ഇന്ത്യൻ സ്കൂൾ പ്രവേശനം:നറുക്കെടുപ്പ് ഏഴിന്
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഏഴ് ഇന്ത്യൻ സ്കുളുകളിൽ പ്രവേശനത്തിനുള്ള നറുക്കെടുപ്പ് മാർച്ച് ഏഴിന് നടക്കും. വൈകുന്നേരം അഞ്ചിന് മസ്കത്ത് ഇന്ത്യൻ സ്കൂളിനോടനുബന്ധിച്ചുള്ള ഡയറക്ടർ ബോർഡ് ഓഫിസിലാണ് ഓൺലൈൻ നറുക്കെടുപ്പ് നടക്കുക. കഴിഞ്ഞമാസം 28നായിരുന്നു സ്കൂൾ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായത്. ഈ മാസം 15 മുതൽ വീണ്ടും ആവശ്യമുള്ളവർക്ക് ഓൺലൈനിലൂടെ അപേക്ഷിക്കാൻ സൗകര്യമൊരുക്കും. എന്നാൽ, അപേക്ഷ തേടുന്ന സ്കൂളുകളിൽ സീറ്റൊഴിവുണ്ടെങ്കിൽ മാത്രമാണ് പ്രവേശനം ലഭിക്കുക. അല്ലാത്തപക്ഷം ഒഴിവുള്ള സ്കുളുകളിൽ പഠനം തുടരേണ്ടി വരും.
ഈ വർഷം 3600 ലധികം അപേക്ഷകളാണ് പ്രവേശനത്തിനായി ലഭിച്ചത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷകരുടെ എണ്ണത്തിന് ഏതാണ്ട് തുല്യമാണ്. കഴിഞ്ഞ വർഷം കോവിഡ് മൂലം പഠനം മുടങ്ങിയ ചിലരും അപേക്ഷ നൽകിയിരുന്നു. 3700 ഓളം അപേക്ഷകളാണ് കഴിഞ്ഞ വർഷം ലഭിച്ചിരുന്നത്. അതിനാൽ ഈ വർഷവും അപേക്ഷകരുടെ എണ്ണത്തിൽ കാര്യമായ കുറവൊന്നും വന്നിട്ടില്ല. കോവിഡും അതിന് ശേഷം വന്ന വെല്ലുവിളികളും ഇന്ത്യൻ സ്കൂളുകളെ കാര്യമായി ബാധിച്ചിട്ടില്ല.
ഈ വർഷവും അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഒഴികെ മറ്റ് സ്കൂളുകളിൽ ഒന്നാം ചോയ്സ് കൊടുത്തവർക്ക് അതാത് സ്കൂളുകളിൽ തന്നെ കിട്ടും. എന്നാൽ, അൽ ഗൂബ്രയിൽ അപേക്ഷകർ കൂടുതലായതിനാൽ പകുതി പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. ഇവിടെ കിട്ടാത്തവർ രണ്ടാം ചോയ്സ് നൽകിയ സ്കൂളിൽ പ്രവേശനം നേടേണ്ടിവരും.
അടുത്ത മാസം ആദ്യ വാരത്തോടെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കും. പുതുതായി പ്രവേശനം ലഭിച്ച കുട്ടികൾക്കും ഇതേ സമയത്ത് തന്നെ ക്ലാസുകൾ ആരംഭിക്കും. നിലവിൽ ഇന്ത്യൻ സ്കൂളുകളിൽ വിദ്യാർഥികളുടെ പരീക്ഷകൾ ഈ മാസം പകുതിയോടെ അവസാനിക്കും. ഇത്തരം കുട്ടികൾക്കുള്ള ക്ലാസ് കയറ്റവും പുതിയ അധ്യയന വർഷാരംഭവും ഏപ്രിൽ ആദ്യവാരം മുതലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.