നുഴഞ്ഞുകയറ്റം: ജനുവരിയിൽ പിടിയിലായത് 80 പേർ
text_fieldsമസ്കത്ത്: അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 80 പേരെ ജനുവരിയിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ്. ജനുവരി 30ന് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചതിന് തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് ഒമ്പത് ഏഷ്യക്കാരെ പിടികൂടി. 27ന് രാജ്യത്തേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച വൻതോതിൽ മയക്കുമരുന്ന് റോയൽ ഒമാൻ പിടിക്കൂടി. സംഭവത്തിൽ നാല് വിദേശികളെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ കോസ്റ്റ് ഗാര്‍ഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് 3,500 പാക്കറ്റില്‍ അധികം ഖാട്ട് മയക്കുമരുന്ന് പിടികൂടിയിരുന്നത്. രണ്ട് ബോട്ടുകളിലായാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. ഒരു ബോട്ടില്‍നിന്ന് 1,522ഉം മറ്റൊന്നിൽനിന്ന് 2,224ഉം പാക്കറ്റ് ഖാട്ട് കണ്ടെത്തി. ഇതേ ദിവസംതന്നെ അനധികൃത വിദേശ പൗരന്മാരെ രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നാരോപിച്ച് ദോഫാർ ഗവർണറേറ്റിലെ പൊലീസ് കമാൻഡ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. 25ന് തെക്കൻ ബത്തിന ഗവർണറേറ്റിലെ പൊലീസ് കമാൻഡ് അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച നാല് ആഫ്രിക്കൻ പൗരന്മാരെയും പിടികൂടി.
മയക്കുമരുന്നുമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച വിദേശിയെ ജനുവരി 24ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് കോംബാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസും അറസ്റ്റ് ചെയ്തു. ഇതേ ദിവസംതന്നെ 7000ത്തിൽ അധികം മയക്കുമരുന്ന് ഗുളികകളുമായി നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് ഏഷ്യൻ വംശജരെ തെക്കൻ ബാത്തിനയിൽനിന്നും പിടികൂടി. ജനുവരി 17ന് വടക്കൻ ബാത്തിനയിൽനിന്ന് രജ്യത്തേക്ക് അനധികൃതമായി കടന്നുകയറാൻ ശ്രമിച്ച 49 ഏഷ്യൻ വംശജരെ കോസ്റ്റ് ഗാർഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. സുരക്ഷാ, സൈനിക അധികാരികളുടെ സഹകരണത്തോടെ, അയൽരാജ്യങ്ങളുമായി ഏകോപിപ്പിച്ച് സമുദ്ര-വ്യോമ-കര പട്രോളിങ് ശക്തമാക്കി നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമങ്ങളാണ് റോയൽ ഒമാൻ പൊലീസ് നടത്തിവരുന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.