ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി 20ന്
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് അടുത്ത വർഷം ജനുവരി 20ന് നടക്കും. അന്ന് തന്നെ ഫല പ്രഖ്യാപനവും ഉണ്ടാകും. ഡയറക്ടർ ബോർഡിലെ അഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഈ അഞ്ച് അംഗങ്ങളിൽനിന്നാണ് ഡയറക്ടർ ബോർഡ് ചെയർമാനെ തെരഞ്ഞെടുക്കുക. ഇലക്ഷൻ കമ്മീഷണറായി ബാബുരാജേന്ദ്രനെ കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗം തെരഞ്ഞെടുത്തു. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന സബ് കമ്മിറ്റിയായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക.
ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കാണ് വോട്ടവകാശം. ഒരു രക്ഷിതാവിന് മാത്രമാണ് വോട്ടവകാശം. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ 9000ത്തിലധികം വിദ്യാർഥികളുണ്ട്. ഇവരുടെ 6000ത്തിലധികം വരുന്ന രക്ഷിതാക്കൾക്ക് വോട്ടവകാശമുണ്ടാവും. സ്പെഷൽ സ്കൂളിലെ 80 രക്ഷിതാക്കൾക്കും വോട്ടവകാശമുണ്ടാവും.
തലസ്ഥാന ഏരിയയിലെ കമ്യൂണിറ്റി സ്കൂൾ അല്ലാത്ത വാദീ കബീർ ഇന്ത്യൻ സ്കൂൾ, അൽ ഗുബ്റ ഇന്ത്യൻ സ്കൂളുകളുടെ രണ്ടു വീതം പ്രതിനിധികൾ ഡയറക്ടർ ബോർഡിലുണ്ടാവും. ഡയറക്ടർ ബോർഡിൽ നോമിനേറ്റ് ചെയ്യുന്നവരടക്കം 12അംഗങ്ങളാണുണ്ടാവുക. നിലവിൽ അഞ്ച് മലയാളി പ്രതിനിധികളാണ് ഡയറക്ടർ ബോർഡിലുള്ളത്. റഈസ് അഹമദ്, സി.എം. നജീബ്, എൻ. സിറാജുദ്ദീൻ, അംബുജാക്ഷൻ, സെബാസ്റ്റ്യൻ എന്നിവരാണ് മലയാളി പ്രതിനിധികൾ. ഇതിൽ റഈസ് അഹമദ്, സി.എം. നജീബ് എന്നിവർ അൽ ഗൂബ്റ ഇന്ത്യൻ സ്കൂൾ പ്രതിനിധികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.