ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ്; അങ്കത്തട്ടിൽ ഇവർ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ഒരുദിവസം മാത്രം ശേഷിക്കെ വോട്ടർമാരെ കാണുന്നതിനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. സമൂഹമാധ്യമങ്ങളിലൂടെ ദിവസങ്ങൾക്ക് മുമ്പേ പ്രചാരണം തുടങ്ങിയിരുന്നു. സജി ഉതുപ്പാൻ, പി.ടി.കെ ഷമീർ, പി.പി.നിതീഷ് കുമാർ, കൃഷ്ണേന്ദു, സിജു തോമസ്, അജയ് രാജ് എന്നീ ആറുമലയാളികളുൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. എം.കെ. ദാമോദർ ആർ. കാട്ടി, ജിതേന്ദ്ര പാണ്ഡെ, മഹിപാൽ റെഡ്ഡി, പ്രഭാകരൻ കൃഷ്ണമൂർത്തി, പ്രവീൺ കുമാർ, ഡോ. ശിവകുമാർ മാണിക്കം, സയ്യിദ് അഹ്മദ് സൽമാൻ, വൃന്ദ സിംഗാൽ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. വോട്ടെടുപ്പ് നാളെ നടക്കവേ സ്ഥാനാർഥികളെയും വിദ്യാഭ്യാസമേഖലയിലെ അവരുടെ കാഴ്ചപ്പാടുകളെയും കുറിച്ച് ഒരു എത്തിനോട്ടം.
പി.ടി.കെ ശമീര്‍
ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അക്കാദമിക് അഡ്വൈസറി കൗണ്‍സില്‍ അംഗവും ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനറും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് അംഗവുമാണ്. സെയില്‍സ് മാനേജരായി ജോലി ചെയ്യുന്നു. ഒമാനിലെ സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യമാണ്.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സൗകര്യമേര്‍പ്പെടുത്തി ഭാവിക്ക് വേണ്ടി മികച്ച പൗരന്മാരെ രൂപപ്പെടുത്തേണ്ടതുണ്ട്. അക്കാദമികവും ജ്ഞാനപരവുമായ മേഖലകളില്‍ നമ്മുടെ സ്കൂളുകളെ ഇനിയും ഉയരത്തിലേക്ക് കൊണ്ടുവരണം. എല്ലാവരുമായും സഹകരിച്ച് ശേഷിയും വിജ്ഞാനവും ഉള്ക്കാള്ച്ചയും ഉപയോഗിക്കാന്‍ എല്ലാ വിദ്യാര്‍ഥികളെയും സഹായിക്കും. യോഗ്യത: ബി.കോം, പി.ജി. ഡിപ്ലോമ (ബിസിനസ് മാനേജ്മെന്റ്)
ജിതേന്ദ്ര പാണ്ഡെ
മിഡില്‍ ഈസ്റ്റ് കോളജില്‍ സീനിയര്‍ ലെക്ചററായി സേവനമനുഷ്ഠിക്കുന്നു. 20 വര്‍ഷത്തെ അധ്യാപന പരിചയവും ബോര്‍ഡംഗം എന്ന നിലയില്‍ സംഭാവനകള്‍ അര്പ്പിക്കാനാകുമെന്ന ആത്മവിശ്വാസവും ഇദ്ദേഹത്തിനുണ്ട്. വിദ്യാഭ്യാസത്തിലൂടെയും അന്വേഷണത്തിലൂടെയും കണ്ടെത്തലിലൂടെയും സാംസ്കാരിക ആദാനപ്രദാനങ്ങളിലൂടെയും ഓരോ വ്യക്തിയുടെയും സക്രിയശേഷി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് രീതിയെന്ന് ഇദ്ദേഹം പറയുന്നു. ജേണലുകളിലും സമ്മേളനങ്ങളിലും 25 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒമാനിലും ഇന്ത്യയിലും അന്താരാഷ്ട്ര സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യോഗ്യത: എം.സി.എ, പി.ജി.
സജി ഉതുപ്പാൻ
മൂന്നര പതിറ്റാണ്ടുകാലത്തെ അധ്യാപന പരിചയമുള്ള ഇദ്ദേഹം ഒമാൻ കോളജ് ഓഫ് ഹെൽത്ത് സയൻസസിൽ ലെക്ചററായി ജോലിചെയ്യുന്നു. റോയല്‍ ഒമാന്‍ പൊലീസിലെയും വിവിധ സമാന്തര മെഡിക്കല്‍ രംഗത്തെയും വിദ്യാർഥികള്‍ക്ക് ഐ.ഇ.എൽ.ടി.എസ് പരിശീലനം നല്‍കിയിട്ടുണ്ട്.
കുട്ടിയെ പരിശീലിപ്പിക്കേണ്ടത് ഭാവിതലമുറയെ മുന്നില്‍ കണ്ടുകൊണ്ടാകണമെന്നാണ് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് അറിവുകള്‍ സ്വാംശീകരിക്കാന്‍ ഉതകുന്ന രീതിയില്‍ പാഠ്യരീതികളും പഠനപ്രവര്‍ത്തനങ്ങളും ക്രമീകരിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ അവര്‍ സഹൃദയരും സഹജീവി സ്നേഹമുള്ളവരും സഹായമനസ്കരും ആയി വളരുകയുള്ളൂവെന്നും ഇദ്ദേഹം പറയുന്നു. റോയൽ ഒമാൻ പൊലീസിൽനിന്നുള്ള സ്വർണ മെഡലും പ്രശംസാപത്രവും നേടിയിട്ടുണ്ട്. യോഗ്യത: ബി.എ, ബി.എഡ്, എം.എ, എം.എഡ്, പിഎച്ച്.ഡി സ്കോളർ.
എം.കെ. ദാമോദർ ആർ. കാട്ടി
ഒമാൻ പ്രഫഷനൽ എൻജിനീയേഴ്സ് നെറ്റ്വർക്, ചാർട്ടേഡ് എൻജിനീയർ (ഇന്ത്യ) തുടങ്ങി എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട വിവിധ അസോസിയേഷനുകളിൽ അംഗമായ ഇദ്ദേഹം ഒമാനിലെ കമ്പനിയിൽ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. ബിസിനസ് രംഗത്തെ മികവുകളുടെ അടിസ്ഥാനത്തിൽ ബിസിനസ് ലീഡർ ഓഫ് ദി ഇയർ 2021, ഏഷ്യ വൺ പേഴ്സൺ ഓഫ് ദ ഇയർ 2020-21 തുടങ്ങി നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
എൻജിനീയറിങ്ങിന്റെയും മാനേജ്മെന്റിങ് വൈഭവത്തിന്റെയും പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. പരിശീലന പരിപാടികളിലൂടെയും ശിൽപശാലകളിലൂടെയും നിലവിലുള്ള അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് മികച്ച അവസരങ്ങളൊരുക്കാൻ വിവിധങ്ങളായ ഇന്റർസ്കൂൾ പ്രവർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുമെന്നും ഇദ്ദേഹം പറയുന്നു. വിദ്യഭ്യാസ യോഗ്യത: ബി.ഇ (സിവിൽ എൻജിനീയറിങ്).
മഹിപാൽ റെഡ്ഡി
ഒമാൻ തെലങ്കാന സമിതിയടക്കമുള്ള അസോസിയേഷനുകളിൽ അംഗമാണ്. അഭിസ്തി സേവാ പുരസ്കാർ, ടെക് മഹീന്ദ്ര, എക്സ്ട്രാമൈൽ സോഫ്റ്റ് ടെക്നോളജീസ് പ്രഫഷനൽ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കുട്ടികളുടെ സമഗ്രവികസനമാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. മത്സര പരീക്ഷകളിൽ വിദ്യാർഥികളുടെ പങ്കാളിത്തത്തിനും കരിയർ വികസനത്തിനും ഊന്നൽ നൽകുന്ന പാഠ്യപദ്ധതി അവതരിപ്പിക്കുക, അധ്യാപന രീതിശാസ്ത്രത്തിൽ പുതിയ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉൾപ്പെടുത്താൻ പദ്ധതിയിടുമെന്നും ഇദ്ദേഹം പറയുന്നു. വിദ്യാഭ്യാസ യോഗ്യത: ബി കോം, എം.ബി.എ (ടെക് എം.ജി.എം.ടി), ഒറാക്കിൾ സർട്ടിഫൈഡ് സ്പെഷലിസ്റ്റ്.
പ്രഭാകരൻ കൃഷ്ണമൂർത്തി
സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഒമാനിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ അസി. മാനേജരായി ജോലി ചെയ്യുന്നു. തമിഴ്നാട് ഉദയം സ്പോർട്സ് ആൻഡ് സോഷ്യൽ ക്ലബിൽ അംഗമാണ്. പ്രാദേശിക ഭാഷ വിഷയം ഉൾപ്പെടുത്തുക, മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ തയാറാക്കുന്നതിനായി പാഠ്യപദ്ധതിയുടെ ഭാഗമായി നിർബന്ധിത സെഷനുകൾ അവതരിപ്പിക്കുക, വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം സുതാര്യവും എളുപ്പവുമാക്കുന്നതിന് കമ്മിറ്റി രൂപവത്കരിക്കുക, കായിക മത്സരങ്ങളിൽ വിദ്യാർഥികളുടെ വർധിച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കളിസ്ഥലങ്ങളുടെ നവീകരണം എന്നീ ആശയങ്ങളാണ് രക്ഷിതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
അജയ് രാജ്
മാനേജ്മെന്റ് തലത്തിൽ ഒമാനിലെയും (ടൈംസ് ഓഫ് ഒമാൻ) ഇന്ത്യയിലെയും (ദ ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, മലയാള മനോരമ) മാധ്യമങ്ങളിൽ ജോലിചെയ്ത ഇദ്ദേഹം ഒമാനിലെ സ്ഥാപനത്തിൽ ചീഫ് മാർക്കറ്റിങ് കൺസൽട്ടന്റ് ആയി പ്രവർത്തിക്കുന്നു.
വിദ്യാർഥിയുടെ ജീവിതത്തിൽ മാത്രമല്ല, ഭാവിയിൽ വിദ്യാർഥികൾക്ക് മികച്ച ഇടം പ്രദാനം ചെയ്യുന്ന ഒരു ടീമിന്റെ ഭാഗമാകാനുള്ള മികച്ച മാർഗമായാണ് ഇദ്ദേഹം തെരഞ്ഞെടുപ്പിനെ കാണുന്നത്. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ശ്രമിക്കുമെന്നും ഇദ്ദേഹം പറയുന്നു. സ്കൂളുകളിൽ നടക്കുന്ന കാര്യങ്ങളിൽ കൂടുതലായി വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തുക എന്നതാണ് ലക്ഷ്യം. വിദ്യഭ്യാസ യോഗ്യത: ബി എസ്സി.(മാത്തമാറ്റിക്സ്), എം.ബി.എ (അഡ്വർടൈസിങ് ആൻഡ് പബ്ലിക് റിലേഷൻസ്), ഡിപ്ലോമ ഇൻ വൈറൽ മാർക്കറ്റിങ്.
കൃഷ്ണേന്ദു
വിവിധ സാമൂഹിക സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സാമൂഹിക ക്ഷേമ സെക്രട്ടറിയാണ്. കോവിഡ് മഹാമാരി കാലത്തെ സേവനങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം അവാർഡ് നല്കി ആദരിച്ചിരുന്നു.
ഇന്ത്യൻ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനും അവരെ വളര്‍ത്തുന്ന അധ്യാപകരുടെ അഭിവൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് മത്സരരംഗത്തുള്ളത്. അധ്യാപനം, പരിശീലനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ തൊഴിൽ ചെയ്യുന്ന ഇദ്ദേഹം സ്കിൽ ഡെവലപ്മെന്റ് സ്ഥാപനത്തിൽ ലീഡിങ് ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിക്കുന്നു. വിദ്യഭ്യാസ യോഗ്യത: ബി.എസ്.സി ഫിസിക്സ്, എം.എസ്സി ഇലക്ട്രോണിക്സ് പോസ്റ്റ് ഗ്രാജ്വേറ്റ്.
പി.പി. നിതീഷ് കുമാർ
20 വർഷത്തിലധികമായി ഫിനാൻസ് പ്രഫഷനൽ രംഗത്ത് പ്രവർത്തിക്കുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങിന്റെ കോ കൺവീനറാണ്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിലും ടാസ്ക് ഫോഴ്സ്,ഐ.എസ്.എം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിലെ പ്രവർത്തന പരിചയം ഒമാനിലെ ഇന്ത്യൻ സ്കൂൾ സംവിധാനത്തിന്റെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യത്തെ അടിസ്ഥാനമാക്കി വിദ്യാഭ്യാസവും സംരംഭകത്വ കഴിവുകളും ഉപയോഗിച്ച് വിദ്യാർഥികളെ ശാക്തീകരിക്കുക, സ്കൂളുകളുടെ വികസനത്തിന് രക്ഷിതാക്കളെയും അധ്യാപകരെയും മറ്റ് വിഷയ വിദഗ്ധരെയും ഉൾപ്പെടുത്തുന്നതിനായി ടാസ്ക് ഫോഴ്സ് സംരംഭങ്ങളെ ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെക്കുന്നത്. വിദ്യാഭ്യാസ യോഗ്യത: ബി.കോം., എം.ബി.എ (ഫിനാൻസ്), കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമ.
ഡോ. ശിവകുമാര്‍ മാണിക്കം
വിദ്യാഭ്യാസ മേഖലയെ എന്നെന്നേക്കുമായി മാറ്റിയ മഹാമാരിക്കാലത്തിലൂടെയാണ് നാം കടന്നുപോയത്. ജീവിതകാലം മുഴുക്കെ പഠിതാക്കളായി വിജ്ഞാനം നേടാനും പ്രദര്‍ശിപ്പിക്കാനും ആര്‍ജിക്കാനുമുള്ള ശേഷികള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. ശക്തമായ ഡിജിറ്റല്‍ സാക്ഷരതയിലൂടെ നിപുണരായ പ്രഫഷനലുകളായി അധ്യാപകരെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യും. അധ്യാപകര്‍ക്ക് മികച്ച അക്കാദമിക് അടിത്തറ നല്‍കും. കുട്ടികള്‍ക്ക് സുരക്ഷിതവും മിതമായ ചെലവോടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പുനല്‍കാനാകും. യോഗ്യത: എം.എസ് സി, എം.എഡ്, പിഎച്ച്.ഡി നിലവില്‍ ഒമാന്‍ ഡെന്റല്‍ കോളജിലെ അസോസിയേറ്റ് പ്രഫസര്‍. ടെറാ അംഗം, യു.എസ്.എയിലെ ഇ-ലേണിങ് ഗില്‍ഡ് അംഗം.
വൃന്ദ സിംഗാള്‍
ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലക്ക്, എല്ലാ തലങ്ങളിലും നേതാക്കളെ വാര്‍ത്തെടുക്കുകയും നയിക്കുകയാണ് ലക്ഷ്യം. നേതൃവികസനത്തില് അത് നിര്‍ണായക പങ്കുവഹിക്കും. മാനേജ്മെന്റ്, അഡ്മിനിസ്ട്രേഷന് തുടങ്ങി എല്ലാതലങ്ങളിലും സ്കൂളുകളെ സഹായിക്കാന്‍ സാധിക്കും. മാര്‍ഗനിര്‍ദേശവും കാഴ്ചപ്പാടും വിഹഗവീക്ഷണവും എന്നിവ തനിക്ക് കൈമാറാനും എല്ലാ സ്കൂളുകളിലെയും വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഒരു സംവിധാനം കെട്ടിപ്പടുക്കാന്‍ സംഭാവന നല്‍കുകയും ചെയ്യും. യോഗ്യത: ബി.എസ്.സി, എം.ബി.എ.
സയ്യിദ് സല്മാന്
ചെയ്ല്‍ വെല്‍ഫെയര്‍ സൊസൈറ്റി, സര് സയ്യിദ് വെല്‍ഫെയര്‍ ഫൗണ്ടേഷന് ഫോര്‍ റിസർച് ആന്‍ഡ് ഡെവലപ്മെന്റ് എന്നിവയില്‍ അംഗമാണ്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ 2021 ഏപ്രില്‍ മുതല്‍ വൈസ് ചെയര്‍മാനായ അദ്ദേഹത്തിന് ഇനിയും കൂടുതല്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക വ്യക്തികളെ സംബന്ധിച്ച് മാത്രമല്ല, സമൂഹത്തിന്റെ ആകെ വികസനത്തിനുകൂടി പ്രധാനപ്പെട്ടതാണെന്ന് ഇദ്ദേഹം കരുതുന്നു. വിവരം പ്രചരിപ്പിക്കുക മാത്രമല്ല, ധാര്‍മികതയുമായും വിനയവുമായും ബന്ധപ്പെട്ടിരിക്കുന്നു. യോഗ്യത: ലഖ്നോ യൂനിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും സോഷ്യല്‍വര്‍ക്കിലും ബിരുദം, ഐ.ഐ.എസ്.ഇ ലഖ്നോയില്‍നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം.
പ്രവീണ്‍ കുമാര്‍ വജ്ജോല
വിനീല പ്രൊജക്ട് ഇന്‍വെസ്റ്ററും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് തെലങ്കാന വിങ് കോ കണ്‍വീനറുമാണ്. ബിസിനസ് ഉടമ എന്ന നിലയില്‍ വികസനത്തിന്റെയും പുരോഗതിയുടെയും പ്രധാന മേഖലകള്‍ ഏതെന്ന് നിര്‍ണയിക്കാനുള്ള വിശാല പരിചയം തനിക്കുണ്ടെന്ന് ഇദ്ദേഹം പറയുന്നു. പുതുതലമുറയില്‍ ശരിയായ മൂല്യങ്ങളും ശേഷികളും വിളയിച്ചെടുക്കുന്നതില്‍ പരിശ്രമിക്കും. വിദ്യാര്‍ഥികളുടെ വികസനത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയാറാക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സക്രിയ സമീപനം സ്വീകരിക്കുമെന്നും ഇദ്ദേഹം പറയുന്നു. വിദ്യഭ്യാസ യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി, ഡി.എ.ഇ, എ.ഐ.എം.ഐ, ജി.എം.ഐ.എ.ഇ, സര്‍വേയര്‍.
സിജു തോമസ്
ഒരുകമ്പനിയിൽ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളുടെ നയരൂപവത്കരണത്തില്‍ പങ്കാളിയാകാന്‍ സാധിക്കുന്നത് വലിയ നേട്ടമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതര ജി.സി.സി രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒമാനില്‍ മികച്ച ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് സംവിധാനമുണ്ട്. ഒമാനില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ശ്രമിക്കും. ഈ സംവിധാനത്തിന്റെ പുരോഗതിക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സമയം തനിക്കുണ്ട്. യോഗ്യത: ബി കോം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.