ഐ.എസ്.ഡി ഓപൺ ഫോറത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് രക്ഷിതാക്കൾ
text_fieldsമസ്കത്ത്: നീണ്ട മാസങ്ങൾക്കുശേഷം ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ (ഐ.എസ്.ഡി) രക്ഷിതാക്കളുടെ ഓപൺ ഫോറം നടന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വിളിച്ചുചേർത്ത ഓപൺ ഫോറത്തിൽ നിരവധി രക്ഷിതാക്കളാണ് പങ്കെടുത്തത്. പഠന, പഠനേതര വിഷയങ്ങൾ, സ്കൂൾ ഭരണനിർവഹണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ആശങ്കകളും രക്ഷിതാക്കൾ സ്കൂൾ അധികൃതരുടെ മുന്നിൽ ഉന്നയിച്ചു.
ഇന്ത്യൻ സ്കൂളുകളിൽ ഓപൺ ഫോറം വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂൾ ഡയറക്ടർ ബോർഡിന് നിവേദനം നൽകിയിരുന്നു. തുടർന്നുണ്ടായ ചർച്ചകളുടെ ഫലമായാണ് നിർത്തിവെച്ചിരുന്ന ഓപൺ ഫോറം വിളിച്ചുചേർക്കാൻ അധികൃതർ നിർബന്ധിതരായത്. ഐ.എസ്.ഡിയിൽ ഇതിനുമുമ്പ് അവസാനമായി ഓപൺ ഫോറം നടന്നത് 2023 ഫെബ്രുവരിയിലായിരുന്നു. വർഷത്തിൽ മൂന്ന് തവണ ഓപൺ ഫോറം വിളിച്ചുചേർക്കണം എന്നത് സ്കൂൾ നിയമാവലിയിൽ പറഞ്ഞിരിക്കെ കഴിഞ്ഞ ഒരു വർഷത്തിലധികമായി ഓപൺ ഫോറം വിളിച്ചുചേർക്കാൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തയാറാകാഞ്ഞതിനെ രക്ഷിതാക്കൾ യോഗത്തിൽ വിമർശിച്ചു.
കഴിഞ്ഞ ഓപൺ ഫോറത്തിൽ ഉന്നയിച്ച ടാസ്ക് ഫോഴ്സുകളുടെ രൂപവത്കരണമുൾപ്പെടെയുള്ള പല വിഷയങ്ങൾക്കും പരിഹാരം ഉണ്ടാകാത്തത് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ഓപൺ ഫോറത്തിൽ സ്കൂൾ ഡയറക്ടർ ബോർഡിന്റെ പ്രതിനിധി പങ്കെടുക്കാതിരുന്നതിനെയും രക്ഷിതാക്കൾ വിമർശിച്ചു. വർഷത്തിൽ മൂന്നു തവണ ഓപൺ ഫോറം വിളിക്കണമെന്നുള്ള സ്കൂൾ നിയമാവലി പാലിക്കപ്പെടുമെന്ന് എസ്.എം.സി രക്ഷിതാക്കൾക്ക് ഉറപ്പുനൽകി. അടുത്ത പാരന്റ്സ് ഓപൺ ഫോറം മേയ് അവസാനവാരം വിളിച്ചുചേർക്കാനും തീരുമാനമായി. അക്കാദമിക് ടാസ്ക് ഫോഴ്സ്, സ്കൂൾ ഗതാഗത സുരക്ഷ ടാസ്ക്ഫോഴ്സ് എന്നിവ അടുത്ത ദിവസങ്ങളിൽതന്നെ രൂപവത്കരിച്ച് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള പ്രവർത്തങ്ങൾ എസ്.എം.സി ആരംഭിക്കുമെന്നും അറിയിച്ചു.
വളരെക്കാലമായി നിർത്തിവെച്ചിരുന്നു ഓപൺ ഫോറം വിളിച്ചുചേർത്തതിലും ഉന്നയിച്ച വിഷയങ്ങളിൽ ചിലതിൽ അനുകൂല തീരുമാനം ഉണ്ടായതിലും സന്തോഷമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത രക്ഷിതാക്കൾ പറഞ്ഞു.
എസ്.എം.സി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുമെന്നും എസ്.എം.സിയും സ്കൂൾ ഡയറക്ടർ ബോർഡും അക്കാദമിക് നിലവാരം സംരക്ഷിക്കുന്ന തീരുമാനങ്ങൾ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രക്ഷിതാക്കളുടെ സംഘത്തിലുണ്ടായിരുന്ന ദിനേശ് ബാബു, മനോജ് പെരിങ്ങേത്ത്, ബിബിൻ ദാസ്, പ്രമോദ്, ദാവൂദ്, അജിത് വാസുദേവൻ, സുജിന മനോജ്, കെ. ദീപ്തി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.