ഐ.എസ്.എഫ് സയൻസ് ഫിയസ്റ്റ 17, 18 തീയതികളിൽ
text_fieldsശാസ്ത്ര പ്രതിഭകളായി തെരഞ്ഞെടുത്തവർ: ഹാർദിക് സക്സേന, മിഥിൽ സദാശിവം, മാൻവിക് ബിശ്വാസ്, എസ്. സൃജൻ ഹരീഷ്, സ്നികിത കർ, കനിഷ് അരവിന്ദ്, സൈന ഫാത്തിമ
മസ്കത്ത്: ഒമാനിലെ യുവാക്കൾക്കിടയിൽ ശാസ്ത്ര പരിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകൾ വളർത്തുന്നതിനുംവേണ്ടി ഇന്ത്യൻ സയൻസ് ഫോറം (ഐ.എസ്.എഫ്) സംഘടിപ്പിക്കുന്ന വാർഷിക സയൻസ് ഫിയസ്റ്റ മേയ് 17, 18 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അൽ ഹെയിൽ കാമ്പസിലായിരിക്കും പരിപാടി. ലോകപ്രശസ്ത പരിസ്ഥിതി വിദഗ്ധൻ ഡോ. മുരളി തുമ്മാരുകുടിയാണ് ഈ വർഷത്തെ വിശിഷ്ടാഥിതി. ശാസ്ത്ര രംഗത്തെ തുമ്മാരകുടിയുടെ സംഭാവനകൾ പരിഗണിച്ച് ഐ.എസ്.എഫിന്റെ ഈ വർഷത്തെ ‘ഡോ. എ.പി.ജെ. അബ്ദുൽ കലാം സയൻസ് ആൻഡ് ടെക്നോളജി അച്ചീവ്മെൻറ് അവാർഡ്’ നൽകി അദ്ദേഹത്തെ ആദരിക്കും. കാലാവസ്ഥാ വ്യതിയാനത്തിനുള്ള സുസ്ഥിര പരിഹാരങ്ങളെക്കുറിച്ച് പ്രവർത്തിക്കുന്ന ഒമാനി ശാസ്ത്രജ്ഞയും പരിസ്ഥിതി അഭിഭാഷകയുമായ റുമൈത അൽ ബുസൈദി വിശിഷ്ടാതിഥിയായും പങ്കെടുക്കും.
എൻവയോൺമെൻറ് സൊസൈറ്റി ഓഫ് ഒമാനിലെ ഏക പരിസ്ഥിതി എൻ.ജി.ഒയുടെ എക്സിക്യൂട്ടിവ് ബോർഡ് ഡയറക്ടർ കൂടിയാണ് അവർ. മറ്റ് പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. രണ്ട് ദിവസത്തെ പരിപാടിയിൽ ക്ഷണിക്കപ്പെട്ട വ്യക്തികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളുൾപ്പെടെ ഏകദേശം 4000ത്തോളംപേർ മേളയിൽ എത്തുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. വിവിധ ശാസ്ത്ര മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളുടെ നേട്ടങ്ങൾ കാണാനുള്ള മികച്ച അവസരമാണ് ഈ പരിപാടി. പ്രദർശനത്തിലേക്കും ചടങ്ങിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്. സയൻസ് ഫിയസ്റ്റ വിദ്യാർഥികൾക്ക് അവരുടെ അറിവും ശാസ്ത്രത്തോടുള്ള അഭിനിവേശവും പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ്.
വിദ്യാർഥികൾക്ക് ശാസ്ത്രത്തെക്കുറിച്ച് കൂടുതലറിയാനും പ്രമുഖ ശാസ്ത്രജ്ഞരിൽനിന്നും വിദഗ്ധരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാനുമുള്ള അവസരമാണിതെന്നും സംഘാടകർ പറഞ്ഞു. ആദ്യ ദിനത്തിൽ വിവിധ ശാസ്ത്ര പരിപാടികൾ, രണ്ടാം ദിവസം രാവിലെ ശാസ്ത്ര പ്രദർശനം, ഫൈനൽ ക്വിസ് മത്സരവും ഉച്ചക്ക് ശേഷം മുരളി തുമ്മാരക്കുടി വിവിധ സ്കൂളിലെ വിദ്യാർഥികളുമായി സംവദിക്കും. പരിപാടിയുടെ ഭാഗമായി നടത്തിയ ശാസ്ത്ര പ്രതിഭകളെയും വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഹാർദിക് സക്സേന (ഇന്ത്യൻ സ്കൂൾ സൂർ), മിഥിൽ സദാശിവം, (ഇന്ത്യൻ സ്കൂൾ ഗൂബ്ര), മാൻവിക് ബിശ്വാസ്, (ഇന്ത്യൻ സ്കൂൾ മബേല), എസ്. സൃജൻ ഹരീഷ്, (ഇന്ത്യൻ സ്കൂൾ ബൗഷർ), സ്നികിത കർ (ഇന്ത്യൻ സ്കൂൾ മസ്കത്ത്), കനിഷ് അരവിന്ദ്, (ഇന്ത്യൻ സ്കൂൾ സീബ്), സൈന ഫാത്തിമ (ഇന്ത്യൻ സ്കൂൾ സലാല) എന്നിവരാണ് വിവിധ ഇന്ത്യൻ സ്കൂളുകളിലെ അഞ്ച് മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ ശാസ്ത്ര പ്രതിഭ വിജയികൾ.
എല്ലാവിവിധ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. യുവതയെ പരിപോഷിപ്പിക്കുന്നതിനും എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കിടയിൽ ശാസ്ത്രത്തോടുള്ള അഭിനിവേശം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപടി നടത്തുന്നത്. ഇന്ത്യൻ സ്കൂളുകളിൽനിന്നും പ്രഗത്ഭരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്ന ശാസ്ത്ര പ്രതിഭ , ഇഗ്നൈറ്റർ സയൻസ് ക്വിസ്, സയൻസ് ഡിബേറ്റുകൾ, ഓൺ ദി സ്പോട് സയൻസ് പ്രോജക്ട്, ഡിജിറ്റൽ സിമ്പോസിയം, സയൻസ് എക്സിബിഷൻ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ വിദ്യാർഥികൾക്ക് തങ്ങളുടെ ശാസ്ത്രാഭിരുചിയും പ്രതിഭയും തെളിയിക്കുന്നതിനുള്ള വലിയ വേദിയാണ് ഐ.എസ്.എഫ് സയൻസ് ഫിയസ്റ്റ എന്ന് സംഘാടകർ പറഞ്ഞു.
ഓരോവർഷവും പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് വിദ്യാർഥികളുടെ ശാസത്രത്തോടുള്ള താൽപര്യമാണ് പ്രകടമാക്കുന്നത്. ഈ വർഷം 3000 വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഈ പരിപാടിയുടെ തുടക്കം മുതലേ മികച്ച വിജയമാക്കുന്നതിന് പിന്തുണ നൽകുന്ന ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്കും ഇന്ത്യൻ സ്കൂൾ ബോർഡിനും നന്ദി അറിയിക്കുകയാണെന്ന് ഇന്ത്യൻ സയൻസ് ഫോറം ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
ഐ.എസ്.എഫ് വൈസ് ചെയർമാൻ ഭാസ്കരൻ, ജനറൽ സെക്രട്ടറി ടി. സുരേഷ് അക്കമ്മടത്തിൽ, ജനറൽ കോഓഡിനേറ്റർ ലത ശ്രീജിത്ത്, ജോയൻറ് സെക്രട്ടറി എം.എം. റഷീദ്, കോഓഡിനേറ്റർ ഹാല പി. ജമാൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.