മികവ് പുലർത്തിയ അധ്യാപകർക്ക് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ആദരം
text_fieldsമസ്കത്ത്: അധ്യാപന രംഗത്ത് മികവ് പുലർത്തിയവർക്ക് ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ഏർപ്പെടുത്തിയ ‘നവീൻ ആഷർ-കാസി അവാർഡ് ഫോർ എക്സലൻസ് ഫോർ ടീച്ചിങ്’ പുസ്കാരങ്ങൾ വിതരണം ചെയ്തു. ബൗഷർ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ശൈഖ് ഫൈസൽ അബ്ദുല്ല അൽ റവാസ് മുഖ്യാതിഥിയായി. മസ്കത്ത് ഒമാൻ ഡെന്റൽ കോളജ് ഡീൻ പ്രഫസർ നുതയ്ല അൽ ഹർത്തി വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. അവാർഡ് രക്ഷാധികാരികളായ കിരൺ ആഷറും കുടുംബവും, ഖിംജി രാംദാസ് ഗ്രൂപ് ഓഫ് കമ്പനീസ് ഡയറക്ടർ ഡോ. അനിൽ ഖിംജി, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റീന ജെയിൻ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ പി.ടി.കെ ഷമീർ, ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, മുൻ ചെയർപേഴ്സൺമാരായ യൂസഫ് നൽവാല, സന്ദീപ് അറോറ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, പ്രസിഡന്റുമാർ, പ്രിൻസിപ്പൽമാർ, അധ്യാപന രംഗത്തു മികവിനുള്ള അവാർഡ് ലഭിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലായി അവാർഡ് നേടിയവർ: കിന്റർഗാർട്ടൻ- സാഹിദ ഫൈസ് പാർക്കർ (ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീർ), ആശ ഫയാസെയ്ത് (ഇന്ത്യൻ സ്കൂൾ മബേല), പ്രൈമറി- ഡെൽഫി ഉമേഷ്, സി.എ. റസിയ (ഇന്ത്യൻ സ്കൂൾ മബേല), മിഡിൽ സ്കൂൾ വിഭാഗം- പ്രദീപ് രാമസ്വാമി, (ഇന്ത്യൻ സ്കൂൾ മബേല), പാർവതി ബാബു (ഇന്ത്യൻ സ്കൂൾ സൂർ), സീനിയർ സ്കൂൾ വിഭാഗം- ഇന്ദിര സുകുമാരൻ (ഇന്ത്യൻ സ്കൂൾ സുഹാർ), അമ്പിളി സുന്ദരേശൻ (ഇന്ത്യൻ സ്കൂൾ നിസ്വ), കോ-സ്കോളാസ്റ്റിക് വിഭാഗം- സുമിത്ര ബഡോണി (ഇന്ത്യൻ സ്കൂൾ മബേല), എൽദോ ടി. ഔസേഫ് (ഇന്ത്യൻ സ്കൂൾ മസ്കത്ത്).
ഇതിന് പുറെമ വിവിധ വിഭാഗങ്ങളിലായി മുപ്പത്തിമൂന്ന് അധ്യാപകർക്ക് വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള അംഗീകാര സർട്ടിഫിക്കറ്റും നൽകി. ദീർഘകാലം സേവനത്തിന് ഇന്ത്യൻ സ്കൂൾ ഇബ്രി പ്രിൻസിപ്പൽ വി.എസ്.സുരേഷ്, ഇന്ത്യൻ സ്കൂൾ ബുറൈമി പ്രിൻസിപ്പൽ ശാന്ത കുമാർ ദാസരി എന്നിവരെ ആദരിച്ചു. സുവോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയതിന് സുഹാർ ഇന്ത്യൻ സ്കൂളിലെ ഡോ. അൽക്ക സിംഗിനെ അനുമോദിച്ചു. തുടർച്ചയായി പത്താം വർഷവും പരിപാടി സംഘടിപ്പിക്കുന്നതിൽ ഉദാരമായ പിന്തുണ നൽകിയ കിരൺ ആഷറിനും കുടുംബത്തിനും ചെയർമാൻ നന്ദി പറഞ്ഞു. വിദ്യാർഥികളുടെ ജീവിതത്തിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ആമുഖ പ്രസംഗത്തിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം എടുത്തുപറഞ്ഞു.
ഒരു രാജ്യത്തിന്റെ ഗുണനിലവാരം അതിന്റെ പൗരന്മാരെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് മുഖ്യാതിഥിയായ ശൈഖ് ഫൈസൽ അബ്ദുല്ല അൽ റവാസ് പറഞ്ഞു.
അതിന്റെ പൗരന്മാരുടെ ഗുണനിലവാരം അവരുടെ വിദ്യാഭ്യാസത്തെയും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഏതൊരു രാജ്യത്തിന്റെയും നട്ടെല്ലായ അവിടത്തെ അധ്യാപകരെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസ് മുറികളിലെ വിദ്യാഭ്യാസം മാത്രമല്ല, മൂല്യങ്ങളും ജീവിത നൈപുണ്യങ്ങളും നൽകി വിദ്യാർഥികളെ ജീവിതത്തിൽ വിജയിപ്പിക്കുന്നതിലും അധ്യാപകർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വിശിഷ്ടാതിഥിയും മുഖ്യപ്രഭാഷകനുമായ പ്രഫസർ നുതയ്ല അൽ ഹാർത്തി പറഞ്ഞു.
അധ്യാപന രംഗത്തെ മികവിനുള്ള നവീൻ ആഷർ-കാസി അവാർഡിന്റെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക മത്സരത്തിലെ വിജയികൾക്ക് ജയശ്രീ ആഷറും ജെസൽ ആഷർ രാജ്ദയും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.
അംബിക പത്മനാഭൻ (ഇന്ത്യൻ സ്കൂൾ ബൗഷർ), എം.വി.എസ്.ആർ സോമയാജുലു (ഇന്ത്യൻ സ്കൂൾ മസ്കത്ത്), കവിത അശോകൻ (ഇന്ത്യൻ സ്കൂൾ മബേല), സന്ധ്യ രാകേഷ് (ഇന്ത്യൻ സ്കൂൾ ജഅലാൻ), സൗമി സജി (ഇന്ത്യൻ സ്കൂൾ മബേല), ജെ. ഇൻഫൻസി ജെർമില റാണി (ഇന്ത്യൻ സ്കൂൾ സുറഹാർ) എന്നിവരാണ് സമ്മാനത്തിനർഹരായത്. ചടങ്ങിന് മാറ്റുകൂട്ടി ബൗഷർ സ്കൂളിലെ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. ഇന്ത്യൻ സ്കൂൾ ബൗഷർ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷൺമുഖം പുരുഷോത്തമൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.