ഒമാനിൽ ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം ഉയർന്നു
text_fieldsമസ്കത്ത്: ഒമാനിൽ ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് ഉയർന്നു. 2015നെ അപേക്ഷിച്ച് നോക്കുേമ്പാൾ ഏഴ് ശതമാനത്തിെൻറ വർധനയാണ് സ്വദേശിവത്കരണ നിരക്കിൽ ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ 2019ലെ ആരോഗ്യ സ്ഥിതി വിവര കണക്കുകളെ കുറിച്ച റിപ്പോർട്ട് പറയുന്നു.
സ്വദേശി ഡോക്ടർമാരുടെ എണ്ണം 2015നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അവസാനം 31 ശതമാനമായാണ് ഉയർന്നത്. സർക്കാർ മേഖലയിൽ സ്വദേശി നഴ്സുമാരുടെ എണ്ണം 11 ശതമാനമായും കൂടി. അതേസമയം സ്വകാര്യ മേഖലയിലെ സ്വദേശി നഴ്സുമാരുടെ എണ്ണം മൂന്ന് ശതമാനം തന്നെയാണ്. ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാരിൽ അറുപത് ശതമാനവും വിദേശികളാണ്. സ്വകാര്യ മേഖലയിൽ അഞ്ച് ശതമാനമാണ് ഒമാനി ഡോക്ടർമാർ. 2019 അവസാനത്തെ കണക്കുകൾ പ്രകാരം സർക്കാർ, സ്വകാര്യ മേഖലകളിലായി 34062 ഡോക്ടർമാരും ഡെൻറിസ്റ്റുമാരും നഴ്സുമാരും ഫാർമസിസ്റ്റുമാരുമാണ് ഉള്ളത്. ജനസംഖ്യ അടിസ്ഥാനമാക്കുേമ്പാൾ ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുണ്ട്. 2015ൽ 10000 പേർക്ക് 21.4 ഡോക്ടർമാരുണ്ടായിരുന്നത് കഴിഞ്ഞ വർഷം 20.8 ശതമാനമായി കുറഞ്ഞു. നഴ്സുമാരുടെ എണ്ണവും 10000 പേർക്ക് 46.3 ശതമാനം എന്നതിൽ നിന്ന് 44 ശതമാനമായി കുറഞ്ഞു.
സർക്കാറിെൻറ പൊതുചെലവിൽ കഴിഞ്ഞ വർഷം 5.7 ശതമാനമാണ് ആരോഗ്യ മേഖലക്കായി വിനിയോഗിച്ചത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 843.5 ദശലക്ഷം റിയാലാണ് ആരോഗ്യ മേഖലയുടെ പങ്കാളിത്തം. ഒരു ഒമാനി കുടുംബം ആരോഗ്യ പരിരക്ഷക്കായി പ്രതിമാസം ചെലവഴിക്കുന്നത് ഒമ്പത് റിയാലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.ആരോഗ്യ പരിരക്ഷക്കുള്ള ചെലവിൽ മസ്കത്ത് ഗവർണറേറ്റാണ് മുന്നിൽ. പ്രതിമാസ ചെലവിെൻറ ഒന്നര ശതമാനമാണ് ഇവിടെയുള്ളവർ ആരോഗ്യ പരിരക്ഷക്കായി വിനിയോഗിക്കുന്നത്.
ഒമാനിലെ ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 1610 ആയി. ഇതിൽ 58 ശതമാനവും സ്വകാര്യ ക്ലിനിക്കുകളാണ്. 937 ക്ലിനിക്കുകൾ, 83 പബ്ലിക് ആശുപത്രികൾ, 590 ഹെൽത്ത് കോംപ്ലക്സുകളും സെൻററുകളും ഒമാനിലുണ്ട്. ആശുപത്രി കിടക്കകളുടെ എണ്ണം 2015ൽ 10000 പേർക്ക് 15.6 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം 15 ആയി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളിലെ പ്രതിരോധ കുത്തിവെപ്പ് നൂറ് ശതമാനത്തിൽ എത്തിയിട്ടുണ്ട്. കുട്ടികളിലെയും മുതിർന്നവരിലെയും പോഷകാഹാര കുറവ് മൂലമുള്ള പ്രശ്നങ്ങളിലും കുറവ് ദൃശ്യമാണ്. നവജാത ശിശുക്കളുടെ മരണനിരക്കിലും കുറവുണ്ടായിട്ടുണ്ട്. 6430 പേർക്ക് പുതുതായി പ്രമേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 54 ശതമാനം പേരും സ്ത്രീകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.