ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി 21ലേക്ക് മാറ്റി
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന സ്കൂൾ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് അടുത്ത വർഷം ജനുവരി 21ലേക്ക് മാറ്റി. ദിവസങ്ങൾക്ക് മുമ്പ് ചേർന്ന ബോർഡ് യോഗം 20ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ 21ലേക്ക് മാറ്റുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇലക്ഷൻ കമീഷണറായി ബാബു രാജേന്ദ്രനെ ഡയറക്ടർ ബോർഡ് യോഗം തിരഞ്ഞെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന സബ് കമ്മിറ്റിയായിരിക്കും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക. ഡയറക്ടർ ബോർഡിലെ അഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഈ അഞ്ച് അംഗങ്ങളിൽനിന്നാണ് ഡയറക്ടർ ബോർഡ് ചെയർമാനെ തെരഞ്ഞെടുക്കുക.
ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കാണ് വോട്ടവകാശം. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ 9000ത്തിലധികം വിദ്യാർഥികളുണ്ട്. ഇവരുടെ 6000ത്തിലധികം വരുന്ന രക്ഷിതാക്കൾക്ക് വോട്ടവകാശമുണ്ടാവും. സ്പെഷൽ സ്കൂളിലെ 80 രക്ഷിതാക്കൾക്കും വോട്ടവകാശമുണ്ടാവും.
തലസ്ഥാന ഏരിയയിലെ കമ്യൂണിറ്റി സ്കൂൾ അല്ലാത്ത വാദീ കബീർ ഇന്ത്യൻ സ്കൂൾ, അൽ ഗുബ്റ ഇന്ത്യൻ സ്കൂളുകളുടെ രണ്ടു വീതം പ്രതിനിധികൾ എന്നിവർ ഡയറക്ടർ ബോർഡിലുണ്ടാവും. ഡയറക്ടർ ബോർഡിൽ നോമിനേറ്റ് ചെയ്യുന്നവരടക്കം 12 അംഗങ്ങളാണുണ്ടാവുക. നിലവിൽ അഞ്ച് മലയാളി പ്രതിനിധികളാണ് ഡയറക്ടർ ബോർഡിലുള്ളത്. റഈസ് അഹമദ്, സി.എം. നജീബ്, എൻ. സിറാജുദ്ദീൻ, അംബുജാക്ഷൻ, സെബാസ്റ്റ്യൻ എന്നിവരാണ് മലയാളി പ്രതിനിധികൾ. ഇതിൽ റഈസ് അഹമ്മദ്, സി.എം. നജീബ് എന്നിവർ അൽ ഗൂബ്റ ഇന്ത്യൻ സ്കൂൾ പ്രതിനിധികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.