ഇന്ത്യൻ സ്കൂൾ ജഅലാൻ കായികദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ ജഅലാൻ മാനസികവും കായികവുമായ ഊർജം നൽകി 31ാമത് കായിക ദിനം ആഘോഷിച്ചു. സ്കൂൾ മൈതാനത്ത് നടന്ന പരിപാടിയിൽ ഒ.ആർ.ഒ ഫിഷറിസ് സി.ഇ.ഒ സലിം ഖാമിസ് അൽ-ജാഫരി മുഖ്യാതിഥിയായി. കായികപതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അക്കാദമിക് ചെയർപേഴ്സൺ പി.എസ്. പ്രീത, ട്രഷറർ സിറാജുദ്ദീൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. രക്ഷാകർത്താക്കൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒമാന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾക്ക് ശേഷം ഡെപ്യൂട്ടി സ്പോർട്സ് ക്യാപ്റ്റൻ മാസ്റ്റർ മുഹമ്മദ് ഫെബിൻ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് മാർച്ച് പാസ്റ്റ് നടന്നു.
ഹൗസ് പതാകകൾ ഉയർത്തിയതോടെ അത്ലറ്റിക് മീറ്റിന് ഔദ്യോഗികമായി തുടക്കമായി. കായികരംഗത്ത് നീതിയുടെയും സമഗ്രതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ ഹൗസ് അംഗങ്ങളും പ്രതിജ്ഞയെടുത്തു. ശേഷം കെ.ജി പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച എയ്റോബിക്സ്, യോഗ, ഹ്യൂമൻ പിരമിഡ് തുടങ്ങിയ കായികാഭ്യാസങ്ങൾ പരിപാടിയുടെ മാറ്റുകൂട്ടി.
പ്രിൻസിപ്പൽ സീമ ശ്രീധർ മുഖ്യാതിഥിക്ക് ഉപഹാരം സമർപ്പിച്ചു. മുഖ്യാതിഥിയും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന് വിജയികൾക്ക് സമ്മാനവിതരണം നിർവഹിച്ചു. ഏറ്റവും ഉയർന്ന പോയന്റുകൾ കരസ്ഥമാക്കി ബ്ലൂ ഹൗസ് കായിക മത്സരങ്ങളിലെ ചാമ്പ്യന്മാരായി. ഹെലൻ ജേക്കബ് നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.