ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ്; നാമനിർദേശക പത്രിക വിതരണം നാളെ മുതൽ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഫോം വിതരണം ഞായറാഴ്ചമുതൽ ആരംഭിക്കും. 21 മുതല്‍ പത്രിക സ്വീകരിച്ചു തുടങ്ങും. ഡിസംബര്‍ ഏഴ് ഉച്ചക്ക് ഒരു മണിവരെ പത്രിക സ്വീകരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഇവ സമര്‍പ്പിക്കാവുന്നതാണ്.
ഡിസംബര്‍ 14ന് നാമനിര്‍ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാവും. ഡിസംബര്‍ 26ന് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.
സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ഡിസംബര്‍ 27ന് പ്രസിദ്ധീകരിക്കും. ജനുവരി 11ന് മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. അന്നുതന്നെ ഫലപ്രഖ്യാപനവും നടക്കും. കാലത്ത് എട്ട് മുതല്‍ വൈകുന്നേരം എട്ട് വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ദിവസം സ്കൂള്‍ പരിസരത്തോ പുറത്തോ ഒരു വിധത്തിലുള്ള വോട്ട് പിടുത്തവും അനുവദിക്കില്ല. തിരഞ്ഞെടുപ്പ് കമീഷന് നിലവില്‍ വോട്ടര്‍ പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും അറിയുന്നതിന് www.indianschoolsbodelection.org എന്ന വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്.പാരന്റ് ഐഡിയുടെ സഹായത്തോടെ വോട്ടുചെയ്യാനുള്ള യോഗ്യത പരിശോധിക്കാം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ആവശ്യമായ യോഗ്യതകളും മാര്‍ഗ നിര്‍ദേശങ്ങളും തെരഞ്ഞെടുപ്പ് നിയമാവലിയിലുണ്ട്.
വോട്ടര്‍ പട്ടിക ഈ മാസം 16ന് മസ്കത്ത് ഇന്ത്യന്‍ സ്കൂളിന്റെ നോട്ടീസ് ബോര്‍ഡില്‍ പതിക്കും. വോട്ടവകാശം ലഭിക്കാത്തവര്‍ക്കോ പരാതിയുള്ളവര്ക്കോ ബോര്‍ഡ് അതികൃതരെ അറിയിക്കാവുന്നതാണ്. സ്കുൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മൊത്തം 11 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലുണ്ടാവുക.
എന്നാൽ ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുണ്ടാവുക. ഇന്ത്യൻ സ്കൂൾ വാദീകബീർ, ഇന്ത്യൻ സ്കൂൾ ഗൂബ്ര എന്നിവക്ക് രണ്ട് പ്രതിനിധികൾ വീതമുണ്ടാവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാമെങ്കിലും എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്നതിൽനിന്നും വിട്ട് നിൽക്കണം.
എന്നാൽ വാഗ്ദാനങ്ങളും മറ്റും നൽകി വോട്ടുകൾപിടിക്കുന്നത് തെരഞ്ഞെടുപ്പ് നിയമ ലംഘനമായിരിക്കും. തികച്ചും സമാധാനപരവും സൗഹൃദ പരവുമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളാണ് ഇലക്ഷൻ കമീഷൻ നടത്തുന്നത്. എതിർ സ്ഥാനാർഥികളെ അധിക്ഷേപിക്കുന്നതും നിന്ദിക്കുന്നതും നിയമ വിരുദ്ധമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബാബു രാജേന്ദ്രന്, അംഗങ്ങളായ കെ.എം. ഷക്കീല്‍, ദിവേഷ് ലുമ്പാ, മൈതിലി ആനന്ദ്, താപന്‍ വിസ്, മറിയം ചെറിയാന് എന്നിവരടങ്ങിയ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.