സുവർണ ജൂബിലി നിറവിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത്
text_fieldsഇന്ത്യൻ സ്കൂൾ മസ്കത്ത്
മസ്കത്ത്: അഞ്ച് പതിറ്റാണ്ടുകാലം മസ്കത്തിലെ ഇന്ത്യൻ വിദ്യാർഥി സമൂഹത്തിന് അക്ഷര വെളിച്ചം പകർന്ന ഇന്ത്യൻ സ്കൂൾ മസ്കത്ത് സുവർണ ജൂബിലി നിറവിൽ. 1975ൽ 135 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 9,200ലധികം വിദ്യാർഥികളുമായി ഗൾഫ് മേഖലയിൽത്തന്നെ തലയെടുപ്പുള്ള സ്ഥാപനമായി വളർന്നിട്ടുണ്ട്. മുൻ ഭരണാധികാരി അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദ് ദാനമായി ദാർസൈത്തിൽ നൽകിയ ഭൂമിയിലാണ് സ്കൂൾ സ്ഥാപിക്കുന്നത്.
ഗോൾഡൻ ജൂബിലി ആഘോഷത്തിന്റ ഭാഗമായി ഒരു വർഷം നീളുന്ന വിവിധങ്ങളായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ISM@50 എന്നപേരിൽ നടക്കുന്ന പരിപാടിയിൽ സ്ഥാപനത്തിന്റെ കഴിഞ്ഞ കാലത്തെ നേട്ടങ്ങളെ ആഘോഷിക്കുകയും ഭാവിയെ ശാക്തീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ്, ഇന്ത്യൻ സ്കൂൾ മസ്കത്ത് മാനേജ്മെന്റ് കമ്മിറ്റി, ഇന്ത്യൻ സ്കൂളുകൾ, പ്രിൻസിപ്പൽമാർ, സ്റ്റാഫ്, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒമാനി സർക്കാറിന്റെ അകമഴിഞ്ഞ പിന്തുണയാണ് മസ്കത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ നെടുംതൂണായി മാറാൻ ഈ വിദ്യാലയത്തിന് സാധിച്ചത്.
ISM@50 ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി ചിഹ്നം, ടാഗ്ലൈൻ, ലോഗോ മത്സരം എന്നിവ നടത്തി. ടാഗ്ലൈൻ മത്സരത്തിൽ 12ാം ക്ലാസ് ഡിയിലെ മുഹമ്മദ് റയാൻ ഖുറൈഷി വിജയിച്ചു. ലോഗോ രൂപകൽപനയിൽ സ്കൂളിലെ മിഡിൽ വിഭാഗത്തിലെ ജീവനക്കാരൻ മണികണ്ഠൻ ഗോവിന്ദരാജി, ചിഹ്ന രൂപകൽപനയിൽ സീനിയർ വിഭാഗത്തിലെ ജീവനക്കാരൻ സജീവ് മങ്ങാട്ടിൽ ദാസയ്യയും വിജയിച്ചു. 2024 ഏപ്രിൽ മുതൽ അടുത്ത വർഷം മാർച്ചുവരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ സംഗീതം, നൃത്തം, സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, സ്കൂളിന്റെ മഹത്തായ പാരമ്പര്യം, ഒമാന്റെ സംസ്കാരം എന്നിവ പ്രതിഫലിപ്പിക്കുന്നതായിരിക്കും പരിപാടികൾ. ‘ഐ.എസ്.എം ടോക്സ്’ എന്നപേരിൽ പരിപാടി നടത്തും. വിദ്യാഭ്യാസത്തിലെ സാങ്കേതിക സംയോജനവുമായി ബന്ധപ്പട്ട് ബോർഡ് ഓഫ് ഡയറക്ടെഴ്സ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പൂർവ വിദ്യാർഥികൾ എന്നിവർ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.
ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ഇൻറർ ഹൗസ് നാടക മത്സരം, പെയിന്റിങ് മത്സരം, ഐ.എസ്.എം ടാലന്റ്, എല്ലാ സ്കൂളുകളിലെയും വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ റോക്ക് ഫെസ്റ്റ്, ഐ.എസ്.എമ്മിനും മറ്റ് സ്കൂളുകൾക്കുമായി ആർട്ട് എക്സിബിഷൻ, രക്തദാന ക്യാമ്പും സകാത്തും ഉൾപ്പെടെയുള്ള കമ്യൂണിറ്റി സേവന പ്രവർത്തനങ്ങൾ, ഇന്ത്യൻ സ്കൂൾ മസ്കത്തിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള മത്സര പരിപാടികൾ, കോമഡി സ്കിറ്റ്, ഫാഷൻ ഷോ, സ്കൂളിന്റെ ചരിത്രത്തിൽനിന്നുള്ള ഓർമകളും മറ്റും കാണിക്കുന്നതിനുള്ള കാലിഡോസ്കോപ് പ്രദർശനം, പൂർവ വിദ്യാർഥികളുടെ ഒത്തുചേരൽ, കാർണിവൽ, മെഗാ സ്റ്റേജ് ഷോ എന്നിവയും നടക്കും.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലുള്ള സ്കൂളിന്റെ വിജയവും മുന്നേറ്റവും ഭാവിയിലേക്ക് ശുഭാപ്തിവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും പോകാനുള്ള കരുത്ത് നൽകുന്നുണ്ടെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ സ്കൂൾ മസ്കത്ത് അതിന്റെ മികവ്, സമഗ്രത, ഉൾക്കൊള്ളൽ എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ വൻ വിജയമാക്കുന്നതിന് മികച്ച ആസൂത്രണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനായുള്ള തയാറെടുപ്പുകൾ ഈ വർഷം തുടക്കത്തിൽത്തന്നെ ആരംഭിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.