ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോവിഡ് അടക്കമുള്ള പ്രതിസന്ധികൾ കാരണം ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള മടക്കമാണ് സ്കൂളുകളെ പ്രതികൂലമായി ബാധിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജനുവരി 15 വരെ കാലയളവിൽ 4600ഒാളം കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയതായാണ് കണക്കുകൾ. ഏറ്റവും കൂടുതൽ കുട്ടികൾ പിരിഞ്ഞുപോയത് മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നിന്നാണ്.
ഇൗ കാലയളവിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നിന്ന് മാത്രം 878 കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി. വാദി കബീർ ഇന്ത്യൻ സ്കൂളിൽനിന്ന് 692 കുട്ടികളും സൊഹാർ ഇന്ത്യൻ സ്കൂളിൽനിന്ന് 511 കുട്ടികളും മുലദ ഇന്ത്യൻ സ്കൂളിൽനിന്ന് 329 കുട്ടികളും പിരിഞ്ഞുപോയി. അൽ ഗൂബ്ര, ദാർസൈത്ത്, സീബ് ഇന്ത്യൻ സ്കൂളുകളിൽ നിന്ന് ഇൗ കാലയളവിൽ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവരുടെ എണ്ണം 250ൽ കൂടുതലാണ്.
തലസ്ഥാന മേഖലയിലെ ഇന്ത്യൻ സ്കൂളുകളിലേക്ക് പുതിയ അധ്യയനവർഷത്തിലേക്ക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇൗ വർഷം മുഴുവൻ സീറ്റുകളിലും കുട്ടികളെത്താൻ സാധ്യതയില്ല. അതിനാൽ ചില സ്കൂളുകളിലേക്ക് ഒഴികെ നറുക്കെടുപ്പ് അടക്കം പ്രക്രിയകൾ ആവശ്യം വരില്ല.
സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് സ്കൂൾ ഡയറക്ടർ േബാർഡ് നൽകിയ ടെൻേൻററ്റീവ് വേക്കൻസി പട്ടികയിൽ ഏഴ് ഇന്ത്യൻ സ്കൂളുകളിലുമായി 7332 സീറ്റൊഴിവുകളാണ് കാണിക്കുന്നത്. യഥാർഥ സീറ്റൊഴിവുകൾ ഇതിലും വർധിക്കാൻ സാധ്യതയുണ്ട്. മുൻ വർഷങ്ങളിൽ ഒഴിവുകൾ 4500ൽ താെഴ മാത്രമാണ് ഉണ്ടായിരുന്നത്. ഡയറക്ടർ ബോർഡ് വെബ്സൈറ്റിലെ പട്ടികയിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിലാണ് ഏറ്റവും കൂടുതൽ സീറ്റൊഴിവുകൾ കാണിക്കുന്നത്.
മസ്കത്ത് ഇന്ത്യൻ സ്കൂളിൽ മൊത്തം 1925 സീറ്റുകളാണുള്ളത്. വാദീകബീർ ഇന്ത്യൻ സ്കൂളിൽ 1440 ഒഴിവുകളുണ്ട്. സീബ് ഇന്ത്യൻ സ്കൂളിൽ 1550ഉം ബോഷർ സ്കൂളിൽ 950ഉം ദാർസൈത്തിൽ 548ഉം മൊബേലയിൽ 544ഉം അൽ ഗൂബ്രയിൽ 375ഉം സീറ്റൊഴിവുകളാണ് അടുത്ത അധ്യയന വർഷം ഉണ്ടാവുക. സാധാരണ ഒന്നാം ക്ലാസിന് മുകളിൽ സീറ്റൊഴിവുകൾ ഉണ്ടാവാറില്ല. എന്നാൽ, അടുത്ത അധ്യയന വർഷം അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഒഴികെ എല്ലാ സ്കൂളുകളിലും മുതിർന്ന ക്ലാസുകളിൽപോലും നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലെ അവസ്ഥയിൽ കെ.ജി ഒന്ന്, രണ്ട്, ഒന്നാം ക്ലാസ് എന്നിവയിൽ മാത്രമാണ് പുതിയ അഡ്മിഷൻ ഉണ്ടാവുക. അതിനാൽ രണ്ടാം ക്ലാസിന് മുകളിലുള്ള ക്ലാസുകളിലെ ഒഴിവുകൾ നികത്തപ്പെടാൻ സാധ്യതയില്ല.
കഴിഞ്ഞ വർഷം പുതിയ അഡ്മിഷന് 4000ത്തിൽ കൂടുതൽ അപേക്ഷകരെത്തിയിരുന്നു. ഇൗ വർഷം അപേക്ഷകർ അതിലും കുറയാനാണ് സാധ്യത. ചുരുക്കത്തിൽ അടുത്ത അധ്യയന വർഷം ഇന്ത്യൻ സ്കൂളുകളിലെ കെ.ജി ക്ലാസുകളിൽപോലും കുട്ടികളുടെ കുറവ് ഉണ്ടാകാനിടയുണ്ട്. ഒമാനിലേക്ക് പുതിയ വിസയിൽ േജാലിക്കെത്തുന്നവരുടെ എണ്ണം തീരെ കുറവായതിനാൽ മുതിർന്ന ക്ലാസുകളിൽ പുതിയ അഡ്മിഷൻ പ്രതീക്ഷിക്കേണ്ടതില്ല. ജോലിനഷ്ടം, ശമ്പളക്കുറവ് തുടങ്ങി നിരവധി കാരണങ്ങളാൽ രക്ഷിതാക്കൾക്ക് ഫീസ് അടക്കാനും ബുദ്ധിമുട്ടുണ്ട്. മസ്കത്ത് ഇന്ത്യൻ സ്കൂളിൽ മാത്രം 170 കുട്ടികൾ ഫീസിളവിനായി അപേക്ഷ നൽകിയതായി അറിയുന്നു. നിലവിലെ അവസ്ഥയിൽ ഇന്ത്യൻ സ്കൂളുകൾ ചെലവുചുരുക്കൽ പദ്ധതിയുമായി മുേന്നാട്ടുപോവേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.