ഒമാനിൽ ഇന്ത്യൻ സ്കൂൾ അഡ്മിഷൻ: ഓൺലൈൻ രജിസ്ട്രേഷൻ 26 മുതൽ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യായനവർഷത്തെ പ്രവേശത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേഷൻ ജനുവരി 26മുതൽ നടക്കും. ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡിന് കീഴിൽ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടക്കുക.
ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് (http://indianschoolsoman.com/our-services/admission-2022-23/) രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. 2022 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്‍റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക. റസിഡന്‍റ് വിസയുള്ള ഇന്ത്യയിലേയും മറ്റ് പ്രവാസി സമൂഹങ്ങളിലെയും കുട്ടികൾക്കും പ്രവേശനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണ് ഓൺ ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്‌പെഷ്യൽ എജ്യുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. രേഖകൾ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കൾ സ്കൂൾ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.