ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ 20 മുതൽ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള 2025-2026 അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 20 മുതൽ നടക്കും. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) അടിസ്ഥാനത്തിലാണ് ഈ വർഷത്തെ അഡ്മിഷൻ. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിനുകീഴിൽ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുക.
ബാൽവതിക മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 20ാണ്. 2025 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾക്കായിരിക്കും ബാലവതിക പ്രവേശനത്തിന് അർഹതയുണ്ടാകുക. കുട്ടികളുടെ അഡ്മിഷനായി രക്ഷിതാക്കൾക്ക് അംഗീകൃത റസിഡന്റ് വിസ ആവശ്യമാണ്. സീറ്റ് ലഭ്യതക്കനുസരിച്ച് ഇന്ത്യക്കാരല്ലാത്തവരുടെ കുട്ടികൾക്കും അഡ്മിഷ്ൻ നൽകിയേക്കും.
മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഇന്ത്യൻ സ്കൂൾ വാദി കബീർ, ഇന്ത്യൻ സ്കൂൾ ഗുബ്ര എന്നിവയുടെ അന്താരാഷ്ട്ര വിഭാഗത്തിലേക്ക് (കേംബ്രിഡ്ജ് സിലബസ്) അഡ്മിഷൻ ആഗ്രഹിക്കുന്നവരും ഓലൈനിലൂടെതന്നെ അപേക്ഷ സമർപ്പിക്കണം. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷ്യൽ എജുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം.
വെബ്സൈറ്റ്: www.cseoman.com. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡ് അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷനോടുകൂടിയ കേന്ദ്രീകൃത സംവിധാനം മുഴുവൻ പ്രവേശന പ്രക്രിയ കൂടുതൽ സുഗമമാക്കുമെന്ന് ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു. അഡ്മിഷൻ നടപടിക്രമങ്ങൾ, സീറ്റ് ഒഴിവുകളുടെ വിവരങ്ങൾ എന്നിവ പോട്ടലിലൂടെ അറിയാൻ കഴിയും. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇഷ്ടപ്പെട്ട സ്കൂളുകൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യയന വർഷത്തിൽ അഡ്മിഷൻ ഇങ്ങനെ
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലും അഡ്മിഷൻ നൽകുക ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) അനുസരിച്ച്. ഇത് സംബന്ധിച്ച തീരുമാനം ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ദിവസങ്ങൾക്ക് മുന്നേ എടുത്തിരുന്നു. എൻ.ഇ.പി അനുസരിച്ച്, അക്കാദമിക് ഘടന 5+3+3+4 എന്ന സംവിധാനത്തിലേക്കാണ് പുനർനിർവചിക്കപ്പെട്ടിരിക്കുന്നത്.
കിന്റർഗാർട്ടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും എന്നതാണ് പ്രധാന മാറ്റം. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് മൂന്ന് മുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ കിന്റർഗാർട്ടൻ (ബാൽവതിക), ആറു മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലുമാണ് ഉൾപ്പെടുക.
എട്ട് മുതൽ 11വയസ്സുവരെയുള്ള വിദ്യാർഥികൾ മൂന്ന് മുതൽ അഞ്ചുവരെ ക്ലാസുകളിലും 11 മുതൽ 14 വയസ്സുവരെയുള്ളവർ ആറുമുതൽ എട്ടുവരെ ക്ലാസുകളും 14 മുതൽ 18വയസ്സുവരെയുള്ളവർ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലാണ് ഉൾപ്പെടുക.അതേസമയം നിലവിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കുള്ള പ്രമോഷൻ യഥാക്രമം കെ.ജി ഒന്ന് മുതൽ കെ.ജി രണ്ടുവരെയും കെ.ജി രണ്ട് മുതൽ ക്ലാസ് ഒന്നുവരെയും നിലവിലെ സമ്പ്രദായമനസുരിച്ച് തുടരുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.