വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സഹകരണം വേണം –സയ്യിദ് ബദർ
text_fieldsമസ്കത്ത്: വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സഹകരണം വേണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ നടക്കുന്ന ദ്വിദിന ജി 77+ ചൈന ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ കൈമാറുകയും ജി 77+ ചൈന ഉച്ചകോടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ക്യൂബയെ അഭിനന്ദിക്കുകയും ചെയ്തു.‘‘കഴിഞ്ഞ സെഷന്റെ പ്രസിഡൻറായിരിക്കെ പാക്കിസ്താൻ നടത്തിയ ശ്രമങ്ങൾക്ക് അഭിനന്ദനം അറിയിക്കാക്കുകയാണ്.
ചൈനയുടെ ഉന്നതതല ഇടപെടലിനെ സ്വാഗതം ചെയ്യുന്നു. ജി77 രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധവും ലോകത്തെ പല പ്രദേശങ്ങളിലെയും വികസനത്തെ പിന്തുണക്കുന്നതിലുള്ള പങ്കിനെയും ഒമാൻ വളരെയധികം വിലമതിക്കുന്നുണ്ട്. ഒമാൻ അതിന്റെ വികസന തന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിന് സാങ്കേതികവിദ്യ, ശാസ്ത്രം, നവീകരണം എന്നീ മേഖലകളിൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിനും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ഞങ്ങളുടെ സുസ്ഥിര വളർച്ചയുടെയും സമൃദ്ധിയുടെയും വേഗത നിലനിർത്തുന്നതിനും ഉത്സാഹത്തോടെയാണ് പ്രവർത്തിക്കുന്നത്’’ -സയ്യിദ് ബദർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുള്ള മുന്നേറ്റം സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കുള്ള വലിയ സാധ്യതകളുള്ള വാതിലുകൾ ആണ് തുറക്കുന്നത്.
ഇത് നേടുന്നതിന് അറിവിന്റെയും സാങ്കേതികവിദ്യയുടെയും കൈമാറ്റവും സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ഫലപ്രദമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ബദർ പറഞ്ഞു. യു.എൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 കൈവരിക്കുന്നതിൽനിന്ന് തടയുന്ന കാലാവസ്ഥാ വ്യതിയാനം, ഊർജ സുരക്ഷ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിരവധി വികസ്വര രാജ്യങ്ങൾ ഇപ്പോഴും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ബദർ പറഞ്ഞു.
ഈ ഉച്ചകോടിക്കുള്ള ക്യൂബയുടെ ശ്രമങ്ങളെ പ്രശംസിച്ച ബദർ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.