ഐ.എസ്.സി ഒമാൻ കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ (ഐ.എസ്.സി) കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ ഉദ്ഘാടനം ചെയ്ത് ശിശുദിന സന്ദേശം നൽകി. കേരളാ വിഭാഗം കൺവീനർ സന്തോഷ്കുമാർ അധ്യക്ഷതവഹിച്ചു. ‘യുദ്ധക്കൊതിക്കെതിരെ പൊരുതുന്ന ബാല്യം’ എന്നതായിരുന്നു ഈ വർഷത്തെ കേരള വിഭാഗത്തിന്റെ ശിശുദിന സന്ദേശം.
നൃത്തശ്രീ വിജയൻ സി.വി സംവിധാനം ചെയ്ത് കേരള വിഭാഗം ബാലവേദി കുട്ടികൾ പങ്കെടുത്ത തീം ഡാൻസ് കാണികളുടെ പ്രശംസ നേടി. ഒമാനിലെ മാജിക് വിദഗ്ധർ നഷീബ, നബീസ എന്നീ കുട്ടികൾ അവതരിപ്പിച്ച മാജിക് ഷോ, പ്രമുഖ മെന്റലിസ്റ്റ് സുജിത് അവതരിപ്പിച്ച പരിപാടികൾ, കുട്ടികൾ തന്നെ സംവിധാനം ചെയ്ത നൃത്തം തുടങ്ങി വിവിധങ്ങളായ പരിപാടികൾ അരങ്ങേറി.
യുദ്ധക്കൊതിക്കെതിരെ പൊരുതുന്ന ബാല്യം എന്ന സന്ദേശം ഉയർത്തി വലിയ കാൻവാസിൽ കുട്ടികൾ വിവിധ വർണങ്ങളാൽ കൈപ്പത്തിയുടെ ചിത്രം പതിപ്പിച്ച് പ്രതിഷേധം അറിയിച്ചു. ബാലവിഭാഗം ജോയിൻ സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നൂറ് കണക്കിന് കുട്ടികൾ അണിനിരന്ന ഘോഷയാത്രയോടെ തുടങ്ങിയ പരിപാടി മികച്ച നിലവാരം പുലർത്തിയെന്ന് പങ്കെടുത്തവരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
ബാലവിഭാഗം സെക്രട്ടറി ശ്രീവിദ്യ രവീന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് നന്ദിയും പറഞ്ഞു. കേരള വിഭാഗം നിലവിൽ വന്നതുമുതൽ എല്ലാ വർഷവും വിപുലമായ രീതിയിൽ ശിശുദിനാഘോഷം സംഘടിപ്പിക്കാറുണ്ടെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.