പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്ക് സൗജന്യമാവും
text_fieldsചികിത്സ സൗജന്യമാകുന്ന രോഗങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തിറക്കി
മസ്കത്ത്: 32 പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്കും സൗജന്യമാക്കും. ഇത്തരം രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതനുസരിച്ച് ഡെങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾക്ക് വിദേശികൾ പണം നൽകേണ്ടിവരില്ല.
പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഇത്തരം രോഗങ്ങളുടെ ചികിത്സ സൗജന്യമാക്കുന്നത് ഇത്തരം രോഗങ്ങൾ പടരുന്നത് തടയാൻ സഹായകമാകും. നിലവിൽ പല രോഗങ്ങളുടെയും ചികിത്സ ചെലവേറിയതായതിനാൽ വിദേശികളിൽ പലരും ചികിത്സ തേടാറില്ല.
കുറഞ്ഞ ശമ്പളക്കാരായ പലർക്കും ആശുപത്രികളിൽ നൽകാൻ പണമില്ലാത്തതാണ് ചികിത്സയിൽനിന്ന് അകന്നുനിൽക്കാൻ പ്രധാന കാരണം.
രോഗം മൂർച്ഛിക്കുന്ന അവസാന ഘട്ടത്തിലാണ് ഇവർ ആശുപത്രികളിൽ എത്തുന്നത്. ഇത് സാംക്രമിക രോഗങ്ങൾ വ്യാപിക്കാൻ കാരണമാക്കുന്നുണ്ട്. പുതിയ നടപടികൾ നടപ്പാകുന്നതോടെ ഇത്തരം വിഷയങ്ങൾ പരിഹരിക്കാൻ സഹായകമാവും.
കോളറ, മഞ്ഞപ്പനി, മലേറിയ, എല്ലാ വിഭാഗത്തിലുംപെട്ട ക്ഷയരോഗം, പേ വിഷബാധ, േപ്ലഗ്, ടെറ്റനസ്, അക്യൂട്ട് ഫ്ലാസിഡ് പാരാലിസിസ്, കുട്ടികളിലെ എയ്ഡ്സ്, സാർസ്, കോവിഡ് മൂലം വന്ന കഠിനമായ ശ്വാസകോശ രോഗബാധ, ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടായ ശക്തമായ അണുബാധ, ഡിഫ്ത്തീരിയ, കുഷ്ഠം, മെർസ്, ചിക്കൻപോക്സ്, വസൂരി, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ കാണുന്ന വില്ലൻചുമ, എല്ലാ വിഭാഗത്തിലുംപെട്ട പകർച്ചപ്പനി, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ കാണുന്ന ന്യൂമോകോക്കസ്, അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിൽ കാണുന്ന സെറിബ്രോസ്പൈനൽ പനി, കരുവൻ, അഞ്ചാം പനി, റൂബെല്ല, ബ്രുസെല്ല, ഡെങ്കിപ്പനി, മങ്കിപോക്സ്, ട്രക്കോമ, ഹെപറ്റൈറ്റിസ് ഇ, ഹെപറ്റൈറ്റിസ് എ തുടങ്ങിയവയാണ് പട്ടികയിൽവരുന്ന രോഗങ്ങൾ. കൂടാതെ മറ്റുചില വിഭാഗങ്ങൾക്കും ചികിത്സ സൗജന്യമാക്കും.
സാമൂഹിക സുരക്ഷ പട്ടികയിൽപെട്ട വ്യക്തികൾ കുടുംബങ്ങൾ, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിന്റെ കീഴിൽ കഴിയുന്ന അനാഥകൾ, അംഗവൈകല്യം രജിസ്റ്റർചെയ്ത സ്വദേശികൾ, രണ്ടു വയസ്സിനുതാഴെയുള്ള കുട്ടികൾ, സ്വദേശി ഗർഭിണികൾ തുടങ്ങിയവരും ഫീസളവിന്റെ പരിധിയിൽവരും.
സ്വദേശികളായ ഹൃദ്രോഗികൾ, കാൻസർരോഗികൾ, തടവുകാരുടെ കുടുംബങ്ങൾ, സ്കൗട്ട്സ്, ഗൈസ്സ് എന്നിവരും ഫീസിളവിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.