ഇന്ത്യൻ സ്കൂൾ പ്രവേശനം; കോവിഡിനു മുമ്പുള്ള നിലയിൽ
text_fieldsമസ്കത്ത്: ഒമാനിലെ തലസ്ഥാന നഗരിയിലുള്ള പുതിയ കുട്ടികളുടെ പ്രവേശനം സാധാരണ ഗതിയിലെത്തി. ഈ വർഷം 4,677 കുട്ടികൾക്കാണ് പുതുതായി പ്രവേശനം ലഭിച്ചത്.
ഇത് കോവിഡ് കാലത്തിനു മുമ്പുള്ള പ്രവേശന നിരക്കാണ്. കഴിഞ്ഞ രണ്ടു വർഷമായി കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. 2021ൽ 2530 കുട്ടികൾ മാത്രമായിരുന്നു സ്കൂളിൽ പ്രവേശനം നേടിയിരുന്നത്. 2020ൽ 3744 കുട്ടികൾക്കായിരുന്നു അഡ്മിഷൻ ലഭിച്ചിരുന്നത്.
കോവിഡ് കാരണം നാട്ടിലേക്ക് തിരിച്ച നിരവധി പേർ ഒമാനിലേക്ക് തിരിച്ചെത്തിയതാണ് പ്രവേശകരുടെ കോവിഡിനു മുമ്പുള്ള നിലയിലേക്ക് എത്താൻ കാരണമായതെന്ന് സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം പറഞ്ഞു. ലോക്ഡൗൺ, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ 2021ൽ കെ.ജി വിഭാഗത്തിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. 2530 കുട്ടികൾ മാത്രമാണ് 2021ൽ പ്രവേശനം നേടിയത്. കോവിഡ് കാരണം രക്ഷിതാക്കളും കുടുംബങ്ങളും നാട്ടിലേക്കു പോയതും കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവെച്ചതും പ്രവേശനം കുറയാൻ കാരണമാക്കി.
കഴിഞ്ഞ വർഷം മുതൽക്കേ സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം വർധിച്ചിരുന്നു. ഇൗ വർഷം 3,732 കുട്ടികൾ മാത്രമാണ് പ്രവേശനത്തിലുള്ള നറുക്കെടുപ്പിൽ പങ്കെടുത്തത്. അതിനുശേഷം 5000ത്തോളം കുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയിരുന്നു. ഇതോടെ ഈ അധ്യയനവർഷം മൊത്തം 4,677 കുട്ടികളാണ് പ്രവേശനം നേടിയത്. കോവിഡിനു മുമ്പ് 2018ൽ 4,400 കുട്ടികൾ പ്രവേശനം നേടിയിരുന്നു. ഈ വർഷം അതിലും കൂടുതൽ കുട്ടികളാണ് പ്രവേശനം നേടിയത്. 150 റിയാലിൽ കുറഞ്ഞ മാസവരുമാനമുള്ളവർക്ക് ഫീസിളവും നൽകുന്നുണ്ട്.
പുതുതായി ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കാം. വാദീ കബീർ, ഗൂബ്ര എന്നീ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളുകളിൽ നേരിട്ട് പോയി പ്രവേശനം നേടാവുന്നതാണ്. ഇന്ത്യൻ സ്കൂൾ മസ്കത്തിനോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ സ്കൂളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സ്ഥാപനത്തിൽ നേരിട്ടെത്തിയും അഡ്മിഷൻ എടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.