ഇന്ത്യൻ സോഷ്യൽ ക്ലബ് പുസ്തകോത്സവം 12 മുതൽ
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തുന്ന പുസ്തകോത്സവം ജനുവരി 12 മുതൽ 15 വരെ ദാർസൈത്തിലെ മൾട്ടി പർപസ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തുന്ന പുസ്തകോത്സവം ഒമാനിലെ പ്രമുഖ പുസ്തക വിതരണക്കാരായ അൽ ബാജ് ബുക്സുമായി സഹകരിച്ചാണ് നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 11ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്യും. ഒമാനിലെ പ്രമുഖ എഴുത്തുകാരും ചടങ്ങിൽ പങ്കെടുക്കും. ഇംഗ്ലീഷ്, അറബിക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള 50,000ത്തിൽ അധികം പുസ്തകങ്ങൾ മേളയിൽ ഉണ്ടാകും. രാവിലെ പത്തു മുതൽ മുതൽ രാത്രി പത്തുമണിവരെയാകും പ്രദർശനം. എല്ലാ പുസ്തകങ്ങളും 15 ശതമാനം ഇളവിൽ ലഭിക്കും.
എന്നാൽ, തിരഞ്ഞെടുത്ത പുസ്തകങ്ങൾ 15 മുതൽ 50 ശതമാനംവരെ കിഴിവിലും വാങ്ങാൻ കഴിയുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനുപുറമെ സാഹിത്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ എന്നിവ നടക്കും.
കുട്ടികളെ വായനയിലേക്ക് ആകർഷിക്കുക എന്നതിന്റെ ഭാഗമായി കളറിങ് മത്സരം, കവിത പാരായണം, ചെറുകഥ രചന, പുസ്തക നിരൂപണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഫിക്ഷൻ, നോൺ-ഫിക്ഷൻ, ചെറുകഥ, നോവൽ, അക്കാദമിക്, സ്റ്റഡി ഗൈഡുകൾ, വ്യാകരണ പുസ്തകങ്ങൾ എന്നിവയുടെ വലിയ ശേഖരമാണ് വായനക്കാർക്കായി ഒരുക്കിയിട്ടുള്ളത്. പ്രമുഖ ഒമാനി എഴുത്തുകാരായ ഡോ. സഈദ് അൽ സഖ്ലാവി, ഡോ. അലി മെഹ്ദി, നസ്റ അൽ അദവി, ജാസിം ഇസ്സ ഉബൈദ് അൽ ഖർത്തൂബി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
ഇന്ത്യൻ എംബസിയും ഇന്ത്യൻ സോഷ്യൽ ക്ലബും ചേർന്ന് നടത്തുന്ന ബുക്ക് ഫെസ്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് അൽ ബാജ് ബുക്സ് മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്ത് അലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് കൾചറൽ സെക്രട്ടറി ഷക്കീൽ കോമത്ത്, സുഹൈൽ ഖാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.