ഇന്ത്യൻ സോഷ്യൽ ക്ലബ് പുസ്തകോത്സവത്തിന് തുടക്കം
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തുന്ന പുസ്തകോത്സവത്തിന് തുടക്കമായി. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ഒമാൻ ആർട്ട് ആൻഡ് സോൾ ഡയറക്ടർ മുഹമ്മദ് ഇസ്സ അൽറവാഹി, നിസ്വ യൂനിവേഴ്സിറ്റി പ്രഫസർ സുലൈമാൻ സാലം അൽഹുസൈനി, ഹെയ്ലി സോണ്ടേഴ്സ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്, ഷക്കീല്‍ കോമത്ത്, അൽ ബാജ് ബുക്സ് മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്തലി തുടങ്ങിയവര്‍ സംബന്ധിച്ചു. ഒമാനിലെ പ്രമുഖ പുസ്തകവിതരണക്കാരായ അൽബാജ് ബുക്സുമായി സഹകരിച്ച് നടത്തുന്ന പരിപാടി 15 വരെ നീണ്ടുനിൽക്കും. 7500ൽപരം എഴുത്തുകാരുടെ 50,000ത്തിലധികം പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
മലയാളം, അറബി, ഹിന്ദി, ഇംഗ്ലീഷ്, ഒഡിയ, തമിഴ്, കന്നട, തെലുങ്ക്, ഉർദു, ബംഗള, പഞ്ചാബി, മറാത്തി, നേപ്പാളി ഭാഷകളിലെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. രാവിലെ പത്തു മുതൽ രാത്രി പത്തുമണിവരെയാണ് പ്രദർശനം. എല്ലാ പുസ്തകങ്ങളും 15 ശതമാനം ഇളവിൽ ലഭിക്കും. എന്നാൽ, തിരഞ്ഞെടുത്ത പുസ്കകങ്ങൾ 15 മുതൽ 50 ശതമാനം വരെ കഴിവിലും വാങ്ങാൻ കഴിയുന്നതായിരിക്കും. സാഹിത്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ, പുസ്തകപ്രകാശനങ്ങൾ എന്നിവയും നടക്കും. ആദ്യ ദിവസംതന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വരുംദിവസങ്ങളിൽ കൂടുതൽ അക്ഷരപ്രേമികൾ ഇവിടെ എത്തുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.