ബർക്കയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ; ബി.ഒ.ഡി ചെയർമാന് ഭീമഹരജിയുമായി രക്ഷിതാക്കൾ
text_fieldsമസ്കത്ത്: ബർക്കയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കത്തിന് ഭീമഹരജിയുമായി രക്ഷിതാക്കൾ. ഇവിടത്തെ ഇന്ത്യൻ സമൂഹത്തിന്റെ ചിരകാല ആവശ്യമായിരുന്നു ബർക്കയിൽ ഒരു ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ.
ഇതിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടഴ്സ് നടപടി ക്രമങ്ങൾ വളരെ മുമ്പേ ആരംഭിച്ചെങ്കിലും ബിൽഡിങ് ഏറ്റടുക്കലുമായി ബന്ധപ്പെട്ടുണ്ടായ നിയമനടപടികൾ കാരണം സ്കൂൾ എന്ന സ്വപ്നം അനന്തമായി നീണ്ടുപോവുകയായിരുന്നു. സമീപകാലത്ത് വിഷയവുമായി സംബന്ധിച്ചുണ്ടായ കോടതി വിധികൾ ബർക്കയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ എന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കുമോ ആശങ്കയുടെ പശ്ചാത്തലത്തിലാണ് രക്ഷിതാക്കൾ ചെയർമാന് നിവേദനം നൽകിയത്.
സ്കൂൾ കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥയിൽനിന്ന് പിന്മാറിയതിനെ തുടർന്ന് ഇന്ത്യൻ സ്കൂൾ ബോർഡിന് ഒമാൻ കോടതി ചുമത്തിയ ഭീമമായ പിഴയാണ് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നത്. 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയടക്കാനാണ് അഞ്ച് മാസം മുമ്പ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് ഘട്ടം ഘട്ടമായി അടച്ച് തീർക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്.
ഇതിൽ ആദ്യഘട്ട തുക ഇതിനകം അടച്ചതായാണ് അറിയാൻ കഴിയുന്നത്. ബര്‍കയിൽ സ്കൂള്‍ ആരംഭിക്കുന്നതിന് 2015ലാണ് സ്കൂള്‍ ബോര്‍ഡ് ഉടമയുമായി കരാര്‍ ഒപ്പിടുന്നത്. അല്‍ ജനീന പ്രദേശത്ത് സ്കൂൾ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതായിരുന്നു കരാറിൽ ഉൾപ്പെട്ടിരുന്നത്. ഇതനുസരിച്ച് നിർമാണ പ്രവൃത്തികളും മറ്റും പൂർത്തിയാക്കിയെങ്കിലും ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് പിന്മാറുകയായിരുന്നു. ഇതോടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചു.
വർഷങ്ങൾ നീണ്ട നിയമ വ്യവഹാരത്തിനുശേഷമാണ് കോടതി വിധി വരുന്നത്. കേസ് ചെലവുകളും നല്‍കേണ്ടതുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന ബർക്കമേഖല ഒമാനിലെ തന്നെ ഏറ്റവും വളർച്ച കൈവരിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. നിലവിൽ മൊബേല , മുലദ്ദ, സീബ് സ്കൂളുകളെയാണ് കുട്ടികളുടെ പഠനത്തിനായി ബർക്കയിലെ രക്ഷിതാക്കൾ ആശ്രയിക്കുന്നത്. ബർക്കയുടെ പരിസരത്ത് നഖൽ ഉൾപ്പെടെ പല ഉൾമേഖലകളിലും വലിയ തോതിൽ ഇന്ത്യൻ സമൂഹം പാർക്കുന്നുണ്ട്.
ബർക്കയിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വന്നാൽ കുട്ടികളെ നാട്ടിൽനിന്നും ഇങ്ങോട്ട് കൊണ്ടുവരാൻ സാധിക്കുമെന്ന നിരവധി ഇന്ത്യക്കാരുടെ കൂടി സ്വപ്നമാണ് സാക്ഷാത്കരിക്കാതെ അനന്തമായി നീളുന്നത്.
രക്ഷിതാക്കളുടെ ആവിശ്യം ഗൗരവപരമായി തന്നെ പരിഗണിക്കുന്നതായി ബി.ഒ.ഡി ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം, വൈസ് ചെയർമാൻ സൈദ് സൽമാൻ എന്നിവർ ഉറപ്പു നൽകി. ബർക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി രക്ഷകർത്തസമൂഹത്തിന്റെ പ്രതിനിധികളായി വേണുഗോപാൽ, നവാസ്, ജഹാൻഗീർ , അരുൺ, ബിപിൻ ദാസ് , പ്രമോദ് എന്നിവരാണ് ബോർഡ് ഭാരവാഹികളുമായി കൂടിക്കാഴ്ചക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.