ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് മത്സര രംഗത്ത് 14 സ്ഥാനാർഥികൾ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് മത്സരിക്കാൻ 14 പേർ. വ്യാഴാഴ്ചയാണ് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചത്. 18 പേര് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. നാലുപേര്‍ പിന്‍വലിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒരുമണിവരെയായിരുന്നു നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.
സജി ഉതുപ്പാന്, പി.ടി.കെ ഷമീര്‍, പി.പി. നിതീഷ് കുമാര്‍, കൃഷ്ണേന്ദു, സിജു തോമസ്, എം.കെ അജയ് രാജ് , ദാമോദര്‍ ആര്. കാട്ടി, പ്രഭാകരന് കൃഷ്ണമൂര്‍ത്തി, പ്രവീണ്‍ കുമാര്‍, ഡോ. ശിവകുമാര്‍ മാണിക്കം, സയിദ് അഹ്മദ് സല്മാന്, വൃന്ദ സിംഗാല്‍, ജിതേന്ദർ പാണ്ഡെ, മഹിപാല്‍ റെഡ്ഡി എന്നിവരാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ പ്രാവശ്യം 11 സ്ഥാനാർഥികൾ ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്രാവശ്യമത് 18 ആയി ഉയരുകയായിരുന്നു. ജനുവരി 21ന് ആണ് വോട്ടെടുപ്പ്. അന്ന് തന്നെ വിജയികളേയും പ്രഖ്യാപിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയായിരിക്കും വോട്ടിങ് സമയം. സ്കൂൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മൊത്തം 11 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലുണ്ടാവുക. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ആവശ്യമായ യോഗ്യതകളും മാർഗനിർദേശങ്ങളും തെരഞ്ഞെടുപ്പ് നിയമാവലിയിൽ ഉണ്ട്. തെരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങൾ www.indianschoolsboardelection.org എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്. വോട്ടെടുപ്പ് സുഗമമാകുന്നതിനുള്ള നടപടികൾ ബാബു രാജേന്ദ്രന് ചെയര്‍മാനായ തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. പ്രചാരണങ്ങൾക്കും മറ്റും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കെ.എം. ഷക്കീല്‍, ദിവേഷ് ലുംമ്പാ, മൈതിലി ആനന്ദ്, എ.എ. അവോസായ് നായകം എന്നിവരാണ് കമീഷന് അംഗങ്ങള്‍. സ്ഥാനാർഥികൾക്ക് നേരിട്ട് വോട്ടുചോദിക്കാൻ അനുവാദമില്ലാത്തതിനാൽ ബന്ധപ്പെട്ട ആളുകളാണ് പ്രചാരനവുമായി രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.