അന്താരാഷ്ട്ര വിമാന സർവിസുകൾ ഇന്നുമുതൽ; കൂടുതൽ സ്വകാര്യ വിമാനക്കമ്പനികൾ എത്തിയേക്കും
text_fieldsമസ്കത്ത്: ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കും. ഇതോടെ രണ്ട് വർഷത്തോളമായി സർവിസ് നിലച്ചിരുന്ന സ്വകാര്യ വിമാനക്കമ്പനികൾ രംഗത്തെത്തും. കേരളത്തിൽനിന്നുള്ള ആദ്യ സ്വകാര്യ വിമാനമായ ഗോ എയർ ഇന്ന് രാവിലെ 10.50ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
ഗോ എയർ കണ്ണൂരിനുപുറമെ മുംബൈയിൽനിന്നും സർവിസ് പുനരാരംഭിക്കുന്നുണ്ട്. സലാലയിൽനിന്ന് സലാം എയർ കോഴിക്കോട്ടേക്കും സർവിസ് ആരംഭിക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിച്ചെങ്കിലും ഇന്ത്യ-ഒമാൻ സെക്ടറിൽ സീറ്റുകൾ സംബന്ധമായ അന്തിമ തീരുമാനമായിട്ടില്ല. നിലവിൽ ആഴ്ചയിൽ 10,000 സീറ്റുകളാണുള്ളത്. ഇതിൽ 5000 ഇന്ത്യയിലേക്കും 5000 ഇന്ത്യയിൽ നിന്നുമാണ്. സീറ്റുകൾ വർധിപ്പിച്ചാൽ മാത്രമേ കൂടുതൽ സ്വകാര്യ കമ്പനികൾക്ക് സർവിസ് നടത്താനാകൂ. ഏപ്രിൽ 22 വരെയുള്ള ഷെഡ്യൂൾ അനുസരിച്ച് ഗോ എയർ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കണ്ണൂരിൽനിന്ന് മസ്കത്തിലേക്കും ഇവിടെനിന്ന് കണ്ണൂരിലേക്കും സർവിസ് നടത്തുക. കണ്ണൂരിൽനിന്ന് രാവിലെ 8.30ന് സർവിസ് നടത്തുന്ന വിമാനം 10.50ന് മസ്കത്തിലെത്തും. ഇതേ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് 11.50ന് തിരിച്ചുപറക്കും. വൈകീട്ട് 4.45നാണ് വിമാനം കണ്ണൂരിലെത്തുന്നത്.
ഏപ്രിൽ 23ന് ആരംഭിക്കുന്ന ഷെഡ്യൂൾ അനുസരിച്ച് കണ്ണൂരിൽനിന്ന് മസ്കത്തിലേക്കും മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും എല്ലാ ദിവസവും സർവിസ് നടത്തുന്നുണ്ട്. സ്വകാര്യ വിമാനക്കമ്പനികൾ സർവിസ് ആരംഭിച്ചെങ്കിലും നിരക്കുകളിൽ വലിയ കുറവൊന്നും വന്നിട്ടില്ല. എങ്കിലും നിരക്ക് കൊള്ളക്ക് ആശ്വാസം വന്നിട്ടുണ്ട്. നാട്ടിൽ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആരംഭിച്ചതിനാൽ നിരവധി കുടുംബങ്ങൾ ഒമാനിലേക്ക് പറക്കാൻ കാത്തിരിക്കുന്നുണ്ട്. എന്നാൽ, ടിക്കറ്റ് നിരക്കുകൾ ഉയരുകയാണെങ്കിൽ പലരും യാത്ര മാറ്റിവെക്കും. റമദാൻ, വിഷു, പെരുന്നാൾ എന്നിവ പ്രമാണിച്ച് നിരവധി പേർ നാട്ടിലേക്കും പോവാൻ ആലോചിക്കുന്നുണ്ട്. വാർഷിക പരീക്ഷക്കുശേഷം കുട്ടികളെയും കുടുബത്തെയും നാട്ടിലേക്ക് അയക്കാൻ ആഗ്രഹിക്കുന്നവരും ഏപ്രിലിൽ തന്നെ യാത്രചെയ്യും.
ജൂണിൽ ഇന്ത്യൻ സ്കൂളുകൾക്ക് അവധി ആരംഭിക്കുന്നതോടെ വീണ്ടും തിരക്ക് വർധിക്കും. എങ്കിലും മസ്കത്തിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള നിരക്കുകളിൽ കുറവ് വന്നിട്ടുണ്ട്. മസ്കത്തിൽനിന്ന് കേരളത്തിലെ എല്ലാ സെക്ടറിലേക്കും 80 റിയാലിനടുത്താണ് എയർ ഇന്ത്യ എക്പ്രസിന്റെ ടിക്കറ്റ് നിരക്ക്. കേരളത്തിൽനിന്നും മസ്കത്തിലേക്കും 90നടുത്താണ് നിരക്കുകൾ. കോഴിക്കോട്- കൊച്ചി എന്നിവിടങ്ങളിലേക്ക് 80 റിയാലിനടുത്ത നിരക്കുകളാണ് അടുത്ത മാസം എയർ ഇന്ത്യ ഈടാക്കുന്നത്. കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് എയർ ഇന്ത്യ ഇപ്പോഴും 121 റിയാൽ തന്നെയാണ് ഈടാക്കുന്നത്. എന്നാൽ, ഗോ എയർ ടിക്കറ്റ് നിരക്കുകൾ 100 റിയാലിനടുത്താണുള്ളത്.
അതിനാൽ, വരും ദിവസങ്ങളിൽ എയർ ഇന്ത്യക്കും നിരക്കു കുറക്കേണ്ടിവരും. ഏതായാലും സ്വകാര്യ വിമാനക്കമ്പനികൾ രംഗത്തെത്തിയതോടെ നിലവിൽ ടിക്കറ്റ് നിരക്കുകൾക്ക് ആശ്വാസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.