ദേശീയദിനം: ആഘോഷ പൊലിമകളില്ലാതെ മത്ര മുൻകാലങ്ങളിൽ കൊടിതോരണങ്ങളാൽ അലങ്കരിച്ചിരുന്നു
text_fieldsമസ്കത്ത്: അമ്പതാം ദേശീയ ദിനത്തിൽ ആഘോഷ പൊലിമകളില്ലാതെ മത്ര. സാധാരണ ദേശീയദിനം ഏറെ പകിട്ടാേടെ ആഘോഷിക്കുന്നത് മത്ര സൂഖിലാണ്. മുൻവർഷങ്ങളിൽ സൂഖ് മുഴുവൻ കൊടിതോരണങ്ങൾകൊണ്ടും അലങ്കാര ചിത്രങ്ങൾകൊണ്ടും അണിഞ്ഞൊരുങ്ങി നിൽക്കുമായിരുന്നു. ചെറിയ ഗല്ലികളിൽപോലും ആഘോഷ പൊലിമയുണ്ടാവുമായിരുന്നു. ചില്ലറ വ്യാപാര സ്ഥാപനങ്ങളും മൊത്തവ്യാപാര ഗല്ലിയുമൊക്കെ കഴിഞ്ഞ ദേശീയ ദിനങ്ങളെ ആഹ്ലാദത്തിമിർപ്പോടെയാണ് വരവേറ്റിരുന്നത്.
സൂഖിനെ അണിയിച്ചൊരുക്കാനും അലങ്കരിക്കാനും മുന്നിലുണ്ടായിരുന്നതും മലയാളികളായിരുന്നു. കഴിഞ്ഞ 10 വർഷത്തിലധികമായി മത്രയിൽ ആഘോഷം തുടരുന്നതായാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ, ഏറെ പ്രതീക്ഷയോടെ വന്നെത്തിയ സുവർണ ജൂബിലി ആഘോഷം മത്രക്ക് ഉണർവ് നൽകിയില്ല. സൂഖിലും ഗല്ലിയിലും റോഡിലുമൊന്നും അലങ്കാരം തീരെയില്ല. കൊടിതോരണങ്ങൾ മത്രയിലെ സ്വദേശി വീടുകളിൽ േപാലും കാണാനില്ല. കോവിഡ് പ്രതിസന്ധിയാണ് കച്ചവടക്കാരെ ചതിച്ചത്.
സാധാരണ േദശീയദിന സീസണിൽ മത്രയിൽ നല്ല ബിസിനസ് നടന്നിരുന്നു. ദേശീയ ദിനത്തിെൻറ ഭാഗമായ ഉൽപന്നങ്ങളും അലങ്കാര വസ്തുക്കളും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞിരുന്നത് മത്ര സൂഖിലാണ്. സീസണിൽ മത്രയിലെ കടകളിൽ അലങ്കാര വസ്തുക്കൾ നിറഞ്ഞുനിന്നിരുന്നു.
നവംബർ പത്തിനുശേഷം സൂഖിൽ നിന്നുതിരിയാൻ ഇടമുണ്ടാവാറില്ല. കച്ചവടം ചെയ്ത് തളരുന്ന ദിവസങ്ങളായിരുന്നു മുൻവർഷങ്ങളിലെന്ന് വ്യാപാരികൾ പറയുന്നു.നവംബർ ഒന്നുമുതൽ തന്നെ അലങ്കാര വസ്തുക്കൾ വിറ്റൊഴിയാൻ തുടങ്ങും. മുൻവർഷങ്ങളിൽ സ്കൂളുകളിൽനിന്നും മറ്റ് സ്ഥാപനങ്ങളിൽനിന്നും വൻതോതിൽ ഒാർഡറുകൾ ലഭിക്കാറുണ്ടായിരുന്നെന്നും കച്ചവടക്കാർ പറയുന്നു.
എന്നാൽ, ഇൗ വർഷം സ്ഥിതിഗതികൾ മാറിമറഞ്ഞു. കോവിഡ് പ്രതിസന്ധി ആഘോഷങ്ങളെ പ്രതികൂലമായി ബാധിച്ചു.50 ദേശീയദിനം പ്രമാണിച്ച് വ്യാപാരികൾ വൻതോതിൽ അലങ്കാര വസ്തുക്കൾ ഇറക്കിയെങ്കിലും അവയെല്ലാം ഗോഡൗണിൽ തന്നെ കിടക്കുകയാണ്. കടകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം പോലും കച്ചവടം നടന്നിട്ടില്ലെന്ന് മത്രയിലെ വ്യാപാരിയായ സക്കീർ പൊന്നാനി പറയുന്നു.
രണ്ടു സുൽത്താന്മാരുടെയും ചിത്രം പതിച്ച ടീഷർട്ടിനു മാത്രമാണ് കുറച്ചെങ്കിലും ആവശ്യക്കാരുള്ളത്. കഴിഞ്ഞ വർഷം നവംബർ ആദ്യം മുതൽ 10 ഡസനിലധികം എംബ്ലങ്ങൾ ദിവസവും വിറ്റിരുന്നു. ഇൗ വർഷം നവംബർ ഒന്നുമുതൽ െമാത്തം ഒന്നര ഡസൻ എംബ്ലം മാത്രമാണ് വിൽക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിസന്ധി കാരണം സ്വദേശികൾ കുടുംബമായി സൂഖിലെത്തിയിട്ടില്ല. കുട്ടികൾ സൂഖിലിറങ്ങുമ്പാേഴാണ് മാർക്കറ്റ് ഉണരുന്നത്. സ്വദേശി കുട്ടികളെ മുന്നിൽ കണ്ടാണ് ദേശീയദിന അലങ്കാര വസ്തുക്കൾ മാർക്കറ്റിലിറക്കുന്നത്.
വാച്ചുകളും സ്റ്റിക്കറുകളും എംബ്ലങ്ങളും കുടകളും കൊടികളുമൊക്കെ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടുന്നതും കുട്ടികളാണ്. അലങ്കാര വസ്തുക്കൾ വാങ്ങുന്നത് സ്ഥാപനങ്ങളുമാണ്. 50 എന്ന് പതിച്ച ഉൽപന്നങ്ങൾ വിറ്റഴിയാത്തത് വ്യാപാരികൾക്ക് വൻ നഷ്ടമുണ്ടാക്കും.മറ്റ് അലങ്കാര വസ്തുക്കൾ അടുത്ത വർഷമെങ്കിലും ഉപയോഗിക്കാമെങ്കിലും 50 എന്ന് ആലേഖനം ചെയ്ത ഉൽപന്നങ്ങൾ ഉപയോഗശൂന്യമാവും. ഇതൊക്കെയാണ് മലയാളികൾ അടക്കമുള്ള വ്യാപാരികളുടെ ആഘോഷപ്പൊലിമയെയും പ്രതികൂലമായി ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.