ഇന്ത്യൻ സ്കൂളുകൾ ഒക്ടോബർ ആദ്യവാരം തുറക്കും
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തെത്തുടർന്നുള്ള നീണ്ട 18 മാസത്തെ ഇടവേളക്കു ശേഷം സ്വദേശി സ്കൂളുകളിൽ ഇന്ന് ക്ലാസുകൾ ആരംഭിക്കും. ഉയർന്ന ക്ലാസുകൾ മാത്രമാണ് ഇന്നു തുറക്കുക. 12നും 17നുമിടയിലുള്ള രണ്ട് വാക്സിനും സ്വീകരിച്ച വിദ്യാർഥികൾക്കും ജീവനക്കാർക്കും മാത്രമായിരിക്കും സ്കൂളുകളിലേക്കും പ്രവേശനം. 1204 സ്കൂളുകളിലെ വിദ്യാർഥികളാണ് തിരിച്ചെത്തുക. ഇതിൽ 1191 സ്കൂളുകൾ ബേസിക് എജുക്കേഷേന്റതും 13 എണ്ണം പോസ്റ്റ് ബേസിക് എജുക്കേഷേന്റതുമാണ്.
2954 അധ്യാപകരെ എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും ശേഷം സ്കൂളുകളിൽ പുതുതായി നിയമിച്ചിട്ടുണ്ട്. ഇതിൽ 2510 പേരും വനിത അധ്യാപകരാണ്. ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകൾ പുനരാരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഇന്ത്യൻ സ്കൂളുകൾ ഒക്ടോബർ ആദ്യവാരത്തിൽ തുറക്കുമെന്നും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. 12 വയസ്സിന് മുകളിലുള്ള വാക്സിൻ സ്വീകരിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമായിരിക്കും സ്കൂളുകളിൽ പ്രവേശനമുണ്ടാവുക. ഘട്ടം ഘട്ടമായിട്ടാകും ക്ലാസുകൾ പുനരാരംഭിക്കുകയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്യം പറഞ്ഞു.
രക്ഷിതാക്കൾക്കും സ്കൂൾ കാമ്പസിൽ പ്രവേശിക്കാൻ വാക്സിൻ നിബന്ധന ബാധകമായിരിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സമഗ്ര പ്രവർത്തന മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും ക്ലാസുകൾ ആരംഭിക്കുകയെന്നും ബോർഡ് ചെയർമാൻ അറിയിച്ചു.
അതിനിടെ സ്കൂളുകളിൽ ഞായറാഴ്ച അധ്യയനം പുനരാരംഭിക്കാനിരിക്കെ റോയൽ ഒമാൻ പൊലീസ് സുരക്ഷ മുന്നറിയിപ്പ് നൽകി. കോവിഡ് മുൻകരുതൽ നടപടികളെ കുറിച്ചും ഗതാഗത സുരക്ഷ നടപടികളെ കുറിച്ചും കെയർ ടേക്കർമാർ കുട്ടികൾക്ക് അവബോധം പകർന്നുനൽകണം. കുട്ടികൾ മുഖാവരണം ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഒത്തുചേരലുകൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.