ഐ.എസ്.സി കേരള വിഭാഗം വിജ്ഞാനോത്സവം 2023 സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) കേരള വിഭാഗം ‘വിജ്ഞാനോത്സവം’ ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘എന്റെ കേരളം എന്റെ മലയാളം’ എന്ന പേരിൽ ജോണി ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന മത്സരത്തിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ രതീഷ് ചന്ദ്രനായിരുന്നു ക്വിസ് മാസ്റ്റർ. കല, സാഹിത്യം, ചരിത്രം, കായികം, ആനുകാലികം തുടങ്ങി വിവിധ മേഖലകളെ സ്പർശിച്ചുള്ള ചോദ്യങ്ങൾക്ക് വിദ്യാർഥികളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മത്സരം കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ചരിത്രകാരനായ പ്രഫ. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു.
കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ജഗദീഷ് സ്വാഗതവും ജോ. സെക്രട്ടറി അഭിലാഷ് നന്ദിയും പറഞ്ഞു. ലോക കേരളസഭ അംഗം വിൽസൺ ജോർജ്, സാമൂഹിക പ്രവർത്തകരായ സുനിൽ കുമാർ, സുധി പത്മനാഭൻ, അനു ചന്ദ്രൻ, ബാലകൃഷ്ണൻ, കേരള വിഭാഗം കോ കൺവീനർ കെ.വി. വിജയൻ എന്നിവർ പങ്കെടുത്തു.ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ വിദ്യാർഥികളായ ശ്രീറാം ജയറാം, ആസ്മി അബൂബക്കർ,ചിന്മയി എന്നിവർ ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ എസ്. തീർത്ഥ, എസ്. ഹരിശങ്കർ, ജുവാൻ ഉതുപ്പ് രണ്ടും ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ അദ്വൈത് സുരേഷ് ,അങ്കിത് പ്രസാദ്, സ്നിഗ്ദ്ധ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ പവിത്ര നായർ, അലൻ കെ. അരുൺ, വൈഗ ഹരി എന്നിവർ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യൻ സ്കൂൾ വാദികബീർ വിദ്യാർഥികളായ സി.കെ. അഞ്ജൽ , നിരഞ്ജന വിനോദ്, വിനായക് വിനോദ് കുമാർ, ഇന്ത്യൻ സ്കൂൾ ഗൂബ്രയിലെ പൃഥ്വിൻ പ്രസാദ്, അതുൽ അനിൽ കുമാർ, അർച്ചിത പ്രസാദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിജയികൾക്കുള്ള ഉപഹാരങ്ങളും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു. വിജ്ഞാനോത്സവം സംഘാടനംകൊണ്ടും പങ്കാളിത്തം കൊണ്ടും ഉന്നത നിലവാരം പുലർത്തുന്നതായിരുന്നെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.