ഇന്ത്യൻ സ്കൂൾ മുലദ്ദ വാർഷികാഘോഷം
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദ്ദയുടെ 32ാമത് വാർഷികാഘോഷം വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളോടെ സ്കൂളിൽ നടന്നു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി. മുസന്ന വിലായത്തിൽനിന്നുള്ള മജ്ലിസ് ശൂറ അംഗം അമർ സാലിം മുഹമ്മദ് അൽ മർദൂഫ് അൽ സാദി പ്രത്യേക അതിഥിയായി. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് ഡോ. ശിവകുമാര്‍ മാണിക്കം വിശിഷ്ടാതിഥിയായി. സിറാജുദ്ദീന് നഹ്ലത്ത്, അശ്വിനി സവ്റികര് (ഡയര്‍ക്ടേഴ്സ് ഇന്‍ചാര്‍ജ് മുലദ്ദ ഇന്ത്യന്‍ സ്കൂള്‍), സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മടത്തൊടിയില്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍, വിശിഷ്ടാതിഥികള്‍, പ്രത്യേക ക്ഷണിതാക്കള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്കൂളിലെ 270 വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. പ്രിന്‍സിപ്പൽ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുരസ്കാര വിതരണ ചടങ്ങില്‍ സ്കൂളില്‍ 25, 20, 10വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും ജീവനക്കാരെയും, പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. സ്കൂള്‍ ന്യൂസ് ലെറ്റര്‍ ‘അറോറ 2022’, സ്കൂള്‍ മാഗസിന് ‘സ്പെക്ട്രം 2022’ എന്നിവയുടെ പ്രകാശനവും നടന്നു. സ്കൂളില്‍ സ്മാര്‍ട്ട് ബോര്‍ഡുകള്‍ സംഭാവന ചെയ്ത ആറ് സ്പോൺസര്മാരെയും സ്കൂളിന്റെ വളര്‍ച്ചയില്‍ നിസ്തുല സേവനം നടത്തിയ മുന്‍ പ്രസിഡന്റ് സിദ്ദീഖ് ഹസ്സനെയും മുഖ്യാതിഥി അഭിനന്ദിച്ചു.
സ്കൂളിലെ സാഹോദര്യ മനോഭാവത്തെ അംബാസഡര്‍ തന്റെ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. ബോര്‍ഡ് പരീക്ഷകളില്‍ തങ്ങളുടെ കഴിവ് തെളിയിക്കാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന ആളുകളുടെ പ്രത്യേകതകളെക്കുറിച്ച് ചെയര്മാന് തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. എം.ടി. മുസ്തഫ മുഖ്യാതിഥിക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കും ഉപഹാരം സമ്മാനിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഘഗാനം, നാടോടിനൃത്തം, ഫ്രീസ്റ്റൈല്‍ ഡാന്‍സ്, കേരള കലാരൂപങ്ങള്‍, മൈം തുടങ്ങിയ വിവിധ പരിപാടികള്‍ കാണികളെ ആനന്ദഭരിതരാക്കി. സ്കൂള്‍ ഗാനത്തോടെ കലാസന്ധ്യക്ക് തിരശ്ശീല വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.