തൊഴിൽ നിയമലംഘന പരിശോധന; ആളൊഴിഞ്ഞ് ഹംരിയ
text_fieldsമസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയതോടെ ആളൊഴിഞ്ഞ് ഹംരിയ. തിരക്കേറിയ തെരുവുകൾക്ക് പേരുകേട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവിടെയുള്ള ഭൂരിഭാഗം പ്രവാസികളും. അതുകൊണ്ടുതന്നെ റൂവി ഹൈ സ്ട്രീറ്റിന്റെ ബംഗ്ലാദേശ് ക്വാർട്ടർ എന്നാണ് ഈ പ്രദേശത്തെ പൊതുവേ അറിയപ്പെടുന്നത്.
കുടുംബവുമായി ധാരാളം ബംഗ്ലാദേശ് പ്രവാസികളാണ് ഹംരിയയിൽ കഴിയുന്നത്. പുതിയ പരിശോധ സംവിധാനത്തിന് കീഴിൽ ഈ മാസം ആദ്യം ഇവിടെ ശക്തമായ പരിശോധന നടന്നിരുന്നു. നിരവധിപേർ പിടിയിലാകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെയാണ് ഹംരിയ പൂർണമായും നിശ്ശബ്ദതയുടെ മൂടുപടലം അണിയാൻ തുടങ്ങിയത്.
ഇവിടെ കഴിയുന്ന ഭൂരിപക്ഷം പേരും വിസയിലും റസിഡന്റ് കാർഡുകളിലും രേഖപ്പെടുത്തിയ തൊഴിലിലല്ല ഏർപ്പെടുന്നത്. ഇത് തൊഴിൽനിയമ ലംഘനത്തിന്റെ പരിധിയിൽ വരുന്നതിനാൽ പരിശോധന പേടിച്ച് പലരും മാറിതാമസിച്ചിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് ക്രിക്കറ്റ് മത്സരങ്ങൾ കാണാനും നാട്ടിൽനിന്നുള്ള വിവരങ്ങളും മറ്റും പങ്കുവെക്കാനുമായി ഇവിടെ ആളുകൾ ഒത്തുകൂടിയിരുന്നു. അതേസമയം, ആളൊഴിഞ്ഞത് പ്രാദേശിക ബിസിനസുകളെ ബാധിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
ഉപഭോക്താക്കളും സജീവമായ ചർച്ചകളും നടന്നിരുന്ന കോഫി ഷോപ്പുകളും ഭക്ഷണശാലകളും ശൂന്യമാണ്. പലചരക്ക്, മാംസം, മത്സ്യം വിൽക്കുന്നവർ, പച്ചക്കറി കച്ചവടക്കാർ തുടങ്ങിയവർക്ക് കച്ചവടം കുറഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ ജനുവരി ഒന്നുമുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്. പ്രവാസികൾ ഏറെ തിങ്ങിപ്പാർക്കുന്ന മസ്കത്ത്, ദോഫാർ, വടക്ക്-തെക്ക് ബാത്തിന എന്നീ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്. ഇവിടങ്ങളിൽനിന്ന് നിരവധി അനധികൃത തൊഴിലാളികൾ ഇതിനകം പിടിയിലായിട്ടുണ്ട്. മറ്റു ഗവർണറേറ്റുകളിലേക്കും പരിശോധന ക്രമേണ വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ അണ്ടർസെക്രട്ടറി ശൈഖ് നാസർ ബിൻ അമർ അൽ ഹൊസ് വ്യക്തമാക്കിയിരുന്നു.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനയാണ് നടത്തുന്നത്. താമസരേഖകൾ ശരിയല്ലാത്തവരും വിസ, ലേബർ കാർഡ് എന്നിവ കാലാവധി കഴിഞ്ഞവരും പിടിയിലാവും.
സ്വദേശികൾക്കായി നീക്കിവെച്ചിരിക്കുന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരും പുതുക്കാത്തവരും വലയിൽ കുടുങ്ങും. നിയമവിരുദ്ധ തൊഴിലാളികളെ തൊഴിൽ വിപണിയിൽനിന്ന് ഒഴിവാക്കാനും തൊഴിൽ വിപണിയെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.