ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷം
text_fieldsമസ്കത്ത്: 75 -ാമത് ഇന്ത്യൻ സ്വാതന്ത്ര്യ വാർഷിക ദിനം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ ചാപ്റ്റർ പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു. ഓൺലൈനിൽ നടന്ന ആഘോഷ പരിപാടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഗ്ലോബൽ ചെയർമാൻ ഡോ. സാം പിത്രോഡ, ഐ.ഒ.സി എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ് തുടങ്ങിയവർ പങ്കെടുത്തു.
മാതൃരാജ്യത്തോടുള്ള കടമകൾ നിറവേറ്റുന്നതിൽ നമ്മൾക്കെല്ലാവർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഐ.ഒ.സി ഒമാൻ ചാപ്റ്റർ അധ്യക്ഷൻ, ഡോ.ജെ. രത്‌നകുമാർ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കരുത്തുറ്റ രാഷ്ട്ര നിർമാണത്തിനായി താഴേത്തട്ടിൽനിന്നുതന്നെ നമ്മൾ പ്രവർത്തനമാരംഭിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ജീവത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതും ഒരിക്കലും ഇനി നഷ്ടപ്പെടുത്താൻ ആകാത്തതുമാണെന്ന് ഡോ. സാം പിത്രോഡ പറഞ്ഞു. ഐ.ഒ.സി സെക്രട്ടറി ഡോ.ആരതി കൃഷ്ണ മുഖ്യാതിഥിയായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് വഹിച്ച പങ്കിനെക്കുറിച്ച് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ സംസാരിച്ചു.
എ.ഐ.സി.സി വക്താവ് ഡോ. ശമ മുഹമ്മദും സംസാരിച്ചു. സാമൂഹിക പ്രവർത്തകയും യു.എ.ഇയിലെ അഭിഭാഷകയുമായ അഡ്വ. ഷീല തോമസ്, ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, ഒമാൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സോണിയ ഫ്രാങ്ക്‌ളിൻ, സിയൽ ഹഖ് ലാറി തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
ഐ.ഒ.സി ഒമാൻ വൈസ് പ്രസിഡൻറ് മഹാവീർ കട്ടാരിയ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.കുട്ടികളുടെ ദേശഭക്തി ഗാനങ്ങൾ, നൃത്തകലാപരിപാടികൾ തുടങ്ങിയവയും നടന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭാരതീയരെ പങ്കെടുപ്പിച്ച് നടന്ന പരിപാടിയുടെ ഏകോപനം മനോജ് മാനുവലും ജെസി മാത്യുവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.