ഇന്ത്യൻ നേവി ചീഫ് ദുഖമിലെ സേനാംഗങ്ങളെ സന്ദർശിച്ചു
text_fieldsമസ്കത്ത്: ഒമാൻ സന്ദർശിക്കുന്ന ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ ആർ. ഹരികുമാർ ദുഖമിലെ ഐ.എൻ.എസ് ത്രികാന്ത് കപ്പലിലെ നാവിക സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ കടൽക്കൊള്ള തടയുന്നതിന് സംയുക്ത സംരംഭങ്ങളുടെ ഭാഗമായാണ് ഐ.എൻ.എസ് ത്രികാന്ത് ദുഖമിൽ പ്രവർത്തിക്കുന്നത്. ദുഖം തുറമുഖത്തെ വിവിധ സംവിധാനങ്ങളും സന്നാഹങ്ങളും നേവി ചീഫ് സന്ദർശിച്ചു. കപ്പൽ നങ്കൂരമിടുന്നതിനും അറ്റകുറ്റപ്പണികൾക്കും തുറമുഖത്ത് ഒരുക്കിയ സംവിധാനങ്ങളും അദ്ദേഹം വീക്ഷിച്ചു.
മൂന്നുദിവസത്തെ ഒമാൻ സന്ദർശനത്തിനെത്തിയ നേവി ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന് വിവിധ തലങ്ങളിലെ കൂടിക്കാഴ്ചകളും നടത്തി. നേരത്തെ ഒമാന്റെ സായുധസേന മ്യൂസിയവും അദ്ദേഹം സന്ദർശിച്ചിരുന്നു. റോയൽ ഓഫിസ് മന്ത്രി ജന. സുൽത്താൽ മുഹമ്മദ് അൽ നുഐമി, ഒമാൻ അക്കാദമി ഫോർ സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് സ്റ്റഡീസ് ചെയർമാൻ ഹാമിദ് അഹ്മദ് സക്റൂൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ബുധനാഴ്ച സന്ദർശനം അവസാനിപ്പിച്ച് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.