ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാനുകീഴില് മലയാളികള്‍ക്കായി പുതുതായി അനുവദിച്ച മലബാര്‍ വിഭാഗത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റൂവി ഗോള്‍ഡന്‍ തുലിപ്പ് ഹോട്ടലില്‍ നടന്നു. ഇന്ത്യന്‍ അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകള്‍ ഇല്ലാതെ എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണം വലിയൊരു സന്ദേശമാണ് ലോകത്തിനുതന്നെ നല്‍കുന്നതെന്ന് അംബാസഡർ പറഞ്ഞു.
ലോകമെമ്പാടുമുള്ള മലയാളിയുടെ ഏറ്റവും വലിയ ഗൃഹാതുരത്വമാണ് ഓണമെന്നും ലോകത്തെവിടെയുമുള്ള മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുനിർത്തുന്ന ഒരാഘോഷം വേറെ ഉണ്ടാകില്ലെന്നും മലബാര്‍ വിഭാഗം കണ്‍വീനര്‍ റയീസ് അഹമ്മദ് പറഞ്ഞു. ഒട്ടേറെ ആഘോഷങ്ങളുള്ള നമ്മുടെ നാട്ടിലെ മറ്റേതു ആഘോഷത്തിനും മതവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടെങ്കില്‍ ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളെ ഒറ്റച്ചരടില്‍ കോര്‍ക്കുന്ന ഒന്നാണെന്ന് കോ കണ്‍വീനര്‍ സിദ്ദീഖ് ഹസ്സന് പറഞ്ഞു.
ഡോ. പി. മുഹമ്മദ് അലി, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഭാരവാഹികളായ ബാബു രാജേന്ദ്രന്, പി.എം. ജാബിര്‍, കരൺജിത് സിങ്, ഷക്കീല്‍ കോമോത്, അജിത് നേഗി, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്മാന് ശിവകുമാര്‍ മാണിക്യം, ബദര്‍ അല്‍സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ലത്തീഫ്, പി. മുഹമ്മദ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ കെ.എ. ശബീര്‍, ഡോ. ജെ. രത്നകുമാര്‍, പി.എം. നജീബ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ പി. ശ്രീകുമാര്‍, കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ്കുമാര്‍ തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തില്‍നിന്നും ലണ്ടനിലേക്ക് വിവിധ രാജ്യങ്ങളിലൂടെ റോഡ് മാര്‍ഗം സൈക്കിളില്‍ യാത്ര ചെയുന്ന ഫായിസ് അഷ്റഫിനെ ചടങ്ങില്‍ ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച മലബാര്‍ വിഭാഗം അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും കോവിഡ് മഹാമാരിയുടെ സമയത്ത് സജീവ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ക്ലബ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ അംബാസഡര്‍ വിതരണം ചെയ്തു. തുടര്‍ന്ന് ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗുബ്ര ഇന്ത്യന്‍ സ്കൂള്‍ മലയാളം വിഭാഗം അധ്യാപകന് ഡോ. ജിതേഷ് അവതരിപ്പിച്ച പ്രശ്നോത്തരിയും അരങ്ങേറി. മലബാര്‍ വിഭാഗം ട്രഷറര്‍ പി.ടി.കെ. ഷമീര്‍ നന്ദി പറഞ്ഞു. ക്ലബ് ഭാരവാഹികളായ നിതീഷ് മാണി, അനീഷ് കടവില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.