തലസ്ഥാനനഗരിയിലെ ഇന്ത്യൻ സ്കൂളുകൾ പത്തിന് തുറക്കും
text_fieldsമസ്കത്ത്: തലസ്ഥാനനഗരിയിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും ഞായറാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. നീണ്ട ഇടവേളക്ക് ശേഷം ഇൗ മാസം മൂന്നിന് തലസ്ഥാനനഗരിയിലെ ഇന്ത്യൻ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കേണ്ടതായിരുന്നു. എന്നാൽ, ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. ഞായറാഴ്ച മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് അധികൃതർ തകൃതിയായ ഒരുക്കങ്ങളാണ് നടത്തുന്നത്. മസ്കത്ത്, അൽ ഖുബ്റ ഇന്ത്യൻ സ്കൂളുകളിൽ 12ാം ക്ലാസ് മാത്രമാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. വാദി കബീർ, ദാർസൈത്ത് ഇന്ത്യൻ സ്കൂളുകളിൽ 10, 12 ക്ലാസുകളാണ് ഞായറാഴ്ച മുതൽ ആരംഭിക്കുന്നത്. അൽ ഗുബ്റ ഇൻറർനാഷനൽ സ്കൂളിൽ ഒമ്പത് മുതൽ 12വരെ പത്താം തീയതി മുതൽ പ്രവർത്തിക്കും. ഇൗ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഒാഫ്ലൈൻ സംവിധാനമാണ് ഒരുക്കുന്നത്.
അൽ ഖുബ്റ ഇന്ത്യൻ സ്കൂളിൽ ആഴ്ചയിൽ അഞ്ച് ദിവസവും 12ാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സ്കൂളിൽ ക്ലാസുകൾ നടത്തും. 20 കുട്ടികളെ ഒരു മുറിയിലും മറ്റുള്ളവരെ മറ്റൊരു മുറിയിലുമാണ് ഇരുത്തുക. ഒരു വിഭാഗത്തിന് നേരിട്ട് ക്ലാസുകൾ നടത്തുകയും ബാക്കിയുള്ളവരെ മറ്റൊരു മുറിയിൽ സ്മാർട്ട് ബോർഡുകൾ വഴി ക്ലാസുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്യുക. ഇവരെ നിരീക്ഷിക്കാൻ പ്രത്യേകം അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. ഇൗ പ്രക്രിയ രണ്ട് മുറിയിലുമായി മാറ്റിമാറ്റി നടത്തും. വാദി കബീർ ഇന്ത്യൻ സ്കൂൾ നേരത്തെ നൽകിയ സമയക്രമം പൂർണമായി മാറ്റിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ 11വരെ ഒാഫ് ൈലൻ ക്ലാസും ഒരു മണി മുതൽ നാല് മണിവരെ ഒാൺലൈൻ ക്ലാസുകളും എന്ന നിലയിലായിരുന്ന വാദി കബീറിൽ നേരത്തെ ക്ലാസുകൾ ഒരുക്കിയിരുന്നത്. ഇൗ സമ്പ്രദായം വാദി കബീർ സ്കൂൾ പൂർണമായി മാറ്റിയിട്ടുണ്ട്. പത്താം തീയതതി മുതൽ പത്ത്, 12 ക്ലാസുകൾക്കാണ് ഒാഫ്ലൈൻ ക്ലാസുകൾ നടക്കുക. രാവിലെ 7.10 മുതൽ 2.15 വരെയാണ് സമയം. ഒാൺലൈനും ഒാഫ്ലൈനും സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് ക്ലാസ് രീതിയാണ് ഇവിടെ നടപ്പാക്കുക. ഒമ്പത്, 11 ക്ലാസുകൾക്കും ഹൈബ്രിഡ് ക്ലാസ് രീതി തന്നെയാണ് വാദി കബീറിൽ നടക്കുക. അടുത്ത മാസം മൂന്ന് മുതലാണ് ഇൗ ക്ലാസുകൾ ആരംഭിക്കുക. ഉച്ചക്ക് 2.15ന് ശേഷം ക്ലാസുകൾ ഉണ്ടാവില്ലെന്നും സർക്കുലറിൽ പറയുന്നുണ്ട്.
ബാക്കിയുള്ള എല്ലാ ക്ലാസുകൾക്കും വീണ്ടുമൊരു അറിയിപ്പുണ്ടാവുന്നത് വരെ ഒാൺലൈൻ ക്ലാസുകൾ തുടരും. കെ.ജി ക്ലാസുകൾക്ക് അടക്കമുള്ളവ നേരിട്ട് നടത്തുമെന്ന് കഴിഞ്ഞ സർക്കുലറിൽ പറഞ്ഞിരുന്നു. പുതിയ സർക്കുലറിൽ ഒമ്പത്, പത്ത്, 11, 12 ക്ലാസുകൾ മാത്രമാണ് ഒാഫ്ലൈനായി നടത്തുക. ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ പത്ത്, 12 ക്ലാസുകളാണ് അടുത്ത ഞായറാഴ്ച മുതൽ ആരംഭിക്കുക. ഒമ്പത്, 11 ക്ലാസുകൾ ഇൗ മാസം 24 മുതൽ ആരംഭിക്കും.
ഏഴ്, എട്ട് ക്ലാസുകൾ അടുത്ത മാസം ഏഴ് മുതലാണ് ആരംഭിക്കുക. ബാക്കിയുള്ളവ എല്ലാം ഒാൺലൈനായി തുടരും. സീബ്, മൊബേല, ബോഷർ ഇന്ത്യൻ സ്കൂളുകളിലും സമാനരീതിയിൽതന്നെയാണ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.