ഇന്ത്യൻ സ്കൂൾ പ്രവേശനം; നറുക്കെടുപ്പിൽ സീറ്റ് ലഭിച്ചത് 3543 വിദ്യാർഥികൾക്ക്
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള നറുക്കെടുപ്പിൽ സീറ്റ് ലഭിച്ചത് 3543 അപേക്ഷകർക്ക്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരുന്നത് കെ.ജി വിഭാഗത്തിലേക്കായിരുന്നു. കെ.ജി ഒന്നിലേക്ക് 1402ഉം കെ.ജി രണ്ടിലേക്ക് 458ഉം അപേക്ഷകളുമാണ് ഉണ്ടായിരുന്നത്.
ക്ലാസ് ഒന്ന് (594), ക്ലാസ് രണ്ട് (191), ക്ലാസ് മൂന്ന് (192), ക്ലാസ് നാല് (152), ക്ലാസ് അഞ്ച് (135) ), ക്ലാസ് ആറ് (126), ക്ലാസ് ഏഴ് (98), ക്ലാസ് എട്ട് (103), ക്ലാസ് ഒമ്പത് (92) എന്നിങ്ങനെയായിരുന്നു മറ്റ് ക്ലാസുകളിലേക്ക് ലഭിച്ച അപേക്ഷകൾ. 72 ശതമാനം അപേക്ഷകർക്കും അവർ ആദ്യ ചോയ്സായി നൽകിയ സ്കൂൾ തന്നെ ലഭിച്ചു.
പ്രവേശന തീയതിയെക്കുറിച്ചും അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ട രേഖകളെക്കുറിച്ചും സ്കൂളുകൾ രക്ഷിതാക്കളെ അറിയിക്കും. രക്ഷിതാക്കളുടെ സൗകര്യം പരിഗണിച്ച് വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനം ഘട്ടം ഘട്ടമായി സ്കൂളുകൾ വഴി നടത്തും. ഒന്നാം ഘട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം പുതിയ അപേക്ഷകർക്കായി ഓൺലൈൻ രജിസ്ട്രേഷൻ 18ന് ആരംഭിക്കും. ഓരോ സ്കൂളുകളുടെയും സീറ്റ് ലഭ്യതക്കനുസരിച്ചുള്ള പുതിയ ഒഴിവുകളും സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ മസ്കത്തിലായിരുന്നു ഓൺലൈൻ നറുക്കെടുപ്പ് നടന്നത്.
ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.ടി.കെ. ഷമീർ, ബോർഡ് അംഗങ്ങളായ വിജയ് ശരവണൻ, അമ്പലവാണൻ, സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി. വിനോബ, ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അവതരിപ്പിച്ച ഓൺലൈൻ രജിസ്ട്രേഷനോടുകൂടിയ കേന്ദ്രീകൃത പ്രവേശന സംവിധാനം പ്രവേശന പ്രക്രിയ സുഗമമാക്കിയെന്നും ഇത് രക്ഷിതാക്കൾക്ക് ഉപകാരപ്രദമായെന്നും ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.