ഇന്ത്യൻ സ്കൂൾ ടാലന്റ് ഫെസ്റ്റ്: ഇന്ത്യൻ സ്കൂൾ വാദികബീർ ജേതാക്കൾ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ സ്കൂൾ ടാലന്റ് ഫെസ്റ്റിൽ (ഐ.എസ്.ടി.എഫ്) ഇന്ത്യൻ സ്കൂൾ വാദികബീർ ഓവറോൾ ചാമ്പ്യന്മാരായി. ഇന്ത്യൻ സ്കൂളിനാണ് രണ്ടാം സ്ഥാനം.
ഇന്ത്യൻ സ്കൂൾ വാദികബീറിൽ നടന്ന പരിപാടിയിൽ 22 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ചു. 39 മത്സരാധിഷ്ഠിതവും രണ്ട് മത്സരേതര പരിപാടികളും സംഘടിപ്പിച്ചു.
ഒരു ലോകം, ഒരു കുടുംബം എന്ന തലക്കെട്ടിലായിരുന്നു പരിപാടി. ഇന്ത്യൻ സ്കൂൾ സീനിയർ സ്കൂളിലെ മൾട്ടിപർപസ് ഹാളിൽ നടന്ന പരിപാടി മുഖ്യാതിഥിയായ ഒമാനിലെ അറബ് ഓപൺ യൂനിവേഴ്സിറ്റി ബിസിനസ് സ്റ്റഡീസ് ഫാക്കൽറ്റി ആക്ടിങ് ഡീൻ ഡോ. കബാലി പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
മസ്കത്ത് ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ ഫസ്റ്റ് സെക്രട്ടറിയും ചാൻസറി മേധാവിയുമായ പർദീപ് കുമാർ, ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സൽമാൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെയും ഇന്ത്യൻ എംബസിയിലെയും അംഗങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ അംഗങ്ങൾ, ഷെയ്ഖ് അനിൽ ഖിംജി, രാജേന്ദ്ര വേദ്, വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, മറ്റ് ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, മാതാപിതാക്കൾ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ഐ.എസ്.ഡബ്ല്യു.കെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ഹോണററി പ്രസിഡന്റ് സച്ചിൻ തോപ്രാനിയുടെ സ്വാഗതത്തോടെയാണ് പരിപാടി ആരംഭിച്ചത്. വൈവിധ്യമാർന്ന സംസ്കാരങ്ങൾക്കിടയിലുള്ള ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സൽമാൻ സംസാരിച്ചു. രണ്ട് ദിവസം നീണ്ട മേള വിദ്യാർഥികളുടെ കഴിവുകൾ പ്രകടമാക്കുന്നതായിരുന്നു.
സമാപന ചടങ്ങിൽ, ടൈംസ് ഓഫ് ഒമാൻ, അൽ ഷബീബ അറബിക് ന്യൂസ്പേപ്പർ, മസ്കത്ത് മീഡിയ ഗ്രൂപ് ചെയർമാൻ മുഹമ്മദ് ഈസ അൽ സദ്ജാലി, ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഒമാൻ രാജകീയ ഗാനവും ഇന്ത്യയുടെ ദേശീയഗാനവും ആലപിച്ച് പരിപാടിക്ക് തിരശ്ശീല വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.