ഒമാൻ: ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ‘സംയുക്ത ദർശനരേഖ’
text_fieldsമസ്കത്ത്: വിവിധ മേഖലകളിൽ ഒമാനും ഇന്ത്യയും കൈവരിച്ച പുരോഗതിയിലും ഇതിന് സഹായകമായ ഉന്നതതല സന്ദർശനങ്ങളുടെ തുടർച്ചയിലും സുൽത്താൻ ഹൈതം ബിൻ താരിഖും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംതൃപ്തി രേഖപ്പെടുത്തി. സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സംയുക്ത2പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ-സുരക്ഷാസഹകരണം, പ്രതിരോധം, വ്യാപാരം, ഊർജ സുരക്ഷ, പുനരുപയോഗം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവൻ ശ്രേണിയെക്കുറിച്ചും ഇരു രാജ്യങ്ങളുടെ നേതാക്കളും ചർച്ച നടത്തി.
പ്രത്യേക അതിഥി രാജ്യമായി ജി 20യിൽ പങ്കെടുക്കാൻ ഒമാനെ ക്ഷണിച്ചതിന് സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യയോട് നന്ദി അറിയിച്ചു. ഉച്ചക്കോടി വിജയകരമായി നടത്തിയതിനും വൈവിധ്യമാർന്ന ലോകവീക്ഷണങ്ങളുള്ള രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഇന്ത്യയുടെ ജി20 അധ്യക്ഷതയിലൂടെ സാധിച്ചതിന് ഇന്ത്യയെയും പ്രധാനമന്ത്രി മോദിയെയും അഭിനന്ദിച്ചു. ‘ഭാവിക്കുവേണ്ടി ഒരു പങ്കാളിത്തം’എന്ന പേരിൽ ഒരു സംയുക്ത ദർശന രേഖയും സന്ദർശനത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ചു.
സമുദ്ര സഹകരണവും കണക്റ്റിവിറ്റിയും, ഊർജ സുരക്ഷയും ഹരിത ഊർജവും, ബഹിരാകാശം, സാങ്കേതികവിദ്യകൾ, ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ പേയ്മെന്റുകളും സാമ്പത്തിക സഹകരണവും, വ്യാപാരവും നിക്ഷേപവും, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഐടി - ഇന്നൊവേഷൻ, കൃഷിയും ഭക്ഷ്യസുരക്ഷയും തുടങ്ങിയവായിരിക്കും ‘ഭാവിയിൽ പങ്കാളിത്തം’എന്ന പേരിലുള്ള സംയുക്തദർശന രേഖയുടെ പ്രവർത്തന മേഖലയിൽ വരിക.
വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗരേഖയായി ‘ജോയന്റ് വിഷൻ ഡോക്യുമെന്റ്’ പ്രവർത്തിക്കുമെന്നും ഇന്ത്യ-ഒമാൻ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്നും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒമാൻ ഇന്ത്യ സംയുക്ത നിക്ഷേപ ഫണ്ട് സ്ഥാപിക്കാൻ ഒ.ഐ.എയും എസ്.ബി.ഐയും
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഇന്ത്യ സംയുക്ത നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിന് ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കരാർ ഒപ്പുവെച്ചു. സംസ്കാരം, വാർത്താവിനിമയം, വിവരസാങ്കേതികവിദ്യ, ഇരുപക്ഷവും തമ്മിലുള്ള സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം എന്നീ മേഖലകളിൽ ധാരണപത്രങ്ങളിലും ഒപ്പുവെച്ചു.
ബഹിരാകാശ മേഖലയിൽ സഹകരണം വിപുലീകരിക്കും
ബഹിരാകാശ മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിനും തീരുമാനിച്ചു. ഈ മേഖലയിലെ സമീപകാല ഉഭയകക്ഷി ഇടപെടലുകളെ അഭിനന്ദിക്കുകയും ചെയ്തു.
സിവിൽ ഏവിയേഷൻ, എയർ കണക്ടിവിറ്റി എന്നിവയിലെ സഹകരണം ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. പരസ്പര പ്രയോജനത്തിനായി എയർസ്പേസിനും എയർ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ഒപ്റ്റിമൈസേഷനും ഒരുമിച്ച് പ്രവർത്തിക്കാൻ ഒമാൻ താൽപര്യം അറിയിച്ചു.
ഇരുവശത്തുമുള്ള സിവിൽ ഏവിയേഷൻ അധികാരികൾ തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ തുടരാൻ ഇന്ത്യ സന്നദ്ധത അറിയിക്കുകയും ചെയ്തു. ആരോഗ്യ സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും മേഖലയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും പ്രകടിപ്പിക്കുകയും ചെയ്തു.
പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായത്തിന് മേഖലയിൽ വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത്, മിഡിൽ ഈസ്റ്റിലെ ആയുർവേദത്തിന്റെ ഒരു കേന്ദ്ര കേന്ദ്രമായി ഒമാൻ മാറുന്നതിനുള്ള സാധ്യതയും നേതാക്കൾ ചർച്ച ചെയ്തു.
വ്യാപാര വളർച്ചയിൽ സംതൃപ്തി രേഖപ്പെടുത്തി
ഉഭയകക്ഷി വ്യാപാരത്തിലെ ശ്രദ്ധേയമായ വളർച്ചയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഉഭയകക്ഷി വ്യാപാരം 2020-21ലെ 5.4 ശതകോടി ഡോളറിൽനിന്ന് 2022-23 ൽ 12.3 ശതകോടി ഡോളറായി ഉയർന്നു.
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സി.ഇ.പി.എ) ചർച്ചകൾ ആരംഭിക്കുകയും ഇതിനകം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇരു നേതാക്കളും പറഞ്ഞു. ഒമാൻ-ഇന്ത്യ ജോയിന്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ മൂന്നാം ഗഡു പ്രഖ്യാപനത്തെ നേതാക്കൾ അഭിനന്ദിച്ചു.
ഒമാനിൽ നിന്നും ഗൾഫ് മേഖലയിൽ നിന്നുമുള്ള നിക്ഷേപങ്ങളെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അതിവേഗം വളരുന്ന മേഖലകളിലേക്ക് ഉയർത്താനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം സുസ്ഥിരമായി വർധിക്കുന്നതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഈ മേഖലയിലെ പരസ്പര ഇടപെടൽ കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഒമാനിലെ ഇന്ത്യക്കാർക്ക് സുൽത്താന്റെ അഭിനന്ദനം
ഒമാനിൽ താമസിക്കുന്ന ഏഴ് ലക്ഷത്തിത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളെ മികച്ച രീതിയിൽ പരിപാലിക്കുന്നതിനെ ഇന്ത്യ അഭിനന്ദിച്ചു. ഒമാനി സമൂഹത്തിനും സമ്പദ്വ്യവസ്ഥക്കു അവർ നൽകിയ സംഭാവനകളെ അംഗീകരിച്ച് ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഒമാനും നന്ദി രേഖപ്പെടുത്തി.
സന്ദർശനത്തോടനുബന്ധിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്കാരികവും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി ഒമാൻ-ഇന്ത്യ സംയുക്ത സ്മരണിക തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു. ടൂറിസം സഹകരണം വർധിപ്പിക്കുന്നതിനും സുസ്ഥിര വിനോദസഞ്ചാരത്തിലെ മികച്ച സമ്പ്രദായങ്ങൾ പങ്കുവെക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയും ഇരുപക്ഷവും പ്രകടിപ്പിച്ചു.
ഭീകരത; അപലപിച്ചു
എല്ലാവിധ രൂപത്തിലുമുള്ള ഭീകരതയെ ഇരു നേതാക്കളും ശക്തമായി അപലപിച്ചു. ഒരു കാരണവശാലും ഒരു ഭീകരപ്രവർത്തനത്തെയും ന്യായീകരിക്കാൻ കഴിയില്ലെന്ന് അവർ സമ്മതിച്ചു.
ഭീകരതയെ ചെറുക്കുന്നതിനുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ഉറപ്പിക്കുകയും എല്ലാത്തരം അക്രമാസക്തമായ തീവ്രവാദവും ഉപേക്ഷിക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടുകയും ചെയ്തു. സമാധാനം, മിതത്വം, സഹവർത്തിത്വം, സഹിഷ്ണുത എന്നിവയുടെ സാർവത്രിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തു.
ഇരു നേതാക്കളും പരസ്പര താൽപവും ആശങ്കയുമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തു. ആഗോളതലത്തിലും മേഖലയിലും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധത ഇരുപക്ഷവും പ്രകടിപ്പിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കേണ്ടതിന്റെയും ആവശ്യകത ഒമാനും ഇന്ത്യയും ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.