പ്രതിസന്ധിയിൽ ഇന്ത്യക്ക് കൈത്താങ്ങ്: 'കോവിഡ് കാർഗോലിഫ്റ്റു'മായി ഒമാൻ എയർ
text_fieldsമസ്കത്ത്: ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഇന്ത്യയിലേക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാനായി 'കോവിഡ് കാർഗോലിഫ്റ്റ്'സംരംഭത്തിന് തുടക്കം കുറിച്ചു. വിദേശകാര്യ മന്ത്രാലയത്തിെൻറയും ഒമാനിലെ ഇന്ത്യൻ സമൂഹത്തിെൻറയും സഹകരണത്തോടെ അടുത്ത 15 ദിവസത്തേക്കാണ് ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ ഈ സംവിധാനമുണ്ടാകുക.
10ടൺ സൗജന്യ കാർഗോ ഇടമാണ് ഇതിനായി ഒരോ വിമാനത്തിലും മാറ്റിവെക്കുക. വിവിധ സന്നദ്ധസംഘടനകളും ഏജൻസികളും ശേഖരിക്കുന്ന അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമാണ് ഇതിലൂടെ ഇന്ത്യയിലെത്തിക്കുക.
ഇന്ത്യ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് സൗജന്യമായി കാർഗോ സംവിധാനം ഒരുക്കുന്നതെന്ന് ഒമാൻ എയർ സി.ഇ.ഒ എൻജിനീയർ അബ്ദുൽ അസീസ് അൽ റെയ്സി പറഞ്ഞു. അത്യാവശ്യ വൈദ്യസഹായവും അടിയന്തര ഉപകരണങ്ങളും ആവശ്യക്കാർക്ക് എത്തിക്കുന്നതിന് കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ സാധ്യമാകുന്ന എല്ലാ സഹായവുമായി കമ്പനി കൂടെയുണ്ടാകും. ഐക്യത്തോടും ധീരതയോടെയും കോവിഡിനോട് മല്ലിടുന്ന ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലേക്കും മസ്കത്തിൽനിന്ന് സഹായമെത്തിക്കാൻ ഞങ്ങൾ തയാറാണ്. ഒമാനും ഇന്ത്യയും തമ്മിൽ വളരെ ദീർഘകാലത്തെ ആഴത്തിലുള്ള ബന്ധമാണുള്ളത്.
അതിനാൽ പ്രതിസന്ധിയിൽ കൂടെനിൽകുക എന്നത് വളരെ പ്രധാനമാണ്. ഇന്ത്യയെ ആവശ്യഘട്ടങ്ങളിലൊക്കെ സഹായിക്കാൻ തയാറായി ഞങ്ങളുണ്ടാകും -അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലേക്ക് പോകുന്ന വിമാനങ്ങളിൽ സഹായങ്ങൾ കൊണ്ടുപോകാൻ ആവശ്യമായ സ്ഥലം ഉറപ്പുവരുത്തുമെന്ന് ഒമാൻ എയർ കമേഴ്സ്യൽ കാർഗോ ചുമതലയുള്ള മുഹമ്മദ് അൽ മുസാഫിറും പറഞ്ഞു. എന്നാൽ, കയറ്റി അയക്കുന്ന വസ്തുക്കളുടെ സർക്കാർ-കസ്റ്റംസ് നികുതിക്ക് കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ആരംഭിച്ചതു മുതൽ ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിലേക്ക് സഹായമെത്തിക്കാനും യാത്രക്കാരെ കൊണ്ടുപോകുന്നതിനും പ്രവർത്തിച്ചുവരുന്നുണ്ട്. ഇന്ത്യയിലേക്ക് സഹായമെത്തിക്കാൻ താൽപര്യമുള്ള കൂട്ടായ്മകൾ CargoSDU.MCT@omanair.com എന്ന അഡ്രസിലോ 00968 2435 6302 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.