നാശം വിതച്ച മേഖലകൾ ഇന്ത്യൻ എംബസി പ്രതിനിധികൾ സന്ദർശിച്ചു
text_fieldsകാബൂറ: ഷഹീൻ ചുഴലിക്കാറ്റും മഴയും കനത്ത നാശം വിതച്ച ബാത്തിന മേഖലയിലെ സുവൈഖ്, ഖദ്റ, ബിദ്യ, ഖാബൂറ എന്നീ മേഖലകൾ ഇന്ത്യൻ എംബസി പ്രതിനിധികൾ ബുധനാഴ്ച സന്ദർശിച്ചു. നാലുപേർ അടങ്ങുന്ന എംബസി സംഘത്തോടൊപ്പം അതത് പ്രദേശങ്ങളിലെ സാമൂഹിക പ്രവർത്തകരും ഉണ്ടായിരുന്നു. നാശം ഏറെ ബാധിച്ച വീടുകളും തകർന്ന കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും പ്രതിനിധികൾ നോക്കിക്കണ്ടു. ഭക്ഷണസാധനങ്ങൾ, നഷ്ടപരിഹാരം, വീടും കടകളും ശുചീകരിക്കാനുള്ള സഹായം, വൈദ്യുതിയുടെ പുനഃസ്ഥാപനം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ എംബസി അധികൃതർക്ക് മുന്നിൽ ഉന്നയിച്ചു. പാസ്പോർട്ട് നഷ്ടപ്പെട്ടവരും ഭാഗികമായി വെള്ളം നനഞ്ഞു കേടുവന്നവരും പരാതിയുമായി രംഗത്തെത്തി.
ഫീസ് ഈടാക്കാതെ പാസ്പോർട്ട് നൽകണമെന്ന തെൻറ ആവശ്യം അനുഭാവപൂർവം പരിഗണിച്ചതായി ഖാബൂറയിലെ സാമൂഹിക പ്രവർത്തകൻ രാമചന്ദ്രൻ താനൂർ മാധ്യമത്തോട് പറഞ്ഞു. തകർന്ന റോഡുകളും കെട്ടിടങ്ങളും പാർപ്പിട കേന്ദ്രങ്ങളും കടകളും സന്ദർശിച്ച ശേഷം മൂന്നുമണിയോടെ എംബസി അധികൃതർ മടങ്ങി. ഉന്നയിച്ച എല്ലാകാര്യങ്ങൾക്കും പരിഹാരമുണ്ടാക്കാം എന്നുള്ള ഉറപ്പ് ലഭിച്ചതായി രാജേഷ് പറഞ്ഞു. ഭക്ഷണവും മാറിയുടുക്കാൻ വസ്ത്രങ്ങളുമാണ് അത്യാവശ്യം. നിരവധി സാമൂഹിക സംഘടനകൾ ഭക്ഷണവും വെള്ളവുമായി മേഖലയിൽ ചെല്ലുന്നുണ്ട്. ചളിയിൽ അമർന്ന വാഹനങ്ങൾ പുറത്തെടുക്കാനും അറ്റകുറ്റപ്പണിക്കും ദിവസങ്ങളുടെ പ്രയത്നം വേണ്ടിവരും. മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ റോഡും സ്ഥലങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കൽ തുടരുകയാണ്.
നഷ്ടപ്പെട്ടത് തേടിപ്പിടിക്കാനാകാതെ...
കാബൂറ: ഒരു രാത്രി വെളുക്കുമ്പോഴേക്കും നഷ്ടമായത് പാസ്പോർട്ട് അടക്കം വിലപിടിപ്പുള്ള രേഖകൾ. നനഞ്ഞുകുതിർന്നു പേജുകൾ ഇളകിയ പാസ്പോർട്ടുമായി താനൂർ സ്വദേശി കുന്നുമ്മൽ വിജയൻ എംബസി അധികൃതരുടെ മുന്നിലെത്തുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു. ഇങ്ങനെ നിരവധി പേരുടെ പാസ്പോർട്ടുകളാണ് വെള്ളം കയറി ഭാഗികമായോ പൂർണമായോ നശിച്ചിരിക്കുന്നത്. കമ്പനിയിൽ സൂക്ഷിച്ച മലയാളികളുടേതടക്കം നിരവധി പാസ്പോർട്ടും മറ്റു രേഖകളുമാണ് നഷ്ടമായത്. തിരിച്ചറിയൽ, എ.ടി.എം കാർഡുകൾ, പഴ്സ്, പണം, സർട്ടിഫിക്കറ്റുകൾ.. ഇങ്ങനെ വെള്ളം കയറി നശിച്ചതിൽ നിരവധി രേഖകൾപെടും. കുടുംബങ്ങളുടെ പാസ്പോർട്ടും അനുബന്ധ രേഖകളും സ്കൂൾ സർട്ടിഫിക്കറ്റും വിവാഹരേഖകളും എല്ലാം ഒന്നിൽനിന്ന് തുടങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.