മസ്കത്തിലെ ഇന്ത്യൻ സ്കൂളുകൾ മൂന്നിന് തുറക്കും
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകൾ ഒക്ടോബർ മൂന്നു മുതൽ തുറന്നു പ്രവർത്തിക്കും. എല്ലാ സ്കൂളുകളിലും 12ാം ക്ലാസ് മാത്രമാണ് ഒന്നാം ഘട്ടത്തിൽ തുറക്കുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരിക്കും ക്ലാസുകൾ ആരംഭിക്കുക. മറ്റു ക്ലാസുകൾ ഘട്ടം ഘട്ടമായാണ് തുറക്കുക. സ്കൂളുകൾ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഒന്നാം ഘട്ടത്തിൽ 12 ാം ക്ലാസും രണ്ടാം ഘട്ടത്തിൽ പത്തും മൂന്നാം ഘട്ടത്തിൽ 11 ഉം നാലാം ഘട്ടത്തിൽ ഒമ്പതും അഞ്ചാം ഘട്ടത്തിൽ എട്ടും എന്ന നിലയിൽ ക്ലാസുകൾ ആരംഭിക്കാനാണ് സാധ്യത. എട്ടിൽ താഴെയുള്ള ക്ലാസുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ആയിട്ടില്ല. വാക്സിനേഷൻ എടുത്ത കുട്ടികൾക്ക് മാത്രമായിരിക്കും സ്കൂളുകളിൽ പ്രവേശനം അനുവദിക്കുക.മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് നടക്കുക. ബാക്കി ദിവസങ്ങളിൽ ഒാൺലൈൻ ക്ലാസുകൾ തുടരും. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ക്ലാസ് ഉണ്ടാവുക. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഒാൺലൈൻ ക്ലാസുകളാണുണ്ടാവുക. ഓൺലൈൻ-ഓഫ്ലൈൻ ക്ലാസുകളുടെ പുതിയ ടൈംടേബിൾ അടുത്തയാഴ്ച മുതൽ നിലവിൽ വരും. ക്ലാസുകൾ രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും. ഒരു ദിവസം എട്ട് പിരീഡുകളുണ്ടാവും.
ഒാരോ പിരീഡിനു ശേഷവും അഞ്ചു മിനിറ്റ് ഇടവേള ഉണ്ടാവും. മൂന്നും ആറും പിരീഡിനു ശേഷം 15 മിനിറ്റ് ഇടവേളയുണ്ടാവും. രാവിലെ 6.55 ഓടെ കുട്ടികൾ ക്ലാസിൽ ഹാജരായിരിക്കണം. സ്കൂളുകളിൽ ഫിസിക്കൽ എജുക്കേഷൻ, ൈഫൻ ആർട്സ്, ൈലബ്രറി എന്നിവക്കും പിരീഡ് അനുവദിച്ചിട്ടുണ്ട്. കുട്ടികൾ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കണമെന്നും ഏതെങ്കിലും ഒരു പിരീഡിൽ പങ്കെടുക്കാത്ത കുട്ടികൾ മുഴുവൻ ദിവസവും അവധിയായി കണക്കാക്കുമെന്നും കുട്ടികൾക്ക് സ്കൂൾ അയച്ച സർക്കുലറിലുണ്ട്.
വിവിധ സ്കൂളുകൾ വിവിധ രീതിയിലാണ് ഒാഫ്ലൈൻ ക്ലാസുകൾ നടത്തുന്നത്. അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ അഞ്ച് ദിവസവും ക്ലാസുകൾ നടക്കുമെന്നറിയുന്നു. ഒാരോ ക്ലാസിലും 20 കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. ഒരു ക്ലാസിലെ കുട്ടികളെ രണ്ട് മുറികളിലായി ഇരുത്തുകയും ഒരു മുറിയിൽ നേരിട്ടും അടുത്ത മുറിയിൽ സ്ക്രീനിലുമാണ് ക്ലാസ് ഒരുക്കുക. ഇൗ സംവിധാനം ഇരു മുറികളിലുമായി മാറിക്കൊണ്ടിരിക്കും.
കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ മുൻകരുതലുകളും സ്കൂളുകൾ സ്വീകരിക്കുന്നുണ്ട്. സ്കൂൾ ബസുകൾക്കും കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങൾക്കും ഇൗ നിബന്ധനകൾ ബാധകമാണ്. കുട്ടികളെ സാമൂഹിക അകലം പാലിച്ചുകൊണ്ടു തന്നെ വാഹനത്തിൽ കയറ്റണമെന്നും കുട്ടികളെ സ്കൂളിെൻറ പുറത്തും റോഡിലും കാത്തിരിപ്പിക്കരുതെന്നും നിർദേശത്തിലുണ്ട്. സ്കൂളിലെത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും കൂടുതൽ ശരീര ഉൗഷ്മാവ് ഉള്ളവരെയും രോഗ ലക്ഷണങ്ങളുള്ളവരെയും തിരിച്ചയക്കണമെന്നും നിർദേശത്തിലുണ്ട്.
കുട്ടികൾ ക്ലാസ് മുറിയിൽ സാമൂഹിക അകലം പാലിക്കണമെന്നും ഒരു ക്ലാസിൽ 20 കൂടുതൽ കുട്ടികൾ ഇരിക്കരുതെന്നും അധികൃതർ നിർദേശിക്കുന്നു. ക്ലാസ് മുറിയിലും പ്രവേശന കവാടത്തിലും സാനിറ്റൈസറുകൾ വെക്കണമെന്നതടക്കം നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഇതൊക്കെ പാലിക്കുന്നതിൽ രോഗം പടരാതെ സൂക്ഷിക്കാനായാൽ അടുത്ത ഘട്ടം പ്രയാസം കൂടാതെ തുടരാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.