ഇന്ത്യൻ സ്കൂൾ മസ്കത്ത് ഓപൺ ഫോറം ചേർന്നു; പഠന, ഭരണനിർവഹണ വിഷയങ്ങളുന്നയിച്ച് രക്ഷിതാക്കൾ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിലെ (ഐ.എസ്.എം) രക്ഷിതാക്കളുടെ ഓപൺ ഫോറം മൾട്ടി പർപ്പസ് ഹാളിൽ നടന്നു. നാലു വർഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു ഓപൺ ഫോറം നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും നൂറിലേറെ രക്ഷിതാക്കൾ പങ്കെടുത്തു. പഠന, പഠനേതര വിഷയങ്ങൾ, സ്കൂൾ ഭരണ നിർവഹണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ആശങ്കകളും രക്ഷിതാക്കൾ സ്കൂൾ അധികൃതരുടെ മുന്നിൽ ഉന്നയിച്ചു. ഓപൺ ഫോറത്തിലേക്കുള്ള ചോദ്യങ്ങൾ മുൻകൂട്ടി ഗൂഗ്ൾ ഫോം വഴി ക്ഷണിച്ചിരുന്നു. ഇതിൽനിന്നുള്ള പൊതുവായ ചോദ്യങ്ങൾക്ക് അധികൃതർ മറുപടി നൽകി.
സ്കൂളുകളുടെ ഭൗതിക നിലവാരം ഉയർത്തുന്നതിനായി വാങ്ങുന്ന 10 റിയാൽ ഫീസ് ഒഴിവാക്കണമെന്നായിരുന്നു പ്രധാന ആവശ്യങ്ങളിലൊന്ന്. ഇത് ഒഴിവാക്കാൻ മുമ്പ് തീരുമാനിച്ചതായിരുന്നെങ്കിലും നടപ്പിൽ വന്നില്ലെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ബോർഡുമായി സംസാരിച്ചിട്ട് ഉചിതമായ തീരുമാനമുണ്ടാക്കാമെന്ന് ചെയർമാൻ ശിവകുമാർ മാണിക്കം അറിയിച്ചു. സ്കൂൾ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളേക്കാൾ നോമിനേറ്റഡ് മെംബർമാർക്ക് അധികാരം നൽകുന്നതാണ് സ്കൂൾ ബൈലോയിലുള്ളത്. ഈ അധികാരം ഉപയോഗിച്ച് ഇവർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിൽ ഇടപെടുന്നുണ്ട്. അതുകൊണ്ടുതന്നെ സ്കൂൾ ബൈലോ മാറ്റി എഴുതണമെന്ന നിർദേശവും രക്ഷിതാക്കൾ മുന്നോട്ടുവെച്ചു. ഇക്കാര്യത്തിൽ ചില നടപടികളുമായി ബോർഡ് മുന്നോട്ടുപോയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സൂതാര്യമാക്കണമെന്നും ഒഴിവുകൾ വരുന്ന ഡൊമൈനുകൾ കൃത്യമായി നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സ്കൂളുകളുടെ ഇൻഷൂറൻസുമായി ബന്ധപ്പെട്ട് അന്വേഷണ കമീഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യകതയും രക്ഷിതാക്കൾ ഉന്നയിച്ചു. ബോർഡുമായി സംസാരിച്ച് റിപ്പോർട്ട് പുറത്തുവിടുന്നതാണെന്നും ചെയർമാൻ വ്യക്തമാക്കി. ഓപൺ ഫോറം ഇനി മുടങ്ങാതെ കൃത്യമായ ഇടവേളകളിൽ നടത്താനും തീരുമാനമായി. സ്കൂളിന്റെ തുടർച്ചയായ പുരോഗതിക്കായി സ്കൂളും രക്ഷിതാക്കളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയായിരുന്നു ഓപൺ ഫോറത്തിലൂടെ ലക്ഷ്യമിട്ടത്.
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തൽ, അധ്യാപകർക്ക് പരിശീലന ക്ലാസ്, ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിലുള്ള സൂക്ഷ്മത, ഗതാഗത സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉടനടി പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് രക്ഷിതാവായ ഡോ. സജി ഉതുപ്പാൻ പറഞ്ഞു. മികച്ച രീതിയിൽ ഓപൺ ഫോറം സംഘടിപ്പിച്ചതിന് സ്കൂൾ ബോർഡിനും മാനേജ്മെന്റിനും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ഷറഫുദ്ദീൻ യൂസുഫ് ഓപൺ ഫോറത്തിന്റെ മോഡറേറ്ററായി. പ്രിൻസിപ്പൽ രാകേഷ് ജോഷി, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം, വൈസ് പ്രസിഡന്റ് സിയാഹുൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യൻ സ്കൂളുകളിൽ ഓപൺ ഫോറം പുനരാരംഭിക്കലും അക്കാദമികവും മറ്റനുബന്ധ വിഷയങ്ങളും ചൂണ്ടിക്കാട്ടി നിരവധി തവണ വിവിധ രക്ഷിതാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡയറക്ടർ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓപൺ ഫോറത്തിന് തുടക്കമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ ദാർസൈത്തിലും ഓപൺ ഫോറം ചേർന്നിരുന്നു. വരും ദിവസങ്ങളിൽ മറ്റ് സ്കൂളുകളിലും ഓപൺ ഫോറങ്ങൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.