മസ്കത്ത് ഇന്ത്യൻ എംബസി ഐ.ടി.ഇ.സി ദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സാങ്കേതിക-സാമ്പത്തിക സഹകരണ (ഐ.ടി.ഇ.സി) ദിനം ആഘോഷിച്ചു. മുൻവർഷങ്ങളിൽ ഐ.ടി.ഇ.സി പ്രോഗ്രാമിനു കീഴിൽ ഇന്ത്യയിൽ നടന്ന വിവിധ പരിശീലന കോഴ്സുകളിൽ പങ്കെടുത്ത വിവിധ മേഖലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രഫഷനലുകളും അടങ്ങുന്ന ഒമാനിൽ നിന്നുള്ള പൂർവ വിദ്യാർഥികൾ ഉൾപ്പെടെ 150 ഓളംപേർ ചടങ്ങിൽ പങ്കെടുത്തു.
ഒമാൻ തൊഴിൽ മന്ത്രി ഡോ.മഹാദ് ബിൻ സഈദ് ബിൻ അലി ബാവോയ്ൻ മുഖ്യാതിഥിയായി. നിരവധി ഒമാനി ഉദ്യോഗസ്ഥർ ഐ.ടി.ഇ.സി കോഴ്സുകളിൽ സജീവമായി പങ്കെടുക്കുന്നതിനാൽ ഇവിടെ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങ് പറഞ്ഞു. ഐ.ടി.ഇ.സി പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പിന്തുണ നൽകിയതിനു തൊഴിൽ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഒമാനിലെ മറ്റ് പ്രസക്തമായ മന്ത്രാലയങ്ങൾ, സംഘടനകൾ എന്നിവരെ അംബാസഡർ അഭിനന്ദിച്ചു.
സുൽത്താൻ ഇന്ത്യയിലേക്കു അടുത്തിടെ നടത്തിയ സന്ദർശനം ശേഷി വർധിപ്പിക്കൽ, പരിശീലനം, നൈപുണ്യ വർധന എന്നിവയിൽ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ‘ഒമാൻ വിഷൻ 2040’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഒമാന്റെ യാത്രയിൽ ഇന്ത്യ പ്രധാന പങ്കാളിയാണ്. ഇതിനായി ഇന്ത്യ ഗവൺമെന്റിന്റെ ഐ.ടി.ഇ.സി പ്രോഗ്രാമിന് ഒരു പ്രധാന സഹായിയാകാൻ കഴിയും. പ്രത്യേക പരിശീലനം, മാനവ വിഭവശേഷി വികസനം, നൈപുണ്യ വികസനം എന്നിവ ഈ യാത്രയുടെ അവിഭാജ്യ ഘടകമാണ്. അതിനായി ഐ.ടി.ഇ.സി ഒരു മികച്ച പ്ലാറ്റ്ഫോമാണ്. ഒമാനി ഉദ്യോഗാർഥികൾക്കായി അവരുടെ താൽപര്യമുള്ള മേഖലകളിൽ പ്രത്യേകം കോഴ്സുകൾ ഒരുക്കാവുന്നതാണെന്നും അംബാസഡർ പറഞ്ഞു.
ഐ.ടി.ഇ.സി ഈ പ്രോഗ്രാമിന് കീഴിൽ ഇന്ത്യയിൽ പരിശീലനം നേടിയ പൂർവ വിദ്യാർഥികളുടെ ഒത്തുചേരലിനുകൂടി വേദിയാകുന്നതായി എംബസിയിൽ നടന്ന പരിപാടി. അറിവും വൈദഗ്ധ്യവും നൽകുന്നതിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ട്രെയിനികളുമായി സംവദിക്കാനും ഇന്ത്യയെയും അതിന്റെ സംസ്കാരത്തെയും പാരമ്പര്യങ്ങളെ കൂടുതലറിയാനും അവസരം നൽകുന്നതിൽ ഐ.ടി.ഇ.സി കോഴ്സുകൾ സുപ്രാധാന പങ്കാണ് വഹിക്കുന്നതന്നും അവർ പറഞ്ഞു. ചടങ്ങിൽ പ്രഗത്ഭ കലാകാരി ജുംപാ ചക്രവർത്തിയും വിദ്യാർഥികളും ചേർന്ന് കഥക് നൃത്തവും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.