ഇന്ത്യൻ സ്കൂൾ പ്രവേശനം; ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു, അപേക്ഷകർ വർധിക്കും
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഒമ്പതു ഇന്ത്യൻ സ്കൂളുകളിലേക്കു പുതിയ അധ്യയന വർഷത്തിലേക്കുള്ള ഓൺലൈൻ
രജിസ്ട്രേഷൻ പുരോഗമിക്കുന്നു. മുൻ വർഷങ്ങളെക്കാൾ ഈ വർഷം അപേക്ഷകർ കൂടാനാണ് സാധ്യത. മസ്കത്ത്, ദാർസൈത്ത്, വാദികബീർ, ഗൂബ്ര, സീബ്, മാബേല, ബൗഷർ എന്നീ ഇന്ത്യൻ സ്കൂളുകൾക്കു പുറമെ അൽ ഗുബ്റ ഇന്റർനാഷനൽ സ്കൂൾ, വാദീകബീർ ഇന്റർനാഷനൽ സ്കൂൾ എന്നീ സ്ഥാപനങ്ങളിലേക്കാണ് ഓൺലൈൻ പ്രവേശനത്തിനായി അപേക്ഷിക്കേണ്ടത്. ഓരോ അപേക്ഷകനും പ്രത്യേകം അപേക്ഷകൾ സമർപ്പിക്കുകയും 15 റിയാൽ അപേക്ഷ ഫീസ് നൽകുകയും വേണം. ഒരാൾക്ക് ഒരു അപേക്ഷ മാത്രമാണ് സമർപ്പിക്കാൻ കഴിയുക. ഓൺലൈനിൽ അപേക്ഷ നൽകാത്തവർക്ക് പ്രവേശനം ലഭിക്കില്ല. താൽപര്യമുള്ള സ്കൂളാണ് ഒന്നാം ചോയ്സായി കൊടുക്കേണ്ടത്. അത്തരം സ്കൂളുകളിൽ അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ കൂടുതലാണെങ്കിൽ നറുക്കെടുപ്പു വഴിയാണ് പ്രവേശനം നൽകുക. ഒന്നാം ചോയ്സിൽ കിട്ടിയില്ലെങ്കിൽ രണ്ടാം ചോയ്സിലാണ് പ്രവേശനം ലഭിക്കുക. തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിൽ ഏറ്റവും കൂടുതൽ സീറ്റൊഴിവുള്ളത് കെ.ജി ഒന്ന്, കെജി രണ്ട് ക്ലാസുകളിലാണ്. കെ.ജി ഒന്നിൽ അപേക്ഷ തേടുന്നവർക്ക് ഏപ്രിൽ ഒന്നിന് മൂന്നു വയസ്സ് തികഞ്ഞിരിക്കണം. ഒമാനിൽ ഇപ്പോൾ ഇല്ലാത്ത എന്നാൽ റസിഡന്റ് വിസ ഉള്ളവർക്കും ഫീസ് അടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. എന്നാൽ അധികൃതർ നിശ്ചയിക്കുന്ന സമയ പരിധിയിൽ കുട്ടികൾ നേരിട്ട് എത്തിയിരിക്കണം.
കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് റസിഡന്റ് കാർഡുകൾ നിർബന്ധമാണ്.. അപേക്ഷ സമർപ്പിച്ച ശേഷം സ്കൂളുകളിൽ പ്രവേശനം നേടാൻ താൽപര്യമില്ലെങ്കിൽ ഫീസ് തിരിച്ചു ലഭിക്കില്ല. ഇന്ത്യൻ സ്കൂളുകളിൽ ഇന്ത്യക്കാർ അല്ലാത്തവർക്കും അപേക്ഷകൾ നൽകാവുന്നതാണ്. ഇന്ത്യൻ വിദ്യാർഥികളുടെ അഡ്മിഷൻ പരിഗണിച്ചശേഷം സീറ്റൊഴിവനുസരിച്ചാണു ഇവർക്ക് പ്രവേശനം നൽകുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിക്കു ശേഷം നറുക്കെടുപ്പിലൂടെയായിരിക്കും പ്രവേശനം ലഭിക്കുക. തലസ്ഥാന നഗരിക്കു പുറത്തുള്ള സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കു തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കണമെങ്കിൽ 15 റിയാൽ അപേക്ഷ ഫീസ് നൽകി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം. തലസ്ഥാന നഗരിയിൽ പഠിക്കുന്ന കുട്ടികൾക്കു സ്കൂൾ മാറണമെങ്കിൽ ഫീസ് നൽകേണ്ടതില്ല. ഇത്തരക്കാർ മാർച്ചിലാണ് അപേക്ഷ നൽകേണ്ടത്. സീറ്റ് ലഭ്യത അനുസരിച്ചാണ് ഇവർക്ക് സ്കൂൾ മാറ്റം ലഭിക്കുക.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പ്രവേശനം തേടുന്നവർ ഓൺലൈൻ അപേക്ഷ നടത്തേണ്ടതില്ല. ഇത്തരക്കാർ സ്കൂളിനെ നേരിട്ടു സമീപിക്കുകയാണ് വേണ്ടത്. എന്നാൽ 11ാ ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ സൗകര്യമുണ്ട്. 10 ാം ക്ലാസ് പരീക്ഷ ഫലം വന്നശേഷമാണ് അപേക്ഷിക്കാൻ കഴിയുക. ഓൺലൈൻ അപേക്ഷ നൽകേണ്ട അപേക്ഷാ സമയവും മറ്റു വിവരങ്ങളും ബന്ധപ്പെട്ടവർ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.