നഗരത്തിന് ആവേശക്കാഴ്ചകൾ സമ്മാനിച്ച് ‘അയൺമാൻ 70.3’
text_fieldsമസ്കത്ത്: തലസ്ഥാന നഗരത്തിൽ ആവേശക്കാഴ്ചകൾ സമ്മാനിച്ച് ‘അയൺമാൻ 70.3’ ട്രയാത്തലൺ മത്സരങ്ങൾ നടന്നു. ശനിയാഴ്ച രാവിലെ മസ്കത്തിലെ ഷാത്തി അൽ ഖുറം ബീച്ചിൽനിന്ന് തുടങ്ങിയ മത്സരങ്ങൾ ഇവിടെ തന്നെ സമാപിക്കുകയും ചെയ്യുന്ന രീതിയിലാണ് റൂട്ടുകൾ ക്രമീകരിച്ചിരുന്നത്.
1.9 കി.മീ. നീന്തൽ, 90 കി.മീ. സൈക്ലിങ്, 21.1 കി.മീ. ഓട്ടം എന്നിങ്ങനെ മൂന്ന് മത്സരങ്ങളാണ് ‘അയൺമാൻ 70.3’ ഉൾപ്പെടുത്തിയിരുന്നത്. മത്സരങ്ങൾ കാണാനായി നിരവധി ആളുകളായിരുന്നു തടിച്ചുകൂടിയിരുന്നത്.
റൈഡർമാർ കടന്നുപോകുന്ന വഴിയിൽ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.മത്ര കോർണിഷ്, സൂഖ്, അൽ ആലം റോയൽ പാലസ്, റോയൽ ഓപ്പറ ഹൗസ്, സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് എന്നിവയുൾപ്പെടെ തലസ്ഥാനത്തെ ഹൈലൈറ്റ് ചെയ്യുന്ന തരത്തിലായിരുന്നു മത്സരത്തിന്റെ റൂട്ടുകൾ ക്രമീകരിച്ചിരുന്നത്.
മത്സരത്തിന് മുന്നോടിയായി വ്യാഴം, വെള്ളി ദിവസങ്ങളിൽ അയൺമാൻ എക്സ്പോ, റേസ് വില്ലേജ്, അയൺകിഡ്സ് തുടങ്ങിയ പരിപാടികളും അരങ്ങേറി. ലോകത്തിലെതന്നെ അതികഠിനമായ കായിക പരീക്ഷണങ്ങളിലൊന്നാണ് അയൺമാൻ ട്രയാത്തലോൺ. ഇടവേളകളില്ലാതെ നീന്തൽ, സൈക്ലിങ്, റണ്ണിങ് എന്നിവ നിശ്ചിത സമയത്തിൽ ചെയ്തുതീർക്കുന്നവരാണ് ഇതിൽ വിജയിക്കുക.
മികച്ച പ്രകടനവുമായി ആലുവ സ്വദേശി രൂപ്സൺ സേവിയർ
മസ്കത്ത്: കഴിഞ്ഞ ദിവസം നടന്ന അയൺമാൻ 70.3 മത്സരത്തിൽ മികച്ച പ്രകടനവുമായി ആലുവ സ്വദേശി രൂപ്സൺ സേവ്യർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 500ഓളം കായിക താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ നീന്തൽ, 90 കി.മീ. സൈക്ലിങ്, 21.1 കി.മീ. ഓട്ടം എന്നിവ എട്ടുമണിക്കൂർ 15 മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കുന്നവരാണ് വിജയിക്കുന്നത്. എന്നാൽ, രൂപ്സൺ ഇത് ആറ് മണിക്കൂർ 42 മിനിറ്റ് 29 സെക്കൻഡ് കൊണ്ടാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ 17 വർഷമായി ഒമാനിൽ ജോലിചെയ്യുന്ന രൂപ്സൺ ടോട്ടൽ എംപവർ എന്ന കമ്പനിയിലെ നെറ്റ്വർക്ക് ടെക്നിക്കൽ കൺസൽട്ടന്റാണ്. ആലുവ നസ്റത്ത് റോഡിൽ ആസാദ് ലൈനിൽ താമസിക്കുന്ന എൻ.ടി. സേവ്യറിന്റെയും ലിസി സേവ്യറിന്റെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.