ഒമാനിൽ പണപ്പെരുപ്പം ഉയർന്നു
text_fieldsമസ്കത്ത്: ഒമാനിൽ പണപ്പെരുപ്പ നിരക്ക് നവംബറിൽ ഉയർന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗതാഗതം, മത്സ്യം, കടൽ ഭക്ഷ്യ വസ്തുക്കൾ എന്നിവയുടെ നിരക്കുകൾ കുത്തനെ ഉയർന്നതാണ് കാരണം. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് അനുസരിച്ച് നവംബറിൽ 3.56 ആയിരുന്നു പണപ്പെരുപ്പ നിരക്ക്. 3.35 ആയിരുന്നു ഒക്ടോബറിലെ നിരക്ക്.
വാറ്റ് നടപ്പാക്കിയതോടെ പണപ്പെരുപ്പം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതോടൊപ്പം അന്താരാഷ്ട്ര വിപണിയിൽ ഉൽപന്നങ്ങളുടെ വില വർധിച്ചതും കാരണമായി. പ്രധാനമായും ഗതാഗത മേഖല, മത്സ്യം, കടൽ ഉൽപന്നങ്ങൾ, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് വിലവർധന.
ഭക്ഷ്യ ലഹരി ഇതര ശീതളപാനീയങ്ങളുടെ വാർഷിക പണപ്പെരുപ്പം 24 ശതമാനത്തിനടുത്തെത്തിയെങ്കിലും നവംബറിൽ ഈ ഇനങ്ങളുടെ വില മുൻ മാസത്തെ അപേക്ഷിച്ച് 1.23 ശതമാനം കുറവാണ്. മത്സ്യം, കടൽ ഭക്ഷ്യവിഭവങ്ങൾ എന്നിവയുടെ വില മുൻവർഷത്തെ നവംബറിനെ അപേക്ഷിച്ച് 10.6 ശതമാനം കൂടുതലാണ്. പഴവർഗങ്ങളുടെ വില വർഷാടിസ്ഥാനത്തിൽ 4.3 ശതമാനം വർധിച്ചു. പച്ചക്കറി ഇനങ്ങളുടെ വിലയും നവംബറിൽ 3.2 ശതമാനം വർധിച്ചു.
ഗതാഗത മേഖലയിൽ നവംബറിൽ 19 ശതമാനത്തിലധികം വർധനയുണ്ടായി. 2020 നവംബറിനെക്കാൾ 11 ശതമാനം കൂടുതലാണിത്. വീട്ടുപകരണങ്ങൾ അടക്കമുള്ളവക്കും നവംബറിൽ 1.44 ശതമാനം വർധിച്ചു. വീട്, വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവയുടെ വില മുൻവർഷം നവംബറിനെക്കാൾ 1.24 ശതമാനം വർധിച്ചു.
ഒമാൻന്റെ പണപ്പെരുപ്പം മൂന്ന് ശതമാനത്തിലധികം വർധിക്കുമെന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളായ ഐ.എം.എഫ്, ലോക ബാങ്ക് എന്നിവ നേരശത്ത വിലയിരുത്തിയിരുന്നു. മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാന രീതിയിൽ പണപ്പെരുപ്പം വർധിക്കുന്നതായാണ് കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.