ഇന്ത്യൻ സ്കൂൾ: പാഠപുസ്തക പ്രശ്നം പരിഹരിക്കുമെന്ന് ഡയറക്ടർ ബോർഡ്
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ പാഠ പുസ്തകങ്ങൾ എത്രയും വേഗം എത്തിക്കുമെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
അധ്യയന വർഷം തുടങ്ങിയിട്ടും പാഠ പുസ്തകങ്ങൾ ലഭിക്കാത്തതിനെതിരെ രക്ഷിതാക്കൾ പരാതി ഉയർത്തിയിരുന്നു. പാഠ പുസ്തക വിതരണം വൈകുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും രക്ഷിതാക്കളുടെ പരാതിയിലുണ്ടായിരുന്നു. ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലേക്കും പുസ്തകങ്ങളെത്തിക്കാനും പ്രത്യേക ടീമിനെ ഏർപ്പാട് ചെയ്തിരുന്നു. അവർ പുസ്തകങ്ങളെത്തിക്കാൻ വൈകിച്ചതോടെ ബോർഡ് വിഷയത്തിൽ ഇടപെട്ടതായും ബന്ധപ്പെട്ടവർ പറഞ്ഞു.
ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്ന് പുസ്തകങ്ങളെത്തിക്കുന്നതിനായി ഗതാഗത മേഖലയിൽ അനുഭവപ്പെട്ട പ്രശ്നങ്ങളാണ് പുസ്തകങ്ങൾ വൈകാൻ പ്രധാന കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാലും ബോർഡ് പ്രശ്നത്തിന്റെ പിന്നാലെയുണ്ട്. 85 ശതമാനത്തിലധികം പുസ്തകങ്ങളും സ്കൂളുകളിൽ എത്തിയിട്ടുണ്ട്. മുഴുവൻ പുസ്തകങ്ങളും എത്രയും പെട്ടെന്ന് എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.
പാഠ പുസ്തകങ്ങൾ വൈകിയത് രക്ഷിതാക്കളെ അസ്വസ്ഥരാക്കിയിരുന്നു. ഈ വിഷയത്തിൽ ചില രക്ഷിതാക്കൾ ഡയറക്ടർ ബോർഡ് ചെയർമാണ് പരാതിയും നൽകിയിരുന്നു. ഇത് കുട്ടികളുടെ പഠനത്തിനും ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
രക്ഷിതാക്കൾ പാഠ ഭാഗങ്ങൾ ഫോട്ടോ എടുത്താണ് കുട്ടികൾക്ക് നൽകിയത്. ഇത് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയതായി രക്ഷിതാക്കൾ പരാതിയിൽ പറഞ്ഞിരുന്നു.
വിഷയത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡോ. സജി ഉദുപ്പാൻ, ജയാനന്ദൻ, സിജു തോമസ്, സൈമൺ, മനോജ് ജോസഫ് എന്നിവരാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ ഉദുപ്പാനാണ് പുസ്തകം വൈകുന്ന പ്രശ്നം ആദ്യമായി ഉയർത്തിക്കൊണ്ട് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.