ഐ.എസ്.സി ഒമാൻ മലയാള വിങ് ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിങ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ വെള്ളി, ശനി ദിവസങ്ങളിൽ വിപുലമായ രീതിയിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മാവേലി എഴുന്നള്ളത്ത്, തിരുവാതിര തുടങ്ങി കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന തരത്തിലായിരിക്കും ആഘോഷ പരിപാടി. വെള്ളിയാഴ്ച വൈകീട്ട് 6.30ന് അൽഫലാജ് ഹോട്ടലിൽ നടക്കുന്ന സംസ്സ്കാരിക പരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയാകും. ഈ വർഷത്തെ സംസ്കാരിക അവാർഡ് സാമൂഹിക പ്രവർത്തകൻ കെ.എൻ. ആനന്ദകുമാറിന് സമ്മാനിക്കും. അദ്ദേഹം നടത്തുന്ന നിസ്വാർഥ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഒമാനിലെ പോളണ്ടിന്റെ കൗൺസിലർ അഹമ്മദ് റശാദ് അൽ ഹിനായി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള കെയർ ഫോർ സ്പെഷൽ എജുക്കേഷൻ മേധാവി ഡിമ്പിൾ മാത്യുവിനെ ആദരിക്കും. ചടങ്ങിൽ പഠന, കല രംഗത്ത് മികവ് പുലർത്തിയ അംഗങ്ങളുടെ മകൾക്കുള്ള അവാർഡ് വിതരണം ഇന്ത്യൻ അംബാസഡർ അമിത് നാരങ് നിർവഹിക്കും.
ഓണാഘോഷത്തിന് മുന്നോടിയായി നടത്തിയ വിവിധ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും അംഗങ്ങളുടെ കലാപരിപാടികളും നടക്കും. ശനിയാഴ്ച 2500പേർക്ക് ഓണസദ്യയും നൽകും. പാചകത്തിനായി വിദഗ്ധർ നാട്ടിൽനിന്നെത്തിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് കൺവീനർ അജിത് വാസുദേവൻ, കോ കൺവീനർ പി.എം. മുരളീധരൻ, ട്രഷറർ അനിൽ കടക്കാവൂർ, സാമൂഹിക പ്രവർത്തകൻ കെ.എൻ. ആനന്ദകുമാർ, വിവിധ സെക്രട്ടറിമാരായ സെക്രട്ടറി രാജേഷ് കല്ലുംപ്രത്ത്, രാജീവ് കുമാർ, പ്രീത അനിലാൽ, മിനി സുനിൽ, ടി.പി. കുട്ടി അലി അജിത്കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.