ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ: മത്സരരംഗത്ത് 13 പേർ
text_fieldsമസ്കത്ത്: ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലേക്കായി മത്സരിക്കുന്നത് 13 പേർ. ആകെ 17 പേരായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ മൂന്നുപേർ പത്രിക പിൻവലിക്കുകയും വനിത സ്ഥാനത്തേക്ക് എതിരില്ലാതെ മറിയം ചെറിയാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഡോ. സതീഷ് നമ്പ്യാർ നയിക്കുന്ന പാനലിൽ ബാബു രാജേന്ദ്രൻ, സി.എം. സർദാർ, ഗോവിന്ദ് നെഗി, സജി അബ്രഹാം, സഞ്ജിത്ത് കനോജിയ, കെ.എം. ഷക്കീൽ, പി.ടി.കെ. ഷമീർ, സുഹൈൽ ഖാൻ, എസ്.ഡി.ടി. പ്രസാദ്, വിത്സൻ ജോർജ് എന്നിവരാണ് മത്സരിക്കുന്നത്. മാത്യു പി. തോമസും ഹരിദാസുമാണ് മത്സരരംഗത്തുള്ള മറ്റു രണ്ടുപേർ. ഇവർ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ഇതിൽ ഹരിദാസ് 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. 12 അംഗ ഭരണസമിതിയിലേക്ക് മാര്ച്ച് 17നാണ് തെരഞ്ഞെടുപ്പ്. ഇതേദിവസംതന്നെ വിജയികളെയും പ്രഖ്യാപിക്കും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ മൂന്നുദിവസത്തിനുള്ളിൽ റീകൗണ്ടിങ്ങും നടക്കും. മെംബർമാരായ 248 പേർക്കാണ് വോട്ടവകാശമുള്ളത്. ഒരംഗത്തിന് 12 വോട്ടാണുണ്ടാവുക. 13ാമത് വോട്ട് രേഖപ്പെടുത്തിയാൽ അത് അസാധുവായി കണക്കാക്കും. തിരഞ്ഞെടുക്കപ്പെടുന്ന 12 പേരിൽ നിന്നാകും പിന്നീട് ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ തീരുമാനിക്കുക. മാർച്ച് ഒന്നിനായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന സമയം.
രണ്ടിനാണ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചത്. ഒമാനിലെ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സോഷ്യൽ ക്ലബ് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിലൂന്നിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സൂർ, സലാല, സുഹാർ എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുമുണ്ട്. ഇതിൽ സൂറിലെ വാർഷിക ജനറൽ ബോഡിയും തെരഞ്ഞെടുപ്പും വെള്ളിയാഴ്ച നടക്കും.
ഇവിടെ 112 പേർക്കാണ് വോട്ടവകാശമുള്ളത്. കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്നതിനായി അംഗത്വ ഫീസ് തുക കുറക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, പ്രവർത്തന ചെലവ് താങ്ങാൻ കഴിയാത്തതിനാലാണ് തുക കുറക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.