുമത്തികൊണ്ടാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. അതോടൊപ്പം ഗുണ നിലവാരമുള്ള ഉളളികൾ ലഭിക്കാത്തതും കാരണം കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഇന്ത്യയിൽ നിന്നുള്ള ഉള്ളികൾ വിപണിയിൽ കാര്യമായി ഉണ്ടായിരുന്നുമില്ല. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി ചൈന, തുർക്കിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളിയാണ് വിപണിയിലുണ്ടായിരുന്നത്. എന്നാൽ, മൂന്ന് ദിവസം മുമ്പ് പാകിസ്താൻ ഉളളി വിപണിയിലെത്തിയിരുന്നു. എന്നാൽ, ഇത് ആദ്യ വിള ആയതിനാൽ ചെറിയ ഉള്ളികളാണ്. ഇന്ത്യൻ ഉള്ളി വിപണിയിലെത്തുന്നയോടെ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ മുംബൈ അടക്കമുള്ള മേഖലയിൽ പെയ്ത കനത്ത മഴ ഉള്ളി കർഷകരെ പ്രതികൂലമായി ബാധിച്ചിരുന്നു. വിപണിലയക്കാൻ സുക്ഷിച്ച് വെച്ചിരുന്ന ഉള്ളികൾ നശിച്ച് പോയിരുന്നു. ഇത് കാരണം ഇന്ത്യയിലും ഉള്ള വില 80 രൂപയിൽ അധികമായി ഉയർന്നിരുന്നു. പഴയ സ്റ്റോക്കും മറ്റും മാർക്കറ്റിലിറക്കിയാണ് വില പിടിച്ചു നിർത്തിയത്. പുതിയ വിളവെടുപ്പ് അടുത്തിടെ നടന്നിരുന്നു. ഈ ഉള്ളികളാണ് ഇപ്പോൾ ഒമാൻ മാർക്കറ്റിലേക്ക് എത്തുന്നത്. പുതിയ ഉള്ളി ഏതാനും ദിവസങ്ങൾക്കുള്ളിൽ വിപണിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.