ഇന്ത്യൻ രൂപ സർവകാല തകർച്ചയിൽ; റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും 216 കടന്നു
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതോടെ വിനിമയ നിരക്ക് ഒരു റിയാലിന് 216.10 രൂപയിലെത്തി. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതും എണ്ണവില വർധിക്കാനുള്ള പ്രവണതയുമാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചത്.
വെള്ളിയാഴ്ച ഒരു ഡോളറിന് 83.33 രൂപയായിരുന്നു ക്ലോസിങ് നിരക്ക്. വെള്ളിയാഴ്ച ഇടസമയങ്ങളിൽ ഡോളറിന്റെ വില 83.49 രൂപ വരെ എത്തുകയും ചെയ്തിരുന്നു. വ്യാഴാഴ്ച 83.29 രൂപയായിരുന്നു ഒരു ഡോളറിന്റെ വില. ഒറ്റ ദിവസം നാല് രൂപയുടെ നഷ്ടമാണ് ഇന്ത്യൻ രൂപക്കുണ്ടായത്. ഈ വർഷം സെപ്റ്റംബർ 18ന് ശേഷമുള്ള ഏറ്റവും വലിയ മൂല്യ തകർച്ചയാണിത്. 18ന് 83.32 ആയിരുന്നു ഇന്ത്യൻ രൂപയുടെ വില. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ഒരു റിയാലിന് 216.10 രൂപ എന്ന നിരക്കാണ് നൽകുന്നത്. വാരാന്ത്യ അവധി ആയതിനാൽ ശനി, ഞായർ ദിവസങ്ങളിലും ഇതേ നിരക്കുകൾതന്നെ ലഭിക്കും. കഴിഞ്ഞ സെപ്റ്റംബർ 18ന് ഇന്ത്യൻ രൂപ സമാനമായ വിനിമയ നിരക്കിലെത്തിയിരുന്നു. എന്നാൽ, 22ന് ശേഷം വിനിമയ നിരക്ക് 215ൽ എത്തുകയായിരുന്നു. 25 മുതലാണ് വിനിമയ നിരക്ക് വീണ്ടും ഉയരാൻ തുടങ്ങിയത്. പല ദിവസങ്ങളിലും 216 രൂപക്ക് അടുത്തായിരുന്നു. ചില ദിവസങ്ങളിൽ റിയാലിന് 216 രൂപയിലെത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു റിയാലിന് 208 രൂപയായിരുന്നു വിനിമയ നിരക്ക്. വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്നതാണ്. തങ്ങളുടെ ശമ്പളത്തിന് കൂടുതൽ മൂല്യം ലഭിക്കുന്നതിനാൽ കൂടുതൽ പണം നാട്ടിൽ അയക്കാൻ കഴിയും.
ബാങ്ക് വായ്പകളും മറ്റും ഉള്ളവർക്ക് പണം തിരിച്ചടക്കാൻ പറ്റിയ അവസരമാണിത്. എന്നാൽ, ഒമാനിൽ ശമ്പളം മാസാദ്യം ലഭിക്കുന്നതിനാൽ പലരും പണം നാട്ടിലേക്ക് അയച്ച് കഴിഞ്ഞിരുന്നു. കൂട്ടിവെച്ചിരുന്ന ചിലർ വിനിമയ നിരക്ക് 216 രൂപ എത്തിയതോടെ ഒന്നിച്ചയക്കുകയും ചെയ്തു. അതിനാൽ റിയാലിന് 216.10 രൂപ എന്ന നിരക്ക് പലർക്കും ഉപയോഗപ്പെടുത്താൻ കഴിയില്ല.
രൂപയുടെ മൂല്യ തകർച്ചക്ക് നിരവധി കാരണങ്ങളുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതാണ് പ്രധാന കാരണം. ഡോളർ ഇൻഡക്സ് .02 ശതമാനം വർധിച്ചിരുന്നു. ലോകത്തിലെ ആറ് പ്രധാന കറൻസികളെ അപേക്ഷിച്ചാണ് ഡോളർ ഇൻഡക്സ് കണക്കാക്കുന്നത്. ഡോളർ ഇൻഡക്സ് ഉയർന്ന് 105.89 പോയന്റിൽ എത്തി.
യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ എണ്ണവില വർധിക്കുന്ന പ്രവണതയും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ വിദേശനിക്ഷേപം പുറത്തേക്ക് ഒഴുകുന്നതും ഇന്ത്യൻ രൂപക്ക് തിരിച്ചടിയാണ്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്നത് ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സാണ്. ഇവർ ഒറ്റ ദിവസം 1712.33 കോടി രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽനിന്ന് പിൻവലിച്ചത്. സ്വർണവില കുറയുന്നതടക്കമുള്ള മറ്റ് കാരണങ്ങളും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഡോളർ ശക്തമാവുന്ന പ്രവണത കാണിക്കുന്നതോടെ ഇന്ത്യൻ രൂപ ഇനിയും ശക്തി കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.